കോഴിക്കോട്: കോണ്‍ഗ്രസില്‍ നിന്ന് കുറച്ചു പേര്‍ കൂടി പുറത്തു പോകാനുണ്ടെന്ന് കെ. മുരളീധരന്‍ എം.പി. കെ.പി.സി.സി നിര്‍വാഹക സമിതി അംഗം പി.വി. ബാലചന്ദ്രന്‍ പാര്‍ട്ടി വിട്ടതിനെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘കോണ്‍ഗ്രസില്‍ നിന്ന് കുറച്ചുപേര്‍ കൂടി പോകാനുണ്ട്. പിന്നെ എല്ലാം ശരിയാവും,’ അദ്ദേഹം പറഞ്ഞു.
വയനാട് മുന്‍ ഡി.സി.സി പ്രസിഡന്റായ പി.വി. ബാലചന്ദ്രന്‍ ചൊവ്വാഴ്ചയാണ് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചത്. കോണ്‍ഗ്രസിന്റെ ദേശീയ, സംസ്ഥാന നേതൃത്വങ്ങള്‍ പരാജയപ്പെട്ടതോടെ അണികള്‍ക്ക് പ്രതീക്ഷ നഷ്ടപ്പെട്ടെന്നാണ് പി.വി. ബാലചന്ദ്രന്റെ കുറ്റപ്പെടുത്തല്‍.
ഭാവി തീരുമാനം രണ്ട് ദിവസത്തിനകം പ്രഖ്യാപിക്കും. സി.പി.ഐ.എം പ്രവേശനം തള്ളുന്നില്ലെന്നും ബാലചന്ദ്രന്‍ പറഞ്ഞു.
2019 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മുതലാണ് പി.വി. ബാലചന്ദ്രന്‍ കോണ്‍ഗ്രസ് നേതൃത്വവുമായി അകല്‍ച്ചയിലായത്. കല്‍പ്പറ്റയില്‍ വയനാട് ജില്ലയ്ക്ക് പുറത്തുള്ള ടി. സിദ്ദിഖിനെ സ്ഥാനാര്‍ത്ഥിയാക്കിയതും ബാലചന്ദ്രനെ ചൊടിപ്പിച്ചു.
ഏറ്റവും ഒടുവില്‍ ബത്തേരി അര്‍ബന്‍ സഹകരണ ബാങ്കിലെ കൈക്കൂലി വിവാദത്തില്‍ ബാലചന്ദ്രനെതിരെയുള്ള ഡി.സി.സി അന്വേഷണ റിപ്പോര്‍ട്ട് കൂടി പുറത്തുവന്നതോടെ നേതൃത്വത്തിനെതിരെ കടന്നാക്രമിച്ച് രംഗത്തെത്തി.
ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ ബാങ്ക് നിയമനങ്ങളില്‍ കൈക്കൂലി വാങ്ങിയെന്നായിരുന്നു ആരോപണം. ബി.ജെ.പിയെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിനാകുന്നില്ലെന്നും പിണറായി വിജയന്‍ മികച്ച നേതാവാണെന്നും ബാലചന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.
കെ.എസ്.യു മുതല്‍ തുടങ്ങിയ 52 വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധമാണ് പി.വി. ബാലചന്ദ്രന്‍ അവസാനിപ്പിച്ചത്.