20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ്; സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് കൂടുതല്‍ ഉണര്‍വേകും; കെ ഫോണ്‍ യാഥാര്‍ഥ്യമാകുമ്പോള്‍ അറിയേണ്ടത്
Kerala News
20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ്; സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് കൂടുതല്‍ ഉണര്‍വേകും; കെ ഫോണ്‍ യാഥാര്‍ഥ്യമാകുമ്പോള്‍ അറിയേണ്ടത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 5th June 2023, 9:46 am

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ കെ ഫോണ്‍ തിങ്കളാഴ്ച മുതല്‍ യാഥാര്‍ഥ്യമാകും. തിരുവനന്തപുരത്ത് വൈകുന്നേരം നാല് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കും.

എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് എന്നതാണ് കെ ഫോണിന്റെ ലക്ഷ്യമെന്ന് സര്‍ക്കാര്‍ പറയുന്നു. ആദ്യഘട്ടത്തില്‍ മുപ്പതിനായിരം സര്‍ക്കാര്‍ സ്ഥാപനങ്ങളിലും 14,000 വീടുകളിലുമാണ് കെ ഫോണ്‍ ഇന്റര്‍നെറ്റ് ലഭ്യമാകുക.

പിന്നാക്ക വിഭാഗങ്ങള്‍ക്ക് സൗജന്യമായും ബാക്കിയുള്ളവര്‍ക്ക് മിതമായ നിരക്കിലുമാണ് ഇന്റര്‍നെറ്റ് ലഭ്യമാവുക. സര്‍ക്കാര്‍ സേവനങ്ങളെല്ലാം ജനങ്ങളുടെ വാതില്‍പ്പടിയിലെത്തുന്നതിന് കെ ഫോണ്‍ നെടുംതൂണാകുമെന്ന് സര്‍ക്കാര്‍ വിശ്വസിക്കുന്നു. സാമ്പത്തികപിന്നാക്കാവസ്ഥയിലുള്ള 20 ലക്ഷം കുടുംബത്തിന് സൗജന്യ ഇന്റര്‍നെറ്റ് ലഭ്യത ഉറപ്പാക്കും. ബാക്കി കുടുംബങ്ങള്‍ക്ക് കുറഞ്ഞ നിരക്കിലാണ് കണക്ഷന്‍ ലഭ്യമാക്കുക.

നിലവില്‍ എണ്ണൂറിലധികം സര്‍ക്കാര്‍ സേവനങ്ങള്‍ ഓണ്‍ലൈനിലുണ്ട്. ഇവക്കായി വ്യത്യസ്ത വെബ്സൈറ്റുകളുമുണ്ട്. സാര്‍വത്രിക ഇന്റര്‍നെറ്റ് സേവനം ഈ സംവിധാനങ്ങളുടെ മുന്നേറ്റത്തിന് കുതിപ്പേകുമെന്ന് സര്‍ക്കാര്‍ വിശ്വസിക്കുന്നു. പഞ്ചായത്ത്, വില്ലേജ് ഓഫീസുകളടക്കം ജനങ്ങള്‍ നേരിട്ടെത്തുന്ന ഓഫീസുകള്‍പോലും കെ ഫോണിന്റെ ഭാഗമാകും.

 

ഇന്റര്‍നെറ്റ് ഇല്ലാത്ത വീട് ഉണ്ടാകരുതെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്നാണ് സര്‍ക്കാരിന്റെ അവകാശവാദം. സൗജന്യമായോ കുറഞ്ഞ നിരക്കിലോ ലഭ്യമാകുന്ന ഇന്റര്‍നെറ്റ് തൊഴിലവസരങ്ങളുടെ വേലിയേറ്റം സൃഷ്ടിക്കുമെന്നും സര്‍ക്കാര്‍ കണക്കുകൂട്ടുന്നു.

സ്ത്രീകളും കുടുംബശ്രീ അംഗങ്ങള്‍ക്കുമുള്‍പ്പെടെ തൊഴിലവസരങ്ങളും വരുമാനവും ഉയര്‍ത്താന്‍ കെ ഫോണ്‍ സഹായകമാകും. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കടക്കം കെ ഫോണ്‍ പ്രയോജനപ്പെടുമെന്നും സര്‍ക്കാര്‍ പറയുന്നു.