പാലക്കാട്: ലൈംഗികാരോപണ വിവാദത്തില്‍ പാര്‍ട്ടി നടപടി നേരിട്ട രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയ്‌ക്കൊപ്പം വേദി പങ്കിട്ട് വൈദ്യുതി മന്ത്രിയും ജെ.ഡി.എസ് നേതാവുമായ കെ. കൃഷ്ണന്‍കുട്ടി. പാലക്കാട് ജില്ലാ പട്ടയ മേളയിലാണ് ചിറ്റൂര്‍ എം.എല്‍.എ കൂടിയായ കൃഷ്ണന്‍കുട്ടി രാഹുലിനൊപ്പം വേദി പങ്കിട്ടത്. കോങ്ങാട് എം.എല്‍.എ ശാന്തകുമാരിയും വേദിയിലുണ്ടായിരുന്നു.
തനിക്കെതിരായ ലൈംഗികാരോപണ പരാതി ഉയര്‍ന്നതിന് പിന്നാലെ ഇതാദ്യമായാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഒരു മന്ത്രിയ്ക്കും എം.എല്‍.എയ്ക്കുമൊപ്പം വേദി പങ്കിടുന്നത്.
കഴിഞ്ഞ ദിവസം, രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പം ബി.ജെ.പി നേതാവും പാലക്കാട് നഗരസഭ അധ്യക്ഷയുമായ പ്രമീള ശശിധരന്‍ പങ്കെടുത്തത് വലിയ വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു. നഗരത്തിലെ സ്റ്റേഡിയം ബൈപ്പാസ് റോഡ് ഉദ്ഘാടനത്തിലാണ് രാഹുലിനൊപ്പം പ്രമീള ശശിധരന്‍ പങ്കെടുത്തത്.
അതേസമയം നേതൃത്വത്തെ അറിയിക്കാതെയാണ് പ്രമീള ശശിധരന്‍ പരിപാടിയില്‍ പങ്കെടുത്തത് എന്നാണ് ബി.ജെ.പി ജില്ലാ നേതൃത്വം നല്‍കുന്ന വിശദീകരണം.
നേരത്തെ നഗരസഭയുടെ പരിപാടിയില്‍ പങ്കെടുക്കരുതെന്ന് ചൂണ്ടിക്കാട്ടി വൈസ് ചെയര്‍പേഴ്‌സണ്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എക്ക് കത്ത് നല്‍കിയിരുന്നു.
ഇതിന് മുമ്പും രാഹുല്‍ മാങ്കൂട്ടത്തില്‍ പൊതുപരിപാടികളില്‍ പങ്കെടുത്തിരുന്നു. കണ്ണാടി പഞ്ചായത്തില്‍ കോണ്‍ഗ്രസിന്റെ മൂന്ന് വാര്‍ഡുകളില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പൊതുപരിപാടിയില്‍ പങ്കെടുത്തിരുന്നു. വാര്‍ഡുകളിലെ പള്‍സ് പോളിയോ തുള്ളി മരുന്ന് നല്‍കുന്നതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചതും രാഹുല്‍ മാങ്കൂട്ടത്തിലായിരുന്നു.
എം.എല്‍.എ വരുന്ന വിവരം അവസാന നിമിഷമാണ് ആളുകളെ അറിയിച്ചത്. പാലക്കാട് നഗരസഭയിലെ 36-ാം വാര്‍ഡിലെ കുടുംബശ്രീ വാര്‍ഷികം, ബാലസദസ് തുടങ്ങിയ ചടങ്ങുകളിലും രാഹുല്‍ മാങ്കൂട്ടത്തില്‍ പങ്കെടുത്തിരുന്നു. ഈ മാസമാദ്യം കെ.എസ്.ആര്‍.ടി.സി ബംഗളൂരു ബസ് രാഹുല്‍ ഫ്‌ളാഗ് ഓഫ് ചെയ്തത് വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു.
Content Highlight: Minister K. Krishnankutty sharing the stage with Rahul Mankootatil