താഴേത്തട്ടില്‍ കോണ്‍ഗ്രസില്ല, നൂറ് കണക്കിന് ഭാരവാഹികള്‍ മാത്രമാണുള്ളത്, അവരെ കണ്ടാല്‍ പോലും ആര്‍ക്കുമറിയില്ല: കെ.സി ജോസഫ്
Kerala News
താഴേത്തട്ടില്‍ കോണ്‍ഗ്രസില്ല, നൂറ് കണക്കിന് ഭാരവാഹികള്‍ മാത്രമാണുള്ളത്, അവരെ കണ്ടാല്‍ പോലും ആര്‍ക്കുമറിയില്ല: കെ.സി ജോസഫ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 4th May 2021, 10:16 am

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വലിയ പരാജയമേറ്റുവാങ്ങിയതിന് പിന്നാലെ യു.ഡി.എഫ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ.സി ജോസഫ്. 41 സീറ്റില്‍ മാത്രമായി ചുരുങ്ങിപ്പോയത് എന്തുകൊണ്ടാണെന്ന് കോണ്‍ഗ്രസ് നേതൃത്വം പരിശോധിക്കണമെന്നും പുനസംഘടന വേണമെന്നും കെ.സി ജോസഫ് ആവശ്യപ്പെട്ടു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ 2016ല്‍ അന്ന് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന് നേരെ വലിയ വിവാദങ്ങളുയര്‍ന്നിട്ടും അതിനേക്കാള്‍ സീറ്റ് യു.ഡി.എഫിനും കോണ്‍ഗ്രസിനും കുറഞ്ഞിരിക്കുകയാണ് ഇപ്പോള്‍. അത് എന്തുകൊണ്ടാണെന്ന് പരിശോധിച്ച് പരിഹാരമാര്‍ഗങ്ങള്‍ സ്വീകരിച്ചില്ലെങ്കില്‍ കേരളത്തിലെ കോണ്‍ഗ്രസിന്റെ ഭാവി ഇരുളടഞ്ഞതായിരിക്കും.

തൊലിപ്പുറത്തെ ചികിത്സ ഒരിക്കലും പരിഹാരമാര്‍ഗമല്ല. 2019ലെ ലോക്‌സഭ വിജയത്തില്‍ മതിമറന്ന കോണ്‍ഗ്രസ് എല്ലാം നമ്മുടെ വഴിക്കാണെന്ന് ചിന്തിച്ചു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ പരാജയം എന്തുകൊണ്ടാണെന്ന് പരിശോധിക്കാന്‍ പോലും കോണ്‍ഗ്രസിന് സാധിക്കാതെ പോയി.

ആ പരാജയത്തെ കുറിച്ച് ആഴത്തിലുള്ള പഠനം നടത്താന്‍ പോലും കോണ്‍ഗ്രസ് തയ്യാറായില്ല. പ്രാദേശിക തെരഞ്ഞെടുപ്പാണ്, അവിടെ കക്ഷി രാഷ്ട്രീയത്തിന് പ്രാധാന്യമില്ല, വ്യക്തികളാണ് പ്രധാനം എന്നെല്ലാമുള്ള ഒഴിവുകഴിവുകള്‍ പറയുകയായിരുന്നു. ആ പരാജയത്തെ മൂടിവെയ്ക്കാന്‍ ശ്രമിച്ചു, അത് വലിയ പരാജയമായിപ്പോയി. അന്ന് തന്നെ ചുവരെഴുത്ത് വായിക്കാന്‍ തയ്യാറായെങ്കില്‍ ഈ പരാജയം ഒഴിവാക്കാന്‍ സാധിക്കുമായിരുന്നു.

കോണ്‍ഗ്രസിന്റെ സംഘടനാ ദൗര്‍ലബ്യമാണ് ഈ പരാജയത്തിന്റെ മുഖ്യകാരണം. സ്ഥാനാര്‍ത്ഥികളോടും ഡി.സി.സി പ്രസിഡന്റുമാരോടും റിപ്പോര്‍ട്ട് ആവശ്യപ്പെടണം. അടിയന്തരമായി രാഷ്ട്രീയകാര്യ സമിതി ചേരണം.

ഏറ്റെടുത്താലും ഇല്ലെങ്കിലും തോല്‍വിയില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് ഉത്തരവാദിത്തമുണ്ട്. കോണ്‍ഗ്രസ് ഹൈക്കമാന്റ് ആവശ്യമായ നടപടി സ്വീകരിക്കണം. അതേസമയം താഴേത്തട്ടില്‍ കോണ്‍ഗ്രസില്ല എന്ന കാര്യം മനസ്സിലാക്കണം. ജംബോ കമ്മിറ്റികളാണ് എല്ലാം, ഒരു ഡി.സി.സിയില്‍ 70 തൊട്ട് 100 ഭാരവാഹികള്‍. ആര്‍ക്കും ആരോടും ഉത്തരം പറയേണ്ട ഉത്തരവാദിത്തമില്ല.

കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരെ ആര്‍ക്കും കണ്ടാല്‍ അറിയില്ല. ആരാണ് സെക്രട്ടറിയെന്നോ വൈസ് പ്രസിഡന്റെന്നോ ആര്‍ക്കുമറിയില്ല. ഒരു മേജര്‍ ഓപ്പറേഷന്‍ കോണ്‍ഗ്രസിന് വേണം. മുല്ലപ്പള്ളി രാമചന്ദ്രനോ ഡി.സി.സി പ്രസിഡന്റുമാരോ മാത്രം രാജിസന്നദ്ധത അറിയിച്ചതുകൊണ്ട് കാര്യമില്ല. കോണ്‍ഗ്രസിന്റെ ദൗര്‍ലഭ്യം കണ്ടെത്തുകയും പുനസംഘടന നടത്തുകയും വേണം. സംഘടനാ തെരഞ്ഞെടുപ്പും നടക്കണം,’ കെ.സി ജോസഫ് പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: K C Joseph against Congress after UDF’s defeat in Kerala Election 2021