കെ റെയിലും കടക്കെണിയും; പിണറായിയും സതീശനും എന്ത് ചെയ്യണം?
Silver Line Project
കെ റെയിലും കടക്കെണിയും; പിണറായിയും സതീശനും എന്ത് ചെയ്യണം?
ഫാറൂഖ്
Sunday, 9th January 2022, 3:13 pm
കെ റെയിലിന്റെ സാമ്പത്തികവിജയം നിശ്ചയിക്കുന്ന ഒരേ ഒരു ഘടകമേയുള്ളൂ, കേരളത്തിന്റെ ജി.ഡി.പി വളര്‍ച്ചാനിരക്ക്. അതാണ് ആരും ചര്‍ച്ച ചെയ്യാത്തതും. അതുകൊണ്ട് കേരളം ഇപ്പോള്‍ ഭരിക്കുന്നവരും ഭാവിയില്‍ ഭരിക്കാന്‍ സാധ്യതയുള്ളവരുമായ രാഷ്ട്രീയക്കാരോട്, പിണറായിയോടായാലും സതീശനോടായാലും നമ്മള്‍ ചോദിക്കേണ്ട ഒരേയൊരു ചോദ്യമേയുള്ളൂ, അടുത്ത 20 വര്‍ഷം കേരളത്തിന്റെ ശരാശരി ജി.ഡി.പി വളര്‍ച്ച എത്രയാണ് നിങ്ങള്‍ പ്ലാന്‍ ചെയ്യുന്നത്? 10ന് മുകളിലാണെങ്കില്‍ കെ റെയില്‍ വന്നോട്ടെ, ഇല്ലെങ്കില്‍ വേണ്ട.

എന്തുകൊണ്ടാണ് നമ്മുടെ ചെറുപ്പക്കാരൊക്കെ മൈഗ്രേഷനെക്കുറിച്ച് (കുടിയേറ്റം) ചിന്തിക്കുന്നതെന്ന് ആലോചിച്ചിട്ടുണ്ടോ. അല്ലെങ്കില്‍ നാട്ടിലെ കോണ്‍ഗ്രസുകാരും കമ്യൂണിസ്റ്റുകാരും സംഘികളും സുഡാപ്പികളുമൊക്കെ മക്കളെ അമേരിക്ക, കാനഡ, ന്യൂസിലാന്‍ഡ് തുടങ്ങി മിനിമം സൗദി, ദുബായ് വരെയെങ്കിലും കടത്താന്‍ ശ്രമിച്ചു കൊണ്ടേയിരിക്കുന്നത് എന്തിനെന്ന്?

ഒരുപാട് കാരണങ്ങള്‍ നിങ്ങളുടെ മനസില്‍ വരുന്നുണ്ടാകാം. പക്ഷെ എക്കണോമിസ്റ്റുകളുടെ ഭാഷയില്‍ പറഞ്ഞാല്‍ കുറഞ്ഞ വരുമാനക്കാരുടെ നാട്ടിലുള്ളവര്‍ ഉയര്‍ന്ന വരുമാനമുള്ളവരുടെ നാട്ടിലേക്ക് പോവുന്നു. സ്വാഭാവികം.

എക്കണോമിസ്റ്റുകള്‍ വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യങ്ങളെ നാലായി തിരിച്ചിട്ടുണ്ട്. ലോവര്‍ ഇന്‍കം, ലോവര്‍ മിഡില്‍ ഇന്‍കം, അപ്പര്‍ മിഡില്‍ ഇന്‍കം, ഹയര്‍ ഇന്‍കം. ലോവര്‍ ഇന്‍കം രാജ്യങ്ങളില്‍ (Lower Income Countries) പെടുന്നവയാണ് ഛാഡ്, എറിത്രിയ, സൊമാലി, ബുറുണ്ടി എന്നിവയൊക്കെ. അവരുടെ മാസവരുമാനം ശരാശരി 2000 രൂപ മുതല്‍ 6000 രൂപ വരെയാണ്. നിത്യ പട്ടിണിയാണെന്നര്‍ത്ഥം.

അതിന് തൊട്ടുമുകളിലാണ് ലോവര്‍ മിഡില്‍ ഇന്‍കം രാജ്യങ്ങള്‍ (Lower Middle Income Countries). നമ്മുടെ സ്വന്തം ഇന്ത്യ, അയല്‍പക്കക്കാരായ പാകിസ്ഥാന്‍, ബംഗ്ലാദേശ് മുതല്‍ ഹെയ്തി, ഫിലിപ്പീന്‍സ് തുടങ്ങിയവയൊക്കെ ഇതില്‍പ്പെടും. 6000 മുതല്‍ 25000 രൂപ വരെയാണ് ശരാശരി മാസ വരുമാനം. ഇന്ത്യയുടെത് 12000 രൂപ.

അതിന് മുകളില്‍ അപ്പര്‍ മിഡില്‍ ഇന്‍കം രാജ്യങ്ങള്‍ (Upper Middle Income Countries). അതിലാണ് ചൈന. ശരാശരി 70,000 രൂപയാണ് അവരുടെ മാസവരുമാനം. ഇന്തോനേഷ്യ, മലേഷ്യ, തുര്‍ക്കി, ക്യൂബ തുടങ്ങിയവയാണ് മറ്റ് രാജ്യങ്ങള്‍.

ഇതിന് മുകളിലാണ് ഹയര്‍ ഇന്‍കം രാജ്യങ്ങള്‍ (Higher Income Countries), ശരിക്കും പണക്കാര്‍. സ്വിറ്റ്‌സര്‍ലാന്‍ഡ് (ശരാശരി മാസാവരുമാനം 5 ലക്ഷം രൂപ), ഖത്തര്‍ (മൂന്നര ലക്ഷം), അമേരിക്ക (നാല് ലക്ഷം), ന്യൂസീലാന്‍ഡ് (രണ്ടര ലക്ഷം), കാനഡ (രണ്ടേ മുക്കാല്‍ ലക്ഷം), ഓസ്‌ട്രേലിയ (മൂന്നര ലക്ഷം) തുടങ്ങിയ യോഗ്യന്മാര്‍.    https://en.wikipedia.org/wiki/List_of_countries_by_GNI_(nominal)_per_capita

എല്ലാവര്‍ക്കും നല്ല ജീവിതം വേണം. നല്ല ജീവിതത്തിന് നല്ല വരുമാനം വേണം. ചിലവോ എന്ന് ചോദിക്കരുത്. കാരണം ചിലവ് എല്ലായിടത്തും ഒന്നാണ്. ആധുനിക ലോകത്ത് മനുഷ്യന് നന്നായി ജീവിക്കാന്‍ എന്തൊക്കെയാണ് വേണ്ടത്. നല്ല ഭക്ഷണം, ഡാറ്റ, ഓരോരുത്തര്‍ക്കും ഓരോ മുറിയുള്ള ഒരു വീട്, എയര്‍ കണ്ടീഷന്‍, ഫ്രിഡ്ജ്, കംപ്യൂട്ടര്‍, പൈപ്പ് വെള്ളം, മെഡിക്കല്‍ ഇന്‍ഷുറന്‍സ്, കാര്‍ അല്ലെങ്കില്‍ നല്ല പൊതുഗതാഗതം, മികച്ച വിദ്യാഭ്യാസ അവസരങ്ങള്‍. ഇതിനൊക്കെയുള്ള ബില്ല് അടക്കാന്‍ തക്ക വരുമാനമുള്ള ജോലി, ജോലി ചെയ്യാന്‍ കഴിയാത്തവരാണെങ്കില്‍ സോഷ്യല്‍ സെക്യൂരിറ്റി വരുമാനം.

ഇപ്പറഞ്ഞ എല്ലാത്തിനും ലോകത്തെവിടെയും ചിലവ് ഏകദേശം ഒന്നാണ്. ഒട്ടുമിക്ക സാധനങ്ങളും ചൈനയില്‍ നിന്നാണ് വരുന്നത്. ടെക്‌നോളജി മിക്കതും അമേരിക്കയില്‍ നിന്നും, ഇന്ധനം ഏറെക്കുറെ ഗള്‍ഫില്‍ നിന്നും. നികുതിയില്‍ മാത്രമേ കാര്യമായ വ്യത്യാസമുള്ളൂ. ഒരു ഫ്രിഡ്ജിന്റെ വില ഷിക്കാഗോയിലും റിയാദിലും കൊച്ചിയിലും ഏകദേശം ഒന്നാണ്. ഒരു ചിക്കന്‍ ബിരിയാണി കഴിക്കാന്‍ കോഴിക്കോട് പാരഗണിലും ദുബായ് പരാഗണിലും ഒരേ കാശ് കൊടുക്കണം.

ലോകത്തെ മനുഷ്യര്‍ക്ക് മുഴുവന്‍ ഒരേ ചിലവും, വരവില്‍ കാര്യമായ വ്യത്യാസവും ഉണ്ടാകുമ്പോള്‍ ആളുകള്‍ എന്ത് ചെയ്യും? കൂടുതല്‍ വരുമാനമുള്ളിടത്തേക്ക് കുടിയേറാന്‍ ശ്രമിക്കും. അതുകൊണ്ടാണ് ഹയര്‍ ഇന്‍കം രാജ്യങ്ങളുടെ എംബസികള്‍ക്ക് മുന്നില്‍ നമ്മുടെ നാട്ടുകാര്‍ ക്യൂ നില്‍ക്കുന്നത്, അല്ലെങ്കില്‍ അസംഖ്യം റിക്രൂട്ട്‌മെന്റ് തട്ടിപ്പുകളില്‍ ചെന്ന് പെടുന്നത്.

അത്, വ്യക്തികള്‍ എന്ന നിലയില്‍ ഓരോരുത്തരും രക്ഷപ്പെടാന്‍ ചെയ്യുന്നതാണ്. ഭരിക്കുന്നവര്‍ എന്ത് ചെയ്യണം? പൗരന്മാരുടെ വരുമാനം ഉയര്‍ത്താന്‍ ശ്രമിക്കണം. എന്ന് പറഞ്ഞാല്‍ ഇന്ത്യയെ ഇപ്പോഴുള്ള ലോവര്‍ മിഡില്‍ ഇന്‍കം രാജ്യം എന്നതില്‍ നിന്നും ആദ്യം അപ്പര്‍ മിഡില്‍ ഇന്‍കം രാജ്യമാക്കണം, പിന്നെ ഹയര്‍ ഇന്‍കം രാജ്യമാക്കണം.

എളുപ്പത്തിന് വേണ്ടി പറഞ്ഞാല്‍ ആദ്യം ഇന്ത്യയെ ചൈനയാക്കണം, അതുകഴിഞ്ഞ് അമേരിക്കയാക്കണം. കണക്ക് പറഞ്ഞാല്‍ നമ്മുടെ 12,000 രൂപ വരുമാനം ഉയര്‍ത്തി ആദ്യം ചൈനയുടെ 70,000 രൂപയിലെത്തിക്കണം, അതുകഴിഞ്ഞ് അമേരിക്കയുടെ നാല് ലക്ഷം രൂപയിലെത്തിക്കണം, പിന്നെ ആര്‍ക്കും എവിടെയും പോകേണ്ടി വരില്ല. എല്ലാവരും ഹാപ്പി.

അത് എങ്ങനെയാണ് സാധിക്കുക. അവിടെയാണ് ജി.ഡി.പി കടന്നുവരുന്നത്. പത്ത് വര്‍ഷം മുമ്പ് കണക്കാക്കിയത് പ്രകാരം, ഇന്ത്യയുടെ ജി.ഡി.പി 10 ശതമാനത്തില്‍ കൂടുതല്‍ 20 വര്‍ഷം വളര്‍ന്നാല്‍ ഇന്ത്യക്കാരുടെ വരുമാനം ഇപ്പോഴുള്ള ചൈനക്കാരന്റെ വരുമാനത്തിന് തുല്യമാകും. തുടര്‍ന്ന് പത്ത് വര്‍ഷം കൂടെ അതേപോലെ വളര്‍ന്നാല്‍ അമേരിക്കക്കാരുടേതിനും തുല്യമാകും.

മന്‍മോഹന്‍ സിംഗിന്റെ പത്ത് വര്‍ഷങ്ങളില്‍ ഏകദേശം 10 ശതമാനം വളര്‍ച്ച ഇന്ത്യ കൈവരിച്ചിരുന്നു. ആ സമയത്തായിരുന്നു ഇന്ത്യയില്‍ സമ്പന്നതയുടെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയത്, ഇന്ത്യ ചൈനയുടെ തൊട്ടടുത്തേക്കെത്തുന്നു എന്ന ഒരു തോന്നല്‍ ലോകത്തിനുണ്ടായത്.

അത് കഴിഞ്ഞ് മോദി വന്നു. നോട്ട് നിരോധനം വന്നു, ഇന്ത്യയുടെ ജി.ഡി.പി വളര്‍ച്ച മൂന്നും നാലും ഒക്കെയായി കുറഞ്ഞു. ഏകദേശം പത്ത് കൊല്ലം പാഴായി. കൂടുതല്‍ ഡാറ്റ വേണ്ടവര്‍ ദി ലോസ്റ്റ് ഡീകേഡ് (The Lost Decade) എന്ന പൂജ മെഹ്‌റയുടെ പുസ്തകം വായിക്കണം.

ഇനിയിപ്പം നമ്മുടെ വരുമാനം ചൈനക്കാരുടെ വരുമാനത്തിനടുത്തെത്താന്‍ ഇനിയും 20 കൊല്ലം കാത്തിരിക്കണം, അതും 10 ശതമാനത്തിന് മുകളില്‍ വളര്‍ച്ചയുണ്ടെങ്കില്‍. അതിനിടക്ക് കൊവിഡ് ലോക്ഡൗണ്‍ കൊണ്ടുണ്ടായ 25% തകര്‍ച്ചയില്‍ നിന്ന് തിരിച്ച് കയറണമെങ്കില്‍ അടുത്ത മൂന്ന്-നാല് കൊല്ലം 16%ന് മുകളില്‍ വളരണം. ഇതൊക്കെ നടക്കണമെങ്കില്‍ മന്‍മോഹന്‍ സിംഗിനെ പോലെയുള്ള ഒരു പ്രധാനമന്ത്രിയോ ധനമന്ത്രിയോ ഉണ്ടാകണം. അതൊന്നും അടുത്ത കാലത്തൊന്നും നടക്കാന്‍ പോകുന്നില്ല.

 

ഇനി കേരളത്തിലേക്ക്

മുകളില്‍ പറഞ്ഞ രണ്ട് കാര്യങ്ങളിലും നമ്മുടെ കേരളം പിന്നിലല്ല. ഇന്ത്യയുടെ ശരാശരി മാസവരുമാനം 12,000 ആയിരിക്കുമ്പോള്‍ കേരളത്തിന്റേത് 20,000 ആണ്. താരതമ്യത്തിന് വേണ്ടി പറഞ്ഞാല്‍ ഉത്തര്‍പ്രദേശിന്റേത് 6000വും ബിഹാറിന്റേത് 4000വും ഒക്കെയാണ്. മൂക്കില്ലാ രാജ്യത്ത് മുറിമൂക്കന്‍ രാജാവ്.
https://en.wikipedia.org/wiki/List_of_Indian_states_and_union_territories_by_GDP_per_capita

കേരളത്തെ ലോക നിലവാരവുമായി താരതമ്യം ചെയ്താല്‍ ഇറാന്‍, ഈജിപ്ത്, ടുണീഷ്യ എന്നിവയുടെ തൊട്ടുമുകളിലും ഫിലിപ്പൈന്‍സ്, ഫലസ്തീന്‍, ഇന്തോനേഷ്യ എന്നിവയുടെ തൊട്ടുതാഴെയായും വരും നമ്മള്‍. കേരളത്തിന്റെ ജി.ഡി.പി വളര്‍ച്ചാനിരക്കും മോശമല്ല. ഇന്ത്യന്‍ ശരാശരിയേക്കാള്‍ രണ്ടും മൂന്നും ശതമാനം സ്ഥിരമായി മുകളിലാണ്.

കെ റെയിലുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ ഇതൊക്കെ പറയുന്നതെന്തിനാണ് എന്നായിരിക്കും ഇപ്പോഴും നിങ്ങളുടെ അത്ഭുതം. ഈ ഡാറ്റകള്‍ ഇല്ലെങ്കില്‍ കെ റെയിലുമായി ബന്ധപ്പെട്ട രണ്ട് പ്രധാന ഘടകങ്ങള്‍ വിലയിരുത്താന്‍ പറ്റില്ല. ഒന്ന് കടം, രണ്ട് ലാഭം.

കടമെടുപ്പ് ഒരു തെറ്റല്ല. കടമെടുക്കലില്‍ റിസ്‌കുണ്ട്. വ്യക്തിയായാലും സ്ഥാപനമായാലും സംസ്ഥാനമായാലും രാജ്യമായാലും കടമെടുത്താണ് വളരുക. വളര്‍ന്ന് കഴിഞ്ഞാലേ കടമെടുക്കാവൂ എന്ന വാദത്തില്‍ യുക്തിയില്ല. പക്ഷെ കടമെടുക്കുന്നെങ്കില്‍ വളരുമെന്ന് ഉറപ്പ് വേണം. ഇല്ലെങ്കില്‍ ഉണ്ടാകുന്നതാണ് കടക്കെണി.

ഉദാഹരണത്തിന് എണ്‍പതുകളില്‍ നമ്മുടെ നാട്ടിലെ സാംസ്‌കാരിക നായകരുടെ പ്രഭാഷണങ്ങളില്‍ പ്രധാന ഐറ്റമായിരുന്നു ഇന്ത്യ ലോകബാങ്കിനും ഐ.എം.എഫിനും ഒക്കെ കൊടുക്കാനുള്ള പണത്തിന്റെ കണക്കും നമ്മുടെ പ്രതിശീര്‍ഷ കടവുമൊക്കെ. അവര്‍ പ്രകടിപ്പിച്ച ഉല്‍കണ്ഠ ശരിയായിരുന്നു എന്ന് തെളിയിച്ചാണ് ചന്ദ്രശേഖര്‍ പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഇന്ത്യ പൊന്ന് പണയം വെക്കാന്‍ വിമാനത്തില്‍ കേറ്റി സ്വിറ്റ്‌സര്‍ലാന്‍ഡിലേക്ക് കൊണ്ടുപോയത്.

ആ പ്രശ്‌നം പിന്നീട് എങ്ങനെ പരിഹരിച്ചു എന്ന് നോക്കണം. 1991ല്‍ മന്‍മോഹന്‍ സിംഗ് വന്നു. ഇന്ത്യ വളരാന്‍ തുടങ്ങി. രാജ്യത്തിന്റെ മൊത്തം സമ്പത്ത് വളരുമ്പോള്‍ ആനുപാതികമായി കടം ചെറുതായി വരും. മാത്രമല്ല, വളരുന്നവരോട് കടം കൊടുത്തയാള്‍ കാശ് തിരിച്ച് ചോദിക്കില്ല. അതെന്നായാലും കിട്ടുമെന്നറിയാം. വട്ടി പലിശക്ക് കടം കൊടുക്കുന്ന തമിഴന്‍ മുതല്‍ ലോകബാങ്ക് വരെ ഒരേ സ്വഭാവക്കാരാണ്. പണക്കാരെ ബുദ്ധിമുട്ടിക്കില്ല, ഗതിയില്ലാത്തവന്റെ കൊങ്ങക്ക് പിടിക്കും.

കേരളത്തിന് ഇപ്പോള്‍ തന്നെ അത്യാവശ്യം കടമുണ്ട്. കെ റെയിലിന് ശേഷം കടം കൂടും. കേരളം വളര്‍ന്ന് കൊണ്ടിരിക്കുകയാണെങ്കില്‍ വട്ടി പലിശക്കാരൊന്നും കൊങ്ങക്ക് പിടിക്കാന്‍ വരില്ല. നല്ല വളര്‍ച്ച, അതായത് 10 ശതമാനത്തിന് മുകളില്‍ അടുത്ത 20 വര്‍ഷം വളര്‍ന്നാല്‍ നമ്മുടെ പ്രതിശീര്‍ഷ വരുമാനം ചൈനക്കാരുടെ അടുത്തെത്തും. പിന്നെ ഈ കടമൊന്നും ഒരു കടമാവില്ല. മാത്രമല്ല ജപ്പാന്‍ കടം കൊടുക്കുന്നത് തിരിച്ചു കിട്ടാനല്ല. അവിടെ പണം കൂടിക്കൂടി ആര്‍ക്കും വേണ്ടാതായിട്ടുണ്ട്.

ജപ്പാനില്‍ ബാങ്കില്‍ പണമിടാന്‍ ബാങ്കുകാര്‍ക്ക് അങ്ങോട്ട് കാശ് വേറെ കൊടുക്കണം. നമ്മുടെ നാട്ടിലെ പണക്കാര്‍ കയ്യില്‍ പണം അധികമാകുമ്പോള്‍ സേലത്തും തേനിയിലുമൊക്കെ ആര്‍ക്കും വേണ്ടാത്ത സ്ഥലം വാങ്ങുന്നത് കണ്ടിട്ടില്ലേ, അതുപോലെ ഒരേര്‍പ്പാടാണ് ഇതൊക്കെ ജപ്പാന്‍കാരന്. ഒന്നുകൂടെ സോപ്പിട്ടാല്‍ ജപ്പാന്‍കാര്‍ ഇനിയും കാശിറക്കും. ആ കാശുകൊണ്ട് മൊത്തം റെയില്‍ തൂണിന് മുകളിലാക്കി പരിസ്ഥിതി പ്രശ്‌നവും പരിഹരിക്കാം.

അടുത്തത് ലാഭം. റെയില്‍ എങ്ങനെയാണ് ലാഭത്തിലാവുന്നത്? സിംപിള്‍, ആളുകള്‍ ടിക്കറ്റെടുത്ത് യാത്ര ചെയ്യുമ്പോള്‍. സ്പീഡ് ട്രെയിന്‍ വളരെ ചിലവുള്ള ഏര്‍പ്പാടാണ്. ആ ചിലവ് യാത്രക്കാരുടെ എണ്ണം കൊണ്ട് ഹരിച്ച് ചെറിയ ലാഭവും കൂടെ കൂട്ടിയാല്‍ ടിക്കറ്റ് നിരക്കായി. ഇപ്പോള്‍ നോക്കുമ്പോള്‍ അതൊരു വലിയ നിരക്കായി തോന്നും. പക്ഷെ നമ്മള്‍ ചൈനക്കാരെ പോലെ 70,000 രൂപ ശരാശരി മാസവരുമാനത്തിലെത്തുമ്പോള്‍ ആ ടിക്കറ്റ് തുക നിസ്സാരമായിരിക്കും.

ഒരു താരതമ്യം പറഞ്ഞാല്‍, എണ്‍പതുകളില്‍ ഒരു ബൈക്ക് വാങ്ങുന്നതും ഫ്‌ളൈറ്റ് ടിക്കറ്റ് എടുക്കുന്നതുമൊക്കെ സാധാരണക്കാരന് അപ്രാപ്യമായിരുന്നു, ഇന്നങ്ങനെയല്ല. വരവ് കൂടണം, ചിലവ് കൂടില്ല. അഥവാ വളര്‍ച്ച കൂടിയിട്ടില്ലെങ്കിലോ, നമ്മള്‍ പെട്ടു.

കേരളം ശരാശരി 10 ശതമാനത്തിന് മുകളില്‍ വളര്‍ച്ച കൈവരിച്ചില്ലെന്ന് വെക്കുക. കടം ഭീകരമായി നമ്മുടെ മുകളില്‍ നില്‍ക്കും. പിന്നെ കേരളത്തിന്റെ നികുതി വരുമാനം പലിശ കൊടുക്കാനെ തികയൂ, ശമ്പളം കൊടുക്കാന്‍ പിന്നെയും കടം വാങ്ങേണ്ടി വരും. വരുമാനം കൂടിയില്ലെങ്കില്‍ ആളുകള്‍ സ്പീഡ് ട്രെയിനില്‍ ടിക്കറ്റ് എടുക്കില്ല.

ഇപ്പോഴുള്ള ഇന്ത്യന്‍ റെയില്‍വേ ഒരു തുറന്ന കക്കൂസായി ഇന്ത്യ മുഴുവന്‍ നാറ്റിക്കുന്നത് എന്താണെന്നാണ് കരുതിയത്. കാശ് ചിലവാകും പക്ഷെ ടിക്കറ്റ് നിരക്ക് കൂട്ടാന്‍ പറ്റില്ല. ചാര്‍ജ് കൂട്ടിയാല്‍ വാങ്ങാന്‍ ഇന്ത്യക്കാരുടെ കയ്യില്‍ കാശില്ല. മാത്രമല്ല കേരളത്തില്‍ നല്ല വരുമാനമുള്ള ജോലി കിട്ടാനില്ലെങ്കില്‍ വിദ്യാഭ്യാസമുള്ളവരൊക്കെ സ്ഥലം വിടും, പിന്നെ കേരളത്തില്‍ വൃദ്ധന്മാരെ കാണൂ. അവര്‍ക്ക് അധികം യാത്ര ചെയ്യാനൊന്നും കാണില്ല.

ഇപ്പോള്‍ തന്നെ കേരളത്തിലെ പല ടൗണുകളിലും പ്രായമുള്ളവരെ ഉള്ളൂ. ജനനനിരക്ക് കുറഞ്ഞും വരുന്നു. അപ്പോള്‍ സ്പീഡ് ട്രെയിനില്‍ കയറാന്‍ ആളുകള്‍ പുറത്തുനിന്ന് വരണം. പുറത്തുനിന്ന് ആളുകള്‍ വരണമെങ്കില്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൂലി നല്ലവണ്ണം കൂടുതലായിരിക്കണം. ഇപ്പോള്‍ അങ്ങനെയല്ല എന്നല്ല, ആ വ്യത്യാസം ഇനിയും കൂടണം.

ദുബായില്‍ ജോലി ചെയ്യുന്ന പുറംനാട്ടുകാര്‍ ഷാര്‍ജയില്‍ താമസിക്കുന്നത് പോലെ, ന്യൂയോര്‍ക്കില്‍ ജോലി ചെയ്യുന്നവര്‍ ന്യൂജെഴ്‌സിയില്‍ താമസിക്കുന്നത് പോലെ, കൊച്ചിയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ചെങ്ങന്നൂരോ കോഴിക്കോട് ജോലി ചെയ്യുന്നവര്‍ക്ക് കാസര്‍ഗോഡോ താമസിക്കേണ്ടി വരുന്ന വിധത്തില്‍ നമ്മുടെ നഗരങ്ങള്‍ വികസിക്കണം.

ചുരുക്കി പറഞ്ഞാല്‍ കെ റെയിലിന്റെ സാമ്പത്തികവിജയം നിശ്ചയിക്കുന്ന ഒരേ ഒരു ഘടകമേയുള്ളൂ, കേരളത്തിന്റെ ജി.ഡി.പി വളര്‍ച്ചാനിരക്ക്. അതാണ് ആരും ചര്‍ച്ച ചെയ്യാത്തതും.

അതുകൊണ്ട് കേരളം ഇപ്പോള്‍ ഭരിക്കുന്നവരും ഭാവിയില്‍ ഭരിക്കാന്‍ സാധ്യതയുള്ളവരുമായ രാഷ്ട്രീയക്കാരോട്, പിണറായിയോടായാലും സതീശനോടായാലും നമ്മള്‍ ചോദിക്കേണ്ട ഒരേയൊരു ചോദ്യമേയുള്ളൂ, അടുത്ത 20 വര്‍ഷം കേരളത്തിന്റെ ശരാശരി ജി.ഡി.പി വളര്‍ച്ച എത്രയാണ് നിങ്ങള്‍ പ്ലാന്‍ ചെയ്യുന്നത്? 10ന് മുകളിലാണെങ്കില്‍ കെ റെയില്‍ വന്നോട്ടെ, ഇല്ലെങ്കില്‍ വേണ്ട.

ഫാറൂഖിന്‍റെ മറ്റ് ലേഖനങ്ങള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: K Farooq writes about the K Rail-Silver Line Project and the GDP growth of Kerala

ഫാറൂഖ്
ഡാറ്റ സെക്യൂരിറ്റി കൺസൾട്ടന്റ് ആയി ജോലി ചെയ്യുന്നു. സഞ്ചാരി. ഒരു ചരിത്ര നോവലിന്റെ പണിപ്പുരയിൽ