'ഇയാള്‍ നമ്മളെ കുഴപ്പത്തിലാക്കും,' ജലീല്‍ സംസാരിക്കുന്നതിന് മുമ്പ് കെ.കെ. ശൈലജയുടെ ആത്മഗതം; പറഞ്ഞത് തെറ്റിദ്ധരിക്കപ്പെട്ടുവെന്ന് പിന്നാലെ വിശദീകരണം
Kerala News
'ഇയാള്‍ നമ്മളെ കുഴപ്പത്തിലാക്കും,' ജലീല്‍ സംസാരിക്കുന്നതിന് മുമ്പ് കെ.കെ. ശൈലജയുടെ ആത്മഗതം; പറഞ്ഞത് തെറ്റിദ്ധരിക്കപ്പെട്ടുവെന്ന് പിന്നാലെ വിശദീകരണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 23rd August 2022, 6:30 pm

തിരുവനന്തപുരം: നിയമസഭയില്‍ കെ.ടി. ജലീല്‍ സംസാരിക്കുന്നതിന് മുമ്പ് കെ.കെ. ശൈലജ നടത്തിയ ആത്മഗതം സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. ഇയാള്‍ നമ്മളെ കുഴപ്പത്തിലാക്കുമെന്നായിരുന്നു ടീച്ചറുടെ പരമാര്‍ശം. മൈക്ക് ഓണാണെന്ന് അറിയാതെയായിരുന്നു ശൈലജ ടീച്ചറുടെ പരാമര്‍ശം

ലോകായുക്ത(ഭേദഗതി)ബില്‍ സബ്ജക്ട് കമ്മിറ്റിക്ക് അയക്കാനുള്ള പ്രമേയം അവതരിപ്പിക്കുന്നതിനിടെയായിരുന്നു സംഭവം. നിയമഭേദഗതി ചര്‍ച്ചയില്‍ ശൈലജ സംസാരിച്ച് പൂര്‍ത്തിയാകുമ്പോഴേക്കും ജലീല്‍ സംസാരിക്കാന്‍ എഴുന്നേറ്റിരുന്നു. ഇതോടെ ജലീലിന് വഴങ്ങി സീറ്റില്‍ ഇരിക്കുന്നതിനിടെയാണ് ഇത്തരത്തിലുള്ള പരാമര്‍ശമുണ്ടായത്.

എന്നാല്‍, താന്‍ പറഞ്ഞ വാചകം തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പ്രചരിക്കപ്പെടുന്നുവെന്ന് കെ.കെ. ശൈലജ ഇതിന് മറുപടി നല്‍കി. പ്രസംഗ സമയം നഷ്ടപ്പെടുമല്ലോ എന്നോര്‍ത്ത് പറഞ്ഞ വാചകമാണ്, ജലീലിന് എതിരാണെന്ന ആക്ഷേപം കഴമ്പില്ലാത്തതാണെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു.

ശൈലജ ടീച്ചറുടെ വിശദീകരണം

നിയമസഭയില്‍ ചൊവ്വാഴ്ച ലോകായുക്ത (ഭേദഗതി) ബില്‍ സബ്ജക്ട് കമ്മറ്റിക്ക് അയക്കാനുള്ള പ്രമേയം അവതരിപ്പിച്ചത് ഞാനാണ്. പ്രസംഗത്തിനിടെ ബഹു അംഗം കെ.ടി. ജലീല്‍ ഒരു ചോദ്യം ഉന്നയിച്ചു. അതിനു വഴങ്ങി സീറ്റില്‍ ഇരിക്കുമ്പോള്‍, പ്രസംഗ സമയം നഷ്ടപ്പെടുമല്ലോ എന്നോര്‍ത്ത് അടുത്തിരുന്ന സ. സജി ചെറിയാനോട് പറഞ്ഞ ഒരു വാചകം തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ പ്രചരിപ്പിക്കപ്പെടുന്നത് ഖേദകരമാണ്. അത് ഡോ. ജലീലിനെതിരാണെന്ന ആക്ഷേപം കഴമ്പില്ലാത്തതും ദുരുപദിഷ്ടവുമാണ്.