സോഷ്യല്‍ മീഡിയ സ്‌ക്രീനിങ്: മുന്‍വിധിക്കാരന്‍, വിദ്വേഷ പ്രചാരകന്‍, സോഷ്യോപാത്ത് - എന്താണ് നിങ്ങളുടെ സ്റ്റാറ്റസ്?
Opinion
സോഷ്യല്‍ മീഡിയ സ്‌ക്രീനിങ്: മുന്‍വിധിക്കാരന്‍, വിദ്വേഷ പ്രചാരകന്‍, സോഷ്യോപാത്ത് - എന്താണ് നിങ്ങളുടെ സ്റ്റാറ്റസ്?
ഫാറൂഖ്
Monday, 13th January 2020, 10:22 pm

‘അവര്‍ നമ്മുടെ ഭൂമിയെല്ലാം വാങ്ങി കൂട്ടുന്നു. പണമെല്ലാം അവരുടെ കയ്യിലാണ്. അവര്‍ നമ്മുടെ സ്ത്രീകളെ മുഴുവന്‍ വശീകരിക്കുന്നു. ആനുകൂല്യങ്ങളെല്ലാം അവര്‍ കയ്യടക്കുന്നു. അവരുടെ ജനസംഖ്യ ക്രമാതീതമായി വര്‍ധിക്കുന്നു. തൊഴിലവസരങ്ങള്‍ മുഴുവന്‍ അവര്‍ക്കാണ്. ഇങ്ങനെ പോയാല്‍ ഇരുപത് വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ നമ്മള്‍ക്കും നമ്മുടെ മക്കള്‍ക്കും ഇവിടെ ജീവിക്കാനാവില്ല. എന്തെങ്കിലും ചെയ്‌തേ പറ്റൂ’

ഇത് ഇന്ന് രാവിലെ നിങ്ങള്‍ക്ക് വാട്‌സാപ്പില്‍ വന്ന മെസ്സേജിലെ അതേ വരികളല്ലേ എന്നാണ് ന്യായമായും നിങ്ങളുടെ സംശയം, തെറ്റ്. ഇത് മുപ്പതുകളില്‍ നാസികള്‍ ജൂതന്മാര്‍ക്കെതിരെ വിതരണം ചെയ്തിരുന്ന ലഘുലേഖയുടെ സംക്ഷിത രൂപമാണത്. സത്യത്തില്‍ കഴിഞ്ഞ പത്തഞ്ഞൂറു വര്‍ഷമായി മാറാതെ നില്‍ക്കുന്ന ഒന്നേയുള്ളൂ, വിദ്വേഷ പ്രചാരണങ്ങളിലെ വരികളും വാക്കുകളും.

അമേരിക്കയിലെ കറുത്തവര്‍ക്കെതിരെ വെളുത്തവരും, റുവാണ്ടയിലെ ടുട്‌സികള്‍ക്കെതിരെ ഹുതുകളും, ശ്രീലങ്കയിലെ തമിഴര്‍ക്കെതിരെ സിംഗളരും, കെനിയയിലെ ഇന്ത്യക്കാര്‍ക്കെതിരെ കറുത്തവരും പ്രിന്റ് ചെയ്യുന്ന ലഘുലേഖകള്‍ മുഴുവന്‍ ഇങ്ങനെ തന്നെ. ഒരേ വാക്കുകള്‍, ഒരേ വാചകങ്ങള്‍.

നൂറു വര്‍ഷം കഴിഞ്ഞാലും ഇതിങ്ങനെ തന്നെയായിരിക്കും, മാറ്റമുള്ളത് ലഘുലേഖ വിതരണം ചെയ്യാനുള്ള ടെക്‌നോളജിയില്‍ മാത്രം.

എണ്‍പതുകളില്‍ ഒരു പ്രിന്റിങ് പ്രസ്സില്‍ ജോലി ചെയ്തിരുന്ന ഒരു സുഹൃത്ത് പറഞ്ഞ കഥയാണ്. പ്രായമായ ഒരാള്‍ ഒരു നോട്ടീസ് പ്രിന്റ് ചെയ്യാന്‍ വന്നു, തന്റെ ജാതിയില്‍ പെട്ടവര്‍ക്ക് രഹസ്യമായി വിതരണം ചെയ്യാനുള്ള നോട്ടീസ് ആണ്.

തങ്ങളുടെ പറമ്പിലും മറ്റും പണിയെടുക്കാന്‍ വരുന്ന വേറൊരു ജാതിയില്‍ പെട്ട ആണുങ്ങള്‍ക്ക് നല്ല ‘മസില്‍’ ഉണ്ട്, അത് കൊണ്ട് തങ്ങളുടെ ജാതിയില്‍ പെട്ട പെണ്ണുങ്ങള്‍ അവരില്‍ വശംവദരായി പോവാനുള്ള സാധ്യതയുണ്ട്. എല്ലാവരും ശ്രദ്ധിക്കണം എന്നതാണ് നോട്ടീസിന്റെ കാതല്‍. അന്നൊക്കെ പ്രിന്റിങ് പ്രസ്സിന്റെ പേര് നോട്ടീസില്‍ വെക്കണമെന്ന നിയമം ഉണ്ടായിരുന്നു. പേടിച്ച സുഹൃത്ത് അത് പ്രിന്റ് ചെയ്തു കൊടുത്തില്ല.

ആ കാരണവര്‍ വീടിന്റെ ഉമ്മറത്തിരുന്നു ആ വഴി പോകുന്ന സ്വജാതിക്കാരോട് ഇക്കാര്യം പറയും. പരമാവധി പത്തോ പതിനഞ്ചോ പേരേ ഉണ്ടാകൂ. അതില്‍ ഒന്നോ രണ്ടോ പേര്‍ അത് കാര്യമായി എടുത്തിട്ടുണ്ടാകും. അത്രയേയുള്ളൂ.

ഇന്ന് അതേ  കാരണവര്‍ക്ക് ആ സന്ദേശം സ്വജാതിക്കാരില്‍ എത്തിക്കണമെങ്കില്‍ പ്രിന്റിങ് പ്രസ്സില്‍ പോവേണ്ട. വാട്‌സാപ്പില്‍ ആ മെസ്സേജ് ടൈപ്പ് ചെയ്തു ആയിരം പേര്‍ക്കയക്കാന്‍ അഞ്ചു മിനുട്ട് വേണ്ട. ഫേസ്ബുക്കിലും ട്വിറ്ററിലും അതേ സമയം പോസ്റ്റ് ചെയ്യുകയും ചെയ്യാം. കാരണവര്‍ക്ക് ഭാഗ്യമുണ്ടെങ്കില്‍ അത് വൈറല്‍ ആകുകയും ചെയ്യും. ടെലിവിഷന്‍കാര്‍ ചര്‍ച്ചക്കും വിളിക്കും.

ചിലരൊക്കെ പണ്ട് പൊതു കക്കൂസുകളുടെ ചുമരുകളില്‍ ഇത്തരം മെസ്സേജുകള്‍ എഴുതി വക്കാറുണ്ടായിരുന്നു, പത്തോ നൂറോ പേര് വായിക്കുമായിരുന്നിരിക്കും.

നമ്മള്‍ വളര്‍ന്നത് മുന്‍വിധികളുടെ ലോകത്താണ്. ഒരു പ്രത്യേക ജാതിയില്‍ പെട്ടവര്‍ രാത്രി കുറ്റിചൂട്ടും കത്തിച്ചു ഒരു ജാഥ പോലെ വരുമെന്നും വീടുകള്‍ കയറി കൊള്ളയടിക്കുമെന്നും കരുതി രാത്രി ഇടക്കിടെ എണീറ്റ് നോക്കുന്ന പ്രായമുള്ള ഒരു സ്ത്രീയെ അറിയാം.

ചില ജാതിക്കാര്‍ക്ക് വൃത്തിയില്ല, മറ്റു ചില ജാതിക്കാര്‍ക്ക് പ്രത്യേക തരം നാറ്റമുണ്ട് എന്നതൊക്കെ നമ്മള്‍ കേട്ടതാണ്. ഇത്തരം മുന്‍വിധികള്‍ നമ്മള്‍ വളരുകയും ഹോസ്റ്റലില്‍ ഒക്കെ താമസിച്ചു മറ്റുള്ളവരുമായി ഇടപെടുകയും വായിക്കുകയുമൊക്കെ ചെയ്യുമ്പോള്‍ മാറും. ചില മുന്‍വിധികളൊക്കെ മരണം വരെ നമ്മുടെ കൂടെ ഉണ്ടാകും, ചിലതൊക്കെ നമ്മള്‍ അടുത്ത തലമുറക്ക് കൈമാറും.

പാശ്ചാത്യര്‍ അവരുടെ പുസ്തകങ്ങളിലൂടെയും സിനിമകളിലൂടെയും ഇത്തരം കാര്യങ്ങള്‍ അഭിമുഖീകരിക്കാറുണ്ട്. ‘അമേരിക്കന്‍-ഹിസ്റ്ററി-എക്‌സ്’, ‘ദി ബിലീവര്‍’ തുടങ്ങിയ സിനിമകള്‍ ഉദാഹരണം. തന്റെ അച്ഛനില്‍ നിന്നും മറ്റു കൂട്ടുകാരില്‍ നിന്നും നിരന്തരം കറുത്ത വര്‍ഗക്കാര്‍ക്കെതിരെയുള്ള വിദ്വേഷം കേട്ട് വളര്‍ന്ന ഒരു യുവാവ് രണ്ടു കറുത്ത വര്‍ഗക്കാരെ കൊല്ലുന്നതും അയാളുടെ പിന്നീടുള്ള ജീവിതവുമാണ് ‘അമേരിക്കന്‍-ഹിസ്റ്ററി-എക്‌സ്’ എന്ന സിനിമ പ്രതിപാദിക്കുന്നത്.

മിക്കവാറും മുന്‍വിധികളും മുന്‍ധാരണകളും ഒന്നും നമ്മെ മോശം മനുഷ്യനാക്കില്ല. മറ്റു ചിലത് അങ്ങനെയല്ല, നേരത്തെ പറഞ്ഞ അമ്മാവന്‍ ഒരുദാഹരണം. മുന്‍ധാരണകളില്‍ തുടങ്ങി, അന്യ വിദ്വേഷം, പലതരം ഫോബിയകള്‍, വംശവെറി, അക്രമങ്ങള്‍ എന്നിങ്ങനെ പല രൂപങ്ങളിലേക്ക് അത് മാറും. പലപ്പോഴും നമ്മുടെ ജീവിതത്തെയും ജോലിയെയും കുടുംബ ജീവിതത്തെയും ഒക്കെ ബാധിച്ച ശേഷമേ ഏതവസ്ഥയിലാണ് നമ്മളെന്ന് നമുക്ക് തന്നെ മനസ്സിലാവൂ.

മലയാളിയുടെ ഈ കാലഘട്ടത്തിലെ പ്രധാന വിദ്വേഷ പ്രചാരണ മാധ്യമം വാട്‌സാപ്പ് ആണെന്നിരിക്കെ നമ്മുടെ മനസ്സില്‍ വിദ്വേഷം എത്ര അളവില്‍ ഉണ്ടെന്നും ചികിത്സയോ തെറാപ്പിയോ ആവശ്യമുണ്ടോ എന്നും പരിശോധിക്കാന്‍ ഏറ്റവും നല്ലതും വാട്‌സാപ്പ് ആണ്. കമ്പനിയില്‍ ജോലിക്കാരെ റിക്രൂട്ട് ചെയ്യുമ്പോള്‍ അവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പരിശോധിച്ചു വിലയിരുത്തുന്ന പതിവ് കോര്‍പറേറ്റുകള്‍ ആരംഭിച്ചിട്ടുണ്ട്. അക്കൂട്ടത്തില്‍ ഒരു കമ്പനി അവരുടെ എച്ച്. ആര്‍ വിഭാഗത്തിന് നല്‍കിയ നിര്‍ദേശങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് താഴെ പറയുന്ന ലെവലുകള്‍ നിശ്ചയിച്ചിരിക്കുന്നത്.

 

ലെവല്‍ 0 : ഈ ലെവലില്‍ അധികം ആളുകളൊന്നും ഉണ്ടാകില്ല. ഇവര്‍ മുന്‍വിധികളോ അന്യ-വിദ്വേഷമോ ആസ്വദിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യാത്തവരാണ്. ആരെങ്കിലും അവരെ ഏതെങ്കിലും വിദ്വേഷ പ്രചാരണ ഗ്രൂപ്പില്‍ ചേര്‍ത്താല്‍ അപ്പോള്‍ തന്നെ പുറത്തു പോകും. ഫേസ്ബുക്കിലോ ട്വിറ്ററിലോ അത്തരക്കാരെ ഫോളോ ചെയ്യില്ല. ചിലപ്പോഴക്കെ വിദ്വേഷ പ്രചാരകരെ തിരുത്താനും ശ്രമിക്കും.

ലെവല്‍ 1: മഹാ ഭൂരിപക്ഷം പേരും ഈ ലെവെലിലാണ്. കുടുംബ, സുഹൃത് സദസ്സുകളില്‍ ജാതി/മത വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തുന്നത് നാട്ടുനടപ്പായ സമൂഹത്തില്‍ ജീവിക്കുന്നവരെന്ന നിലക്ക് വാട്‌സാപ്പില്‍ ആരെങ്കിലും അങ്ങനെ ചെയ്യുമ്പോള്‍ ഇവര്‍ തിരുത്താന്‍ പോവാറില്ല. അതങ്ങനെ നടക്കട്ടെ എന്ന് വിചാരിക്കും. ചിലപ്പോഴൊക്കെ അത്തരം മെസ്സേജുകള്‍ ആസ്വദിക്കുകയും ചെയ്യും.

പക്ഷെ ഒന്നും ഫോര്‍വേര്‍ഡ് ചെയ്യുകയോ ഷെയര്‍ ചെയ്യുകയോ ഇല്ല. അങ്ങോട്ട് പോയി ഇത്തരം ഗ്രൂപ്പില്‍ ചേരുകയില്ല, എന്നാല്‍ ആരെങ്കിലും ചേര്‍ത്താല്‍ സ്വയം പുറത്തു പോകുകയും ഇല്ല. നമ്മള്‍ കാണുന്ന മിക്കവാറും ഈ ലെവലില്‍ ആണ്.

ലെവല്‍ 2: ഈ ലെവെലിലുള്ളവര്‍ വിദ്വേഷ സന്ദേശങ്ങള്‍ ആസ്വദിക്കുക മാത്രമല്ല, ഫോര്‍വേര്‍ഡ്/ഷെയര്‍ ചെയ്യുകയും ചെയ്യും. ഇവര്‍ സ്വന്തമായി വിദ്വേഷ സന്ദേശങ്ങള്‍ ഉണ്ടാക്കില്ല, പക്ഷെ മറ്റുള്ളവരില്‍ നിന്ന് ലഭിക്കുന്ന സന്ദേശങ്ങള്‍ പരമാവധി ആളുകളില്‍ എത്തണമെന്ന് ആഗ്രഹിക്കുന്നവരാണ്. ഇവര്‍ വിദ്വേഷ ഗ്രൂപ്പുകളില്‍ അങ്ങോട്ട് പോയി ചേരും, ഫേസ്ബുക്കിലെ വിദ്വേഷ പ്രചാരകരെ ഫോളോ ചെയ്യുകയും ചെയ്യും.

ഈ ലെവലിലും ഇതിന് മുകളിലും ഉള്ളവര്‍ക്കാണ് കമ്പനികള്‍ ജോലി നിഷേധിക്കാന്‍ തുടങ്ങുന്നത്. ഇവര്‍ ജോലി സ്ഥലത്തു പ്രശ്‌നങ്ങളൊന്നും ഉണ്ടാക്കാന്‍ സാധ്യത ഇല്ലെങ്കിലും ഇവര്‍ക്ക് ചെയ്യുന്ന ജോലിയില്‍ ശ്രദ്ധിക്കാന്‍ കഴിയില്ല. ഇവരുടെ കുടുംബ/സൗഹൃദ ബന്ധങ്ങളിലും ക്രമേണ വിള്ളല്‍ വീണു തുടങ്ങും.

ഇവര്‍ ചികില്‍സ തേടേണ്ട ലെവലില്‍ എത്തി എന്ന് പറയാന്‍ പറ്റില്ല. സുഹൃത്തുക്കളുമായി ഇടപെടുക, ഫുട്‌ബോള്‍ കളിക്കുക, വായിക്കുക തുടങ്ങിയവ ഇത്തരക്കാരെ ലെവല്‍-1 ല്‍ എത്താന്‍ സഹായിക്കും. ശ്രദ്ധിച്ചില്ലെങ്കില്‍ ഇവരുടെ അവസ്ഥ മോശമാകാനും ലെവല്‍-3 ല്‍ എത്താനും മതി.

ലെവല്‍ 3: ഇവരാണ് വിദ്വേഷ പ്രചാരകര്‍ (hate monger ) എന്ന് വിളിക്കപെടുന്നവര്‍. നമ്മള്‍ തുടക്കത്തില്‍ പരാമര്‍ശിച്ച അമ്മാവന്റെ വാട്‌സാപ്പ് രൂപം. ഇവരുടെ തലച്ചോറിലാണ് നമ്മള്‍ കാണുന്ന വിദ്വേഷ മെസ്സേജുകള്‍ മുഴുവന്‍ നിര്‍മ്മിക്കപ്പെടുന്നത്. സ്വയം അരക്ഷിതത്വം പേറി ജീവിക്കുന്നവരായിരിക്കും ഇവര്‍. കുടുംബ ജീവിതത്തിലും ജോലി സ്ഥലത്തും പരാജയപ്പെട്ടവരാവാന്‍ നല്ല സാധ്യതയുണ്ട്. ഇവരാണ് വാട്‌സാപ്പിലും ഫേസ്ബുക്കിലും വിദ്വേഷ ഗ്രൂപ്പുകള്‍ ഉണ്ടാക്കുന്നത്.

ഇവരെയാണ് സോഷ്യല്‍ മീഡിയയില്‍ ഏറ്റവും അധികം ആളുകള്‍ ഫോളോ ചെയ്യുന്നത്. ഇവരുടെ സന്ദേശങ്ങളാണ് വാട്‌സാപ്പിന്റെ അധോലോകം. ഇവര്‍ സാധാരണ ഗതിയില്‍ സോഷ്യല്‍ മീഡിയയ്ക്ക് പുറത്തു പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നവരല്ല, പക്ഷെ ഇവര്‍ പടച്ചു വിടുന്ന മെസ്സേജുകള്‍ വായിച്ചാണ് മറ്റു ചിലര്‍ തല്ലി കൊല്ലാനും കലാപമുണ്ടാക്കാനും പോകുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഈ ലെവെലിലോ മുകളിലോ ഉള്ളവര്‍ക്ക് സോഷ്യല്‍ മീഡിയ സ്‌ക്രീനിംഗ് ഉള്ള ഒരു കമ്പനിയും ജോലി നല്‍കില്ല. ഇവര്‍ക്ക് കൗണ്‍സിലിങ് ആവശ്യമുണ്ട്. അടുത്ത കുടുംബക്കാരും സുഹൃത്തുക്കളും ഇവരുടെ കാര്യത്തില്‍ വളരെ ശ്രദ്ധ പുലര്‍ത്തണം.

ലെവല്‍ 4: ഈ ഘട്ടം മുതലാണ് വിദ്വേഷം വാട്‌സാപ്പ് വിട്ടു പുറത്തേക്ക് വരാന്‍ തുടങ്ങുന്നത്. ഇവര്‍ ജോലി സ്ഥലത്തോ മറ്റു പൊതു സ്ഥലങ്ങളിലോ അന്യ വംശ/മത ക്കാരെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കും. സ്വയം റേസിസ്റ്റ് ആണെന്ന് പ്രഖ്യാപിക്കുന്ന ചിഹ്നങ്ങള്‍ ധരിക്കാന്‍ തുടങ്ങും.

തല മൊട്ടയടിച്ചു സ്വസ്തിക വരച്ചു വയ്ക്കുക, ഹിറ്റ്‌ലറുടെ പടം പച്ച കുത്തുക, ചില പ്രത്യക രീതിയില്‍ വസ്ത്രം ധരിക്കുക, ചില പ്രത്യകം ചരടുകള്‍ കെട്ടുക തുടങ്ങിയവ. ഇവര്‍ സോഷ്യല്‍ മീഡിയയില്‍ ആളുകളെ തെറിവിളിക്കുക, മത/വംശ/ജാതി വൈരം പടര്‍ത്തുന്ന മെസ്സേജുകള്‍ പോസ്റ്റ് ചെയ്യുക, ഏതു പ്രശ്‌നത്തിലും വര്‍ഗീയമായ ഒരു തലം കണ്ടു പിടിക്കുക തുടങ്ങിയ പണികള്‍ മുഴുവന്‍ സമയവും ചെയ്തു കൊണ്ടിരിക്കും.

ഇവര്‍ മറ്റുള്ളവരെ ആക്രമിക്കുന്ന നിലയിലേക്ക് എത്തിയിട്ടില്ല, പക്ഷെ മറ്റുള്ളവരുടെ വേദനയില്‍ സന്തോഷിക്കുന്നവരായിരിക്കും. ചികില്‍സിക്കാതിരുന്നാല്‍ ഇവര്‍ അപകടകാരികളാവും. ഇവര്‍ക്ക് മനഃശാത്രജ്ഞന്റെ സേവനം വേണം, ഒരു പക്ഷെ മരുന്നുകളും.

ലെവല്‍ 5: ഈ ഘട്ടത്തിലാണ് ആന്റി സോഷ്യല്‍ ഡിസോര്‍ഡര്‍ അഥവാ എ പി ഡി എന്ന രൂപത്തില്‍ ഒരാള്‍ എത്തുന്നത്. സോഷ്യോപാത്ത്, സയ്ക്കോപത്ത്, സാഡിസ്റ്റ് തുടങ്ങിയ പേരുകളില്‍. ഈ അവസ്ഥകള്‍ ജന്മനാ ഉള്ളതാവാനും വഴിയുണ്ട്. അവസരം കിട്ടിയാല്‍ ഇവര്‍ മറ്റുള്ളവരെ ആക്രമിക്കും. സാമൂഹിക പ്രശ്‌നങ്ങളും കലാപങ്ങളും ഉണ്ടാക്കുന്നവര്‍ ഇവരാണ്. പഠനങ്ങള്‍ തെളിയിക്കുന്നത് ഇവരുടെ തലച്ചോറിന്റെ vmPFC എന്ന ഭാഗത്തുള്ള സെല്ലുകളുടെ പ്രവര്‍ത്തനം കുറവായിരിക്കും എന്നതാണ്. ഈ ഭാഗത്താണ് കാരുണ്യം, സഹാനുഭൂതി, സഹതാപം തുടങ്ങിയ വികാരങ്ങള്‍ ഉണ്ടാവുന്നത്.

ചികില്‍സിക്കാന്‍ കഴിയുന്ന ഘട്ടം കഴിഞ്ഞവരാണ് ഇവര്‍ എന്നാണ് മിക്ക മനഃശാത്രജ്ഞരും പറയുന്നത്. ഇവരെ തെറാപ്പിയിലൂടെ നിയന്ത്രിച്ചു നിര്‍ത്തുകയാണ് ചെയ്യുക.

മുകളില്‍ പറഞ്ഞ എല്ലാ ലെവെലിലും ഉള്ള ആളുകളെ നമുക്ക് സോഷ്യല്‍ മീഡിയയില്‍ ആവശ്യം പോലെ കാണാന്‍ കഴിയും. നമ്മുടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും കൂടാതെ നമ്മള്‍ പിന്തുടരുന്ന പലരും ലെവല്‍ മൂന്നിന്റെ മുകളില്‍ എത്തിക്കഴിഞ്ഞു എന്ന് മനസ്സിലാക്കാന്‍ അവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ഒരു പ്രാഥമിക പരിശോധന നടത്തിയാല്‍ മതിയാകും. നമുക്ക് പരിചയമില്ലാത്തവരാണെങ്കില്‍ അവരെ അണ്‍-ഫോളോ ചെയ്താല്‍ നമ്മുടെ ബാധ്യത തീര്‍ന്നു, പക്ഷെ അത് നമ്മുടെ സുഹൃത്തോ സഹോദരനോ നമ്മള്‍ തന്നെയോ ആണെങ്കിലോ ?

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സോഷ്യല്‍ മീഡിയ സ്‌ക്രീനിങ് ഇപ്പൊ എല്ലാ റിക്രൂട്ടിട്‌മെന്റിലും അനുവദനീയമാണ്. സാധാരണ കമ്പനികള്‍ മുതല്‍ പോലീസ്, ഐ ബി തുടങ്ങി എല്ലാവരും സോഷ്യല്‍ മീഡിയയിലെ പോസ്റ്റുകള്‍ നോക്കി തുടങ്ങിയിട്ടുണ്ട് ഇപ്പോള്‍. ചില രാജ്യങ്ങള്‍ വിസ കൊടുക്കുന്ന ഫോമില്‍ വരെ ഫേസ്ബുക്ക് ഐഡി ചോദിക്കുന്നുണ്ട്. നമ്മുടെ വേണ്ടപ്പെട്ടവരും സുഹൃത്തുക്കളും നമ്മള്‍ തന്നെയും മുകളില്‍ പറഞ്ഞ ഏതു ലെവലില്‍ ആണിപ്പോള്‍ എന്നറിഞ്ഞിരിക്കുന്നതും അതിനനുസരിച്ചു ചികില്‍സിക്കുന്നതും എല്ലാവരുടെയും ആവശ്യമാണ്.

പിന്‍കുറിപ്പ് : കല്യാണം കഴിക്കാനിരിക്കുന്ന പെണ്‍കുട്ടികളോടാണ്. കല്യാണം കഴിക്കാന്‍ പോകുന്നയാളുടെ ജോലി, കുടുംബം, സാഹചര്യങ്ങള്‍ എന്നിവ നോക്കുന്നതിനു പുറമെ സോഷ്യല്‍ മീഡിയ ആക്ടിവിറ്റി കൂടെ നോക്കുന്നത് നന്നായിരിക്കും. രണ്ടോ മൂന്നോ കൊല്ലത്തേക്ക് ജോലിക്ക് റിക്രൂട്ട് ചെയ്യുന്ന കമ്പനികള്‍ പോലും ഉദ്യോഗാര്‍ത്ഥിയുടെ സോഷ്യല്‍ മീഡിയ പരിശോധിക്കുന്ന സ്ഥിതിക്ക് ജീവിതം മുഴുവന്‍ ഒന്നിച്ചു ജീവിക്കേണ്ട നിങ്ങള്‍ക്ക് തീര്‍ച്ചയായും അതാവാം.

നിങ്ങള്‍ കല്യാണം കഴിക്കാന്‍ ഉദ്ദേശിച്ചയാള്‍ നിരന്തരമായി അന്യ ദേശ/വംശ/ജാതി/മത-ക്കാര്‍ക്കെതിരെ പോസ്റ്റുകള്‍ ഇടുകയോ ഷെയര്‍ ചെയ്യുകയോ ചെയ്യുന്ന ആളാണെങ്കില്‍ അയാളുടെ തലച്ചോര്‍ വിദ്വെഷം കൊണ്ട് നിറഞ്ഞതായിരിക്കും. ഇന്നല്ലെങ്കില്‍ നാളെ ആ വിദ്വെഷം നിങ്ങളെ തേടിയെത്തും. തൊഴില്‍ മേഖലയില്‍ അയാള്‍ പരാജയപ്പെടും, സാമൂഹികമായി ഒറ്റപ്പെടും. അക്രമിക്കുകയോ അക്രമിക്കപെടുകയോ ചെയ്യും. ചിലപ്പോള്‍ ജയിലില്‍ എത്തി പെടും. നിങ്ങളുടെ ജീവിതം നരകമായി തീരും. അത്തരം ബന്ധങ്ങള്‍ ഇപ്പോള്‍ തന്നെ വേണ്ടെന്നു വക്കുന്നതാകും നല്ലത്.

 

ഫാറൂഖ്
ഡാറ്റ സെക്യൂരിറ്റി കൺസൾട്ടന്റ് ആയി ജോലി ചെയ്യുന്നു. സഞ്ചാരി. ഒരു ചരിത്ര നോവലിന്റെ പണിപ്പുരയിൽ