'തോമസൂട്ടി വിട്ടോടാ....' ഫേസ്ബുക്കിലെ അപവാദ പ്രചരണം; സച്ചിന്‍ദേവ് എം.എല്‍.എക്കെതിരെ പരാതി നല്‍കി കെ.കെ. രമ എം.എല്‍.എ
Kerala News
'തോമസൂട്ടി വിട്ടോടാ....' ഫേസ്ബുക്കിലെ അപവാദ പ്രചരണം; സച്ചിന്‍ദേവ് എം.എല്‍.എക്കെതിരെ പരാതി നല്‍കി കെ.കെ. രമ എം.എല്‍.എ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 18th March 2023, 10:59 am

കോഴിക്കോട്: സമൂഹമാധ്യമങ്ങളിലൂടെ അപവാദ പ്രചരണം നടത്തിയെന്ന് ആരോപിച്ച് സച്ചിന്‍ദേവ് എം.എല്‍.എക്കെതിരെ പരാതി നല്‍കി കെ.കെ.രമ എം.എല്‍.എ. സച്ചിന്‍ദേവ് പങ്കുവെച്ച പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതം നിയമസഭാ സ്പീക്കര്‍ക്കും സൈബര്‍ സെല്ലിനും പരാതി നല്‍കി.

നിയമസഭയിലുണ്ടായ സംഘര്‍ഷത്തിന് പിന്നാലെ കെ.കെ. രമയുടെ പരിക്ക് വ്യാജമാണെന്ന രീതിയില്‍ സച്ചിന്‍ ദേവ് പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ ഈ പ്രചരണം സി.പി.ഐ.എം സൈബര്‍ അണികളുടെ നിലവാരത്തിലുള്ളതാണെന്ന് കെ.കെ. രമ ആരോപിച്ചു.

‘ഇന്‍ ഹരിഹര്‍ നഗറിനും, ടു ഹരിഹര്‍ നഗറിനും ശേഷം ലാല്‍ സംവിധാനം ചെയ്ത മറ്റൊരു ചിത്രമായിരുന്നു ഇന്‍ ഗോസ്റ്റ് ഹൗസ് ഇന്‍.

ഇതില്‍ ഇടത് കയ്യിലുണ്ടായിരുന്ന തിരുമുറിവ് വലത് കയ്യിലേക്ക് മാറിപ്പോകുന്ന സീനുമായി ഇന്ന് സഭയില്‍ നടന്ന സംഭവങ്ങള്‍ക്ക് സാദൃശ്യം തോന്നിയിട്ടുണ്ടെങ്കില്‍ ക്ഷമിക്കണം….തോമസൂട്ടി വിട്ടോടാ..’,എന്നാണ് കഴിഞ്ഞ ദിവസം സച്ചിന്‍ ദേവ്, രമയുടെ ചിത്രത്തോടൊപ്പം ഫേസ്ബുക്കില്‍ പങ്കുവെച്ചത്.

എന്നാല്‍ വീഡിയോ കണ്ടാല്‍ ആളുകള്‍ക്ക് അറിയാമെന്നും ഭരണപ്രതിപക്ഷ എം.എല്‍.എമാര്‍ ഉളളിടത്ത് ഒരു വ്യക്തിയെ മാത്രം വളഞ്ഞിട്ടാക്രമിക്കുകയാണുണ്ടായതെന്നും രമ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

‘അദ്ദേഹത്തിനെന്നോട് നേരിട്ട് ചോദിക്കാമായിരുന്നു. പകരം അവാസ്തവമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണ്. ആദ്യം പ്ലാസ്റ്ററിട്ടു, പിന്നെ പത്ത് മിനുട്ടിനകം പ്ലാസ്റ്റര്‍ മാറ്റി സ്ലിങ് ഇട്ടു. കൈ ചൂണ്ടി സംസാരിക്കുന്നു എന്നിങ്ങനെയാണ് ആരോപണം. എം.എല്‍.എയെ പോലൊരാള്‍ ഇങ്ങനെ ചെയ്യുന്നത് ശരിയല്ല,’ കെ.കെ. രമ കൂട്ടിച്ചേര്‍ത്തു.

content highlight: k.k rema complaint against sachindev