ന്യൂസിലാന്‍ഡും ഇന്ത്യയും തമ്മിലുള്ള രണ്ടാം ഏകദിന മത്സരം സൗരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ന്യൂസിസലാന്‍ഡ് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. നിലവില്‍ ആദ്യ ഇന്നിങ്സ് അവസാനിച്ചപ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 284 റണ്‍സാണ് ഇന്ത്യ നേടിയത്. നിലവില്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡ് 15 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 64 റണ്‍സാണ് നേടിയത്.
അതേസമയം കെ.എല്‍. രാഹുല്‍ നടത്തിയ പോരാട്ടത്തിലാണ് ഇന്ത്യ സ്‌കോര്‍ ഉയര്‍ത്തിയത്. പുറത്താകാതെ 92 പന്തില്‍ നിന്ന് 11 ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 112 റണ്‍സാണ് താരം സ്വന്തമാക്കിയത്. 121.74 എന്ന സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരം ഇന്ത്യയുടെ സ്‌കോര്‍ ഉയര്‍ത്തിയത്. ഇതോടെ ഏകദിന ഫോര്‍മാറ്റില്‍ തന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ രേഖപ്പെടുത്താനും രാഹുലിന് സാധിച്ചിരുന്നു. ഇത് രണ്ടാം തവണയാണ് രാഹുല്‍ ഉയര്‍ന്ന സ്‌കോറിലേക്ക് എത്തിച്ചേര്‍ന്നത്.
മാത്രമല്ല 2026ല്‍ ഇന്ത്യയ്ക്ക് വേണ്ടി ആദ്യ സെഞ്ച്വറി നേടിക്കൊടുത്ത രാഹുല്‍ മറ്റൊരു കിടിലന്‍ റെക്കോഡും സ്വന്തമാക്കിയിരിക്കുകയാണ്. രാജ് കോട്ടില്‍ ഏകദിന സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ താരമാകാനാണ് താരത്തിന് സാധിച്ചത്.
ഏകദിനത്തില്‍ എട്ടാം സെഞ്ച്വറി പൂര്‍ത്തിയാക്കിയതോടെ ശുഭ്മന്‍ ഗില്ലിനൊപ്പമെത്താനും താരത്തിന് സാധിച്ചിരിക്കുകയാണ്. എട്ട് സെഞ്ച്വറികളാണ് ഗില്ലിനുള്ളത്. മുന്‍ താരം അസറുദ്ദീനെ മറികടന്നാണ് രാഹുല്‍ ഈ നേട്ടത്തില്‍ എത്തിച്ചേര്‍ന്നത്.