പത്താനപുരത്ത് യു.ഡി.എഫ്-ബി.ജെ.പി ഡീലെന്ന്; 2016 മുതലുള്ള കണക്കുകള്‍ നിരത്തി ഗണേഷ് കുമാര്‍
Kerala News
പത്താനപുരത്ത് യു.ഡി.എഫ്-ബി.ജെ.പി ഡീലെന്ന്; 2016 മുതലുള്ള കണക്കുകള്‍ നിരത്തി ഗണേഷ് കുമാര്‍
ആദര്‍ശ് എം.കെ.
Sunday, 10th May 2026, 3:16 pm

കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ബി.ജെ.പിയുമായി ഡീലുണ്ടാക്കിയെന്ന ആരോപണമുന്നയിച്ച് മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് (ബി) നേതാവുമായ കെ.ബി. ഗണേഷ് കുമാര്‍. ബി.ജെ.പി വോട്ടുകള്‍ യു.ഡി.എഫിന് മറിച്ചുനല്‍കിയെന്നാണ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ അദ്ദേഹം ആരോപിക്കുന്നത്.

മുന്‍ തെരഞ്ഞെടുപ്പുകളില്‍ ഇരുവര്‍ക്കും ലഭിച്ച വോട്ടുകളുടെ കണക്കുകള്‍ നിരത്തിയാണ് ഗണേഷ്‌കുമാര്‍ രംഗത്തെത്തിയത്.

2016ല്‍ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ ഭീമന്‍ രഘുവിന് 11,700 വോട്ടുകള്‍ ലഭിച്ചെന്നും 2021ലേക്കെത്തിയപ്പോള്‍ അത് 12,398 ആയി വര്‍ധിച്ചെന്നും ഗണേഷ് കുമാര്‍ ചൂണ്ടിക്കാട്ടി.

2025ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ 23,000ഓളം വോട്ടുകള്‍ സമാഹരിച്ചെന്നും എന്നാല്‍ ഈ തെരഞ്ഞെടുപ്പില്‍ അത് 7,031 ആയി കുറഞ്ഞുവെന്നും അദ്ദേഹം കണക്കുകള്‍ നിരത്തി വ്യക്തമാക്കി.

തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വിജയിച്ച പല പഞ്ചായത്ത് വാര്‍ഡുകളില്‍ ഇത്തവണ വോട്ടുകള്‍ രണ്ടക്കം പോലും കടന്നിട്ടില്ലെന്നും ഗണേഷ് കുമാര്‍ ചൂണ്ടിക്കാട്ടുന്നു.

പത്തനാപുരത്ത് സ്വാധീനമില്ലാത്ത ട്വന്റി-20 പാര്‍ട്ടിക്ക് ചക്ക ചിഹ്നത്തില്‍ സീറ്റ് നല്‍കിയത് ഈ ഡീലിന്റെ ഭാഗമാണെന്ന് അദ്ദേഹം ആരോപിച്ചു. എന്‍.ഡി.എ മുന്നണി പ്രചാരണ രംഗത്ത് പോലും സജീവമായിരുന്നില്ലെന്നും എല്‍.ഡി.എഫിനെ പരാജയപ്പെടുത്താന്‍ ഇരുകൂട്ടരും ചേര്‍ന്ന് പ്രവര്‍ത്തിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

യു.ഡി.എഫിനായി മത്സരിച്ച കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാലയാണ് ഇത്തവണ പത്താനാപുരത്ത് നിന്നും വിജയിച്ചത്. 8310 വോട്ടുകള്‍ക്കായിരുന്നു ചാമക്കാലയുടെ വിജയം.

പത്തനാപുരത്ത് മാത്രമല്ല, ബി.ജെ.പി വിജയിച്ച മൂന്ന് മണ്ഡലങ്ങളിലും സമാനമായ ഡീല്‍ നടന്നതായി ഗണേഷ് കുമാര്‍ ഫേസ്ബുക്ക് ആരോപിക്കുന്നു.

ചാത്തന്നൂര്‍, കഴക്കൂട്ടം, നേമം എന്നീ മൂന്ന് സ്ഥലങ്ങളിലും കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടുവെന്നും, കഴിഞ്ഞ പാര്‍ലമെന്റ്-തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ ലഭിച്ച വോട്ടുകള്‍ പോലും കോണ്‍ഗ്രസിന് ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

 

ഗണേഷ്‌കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

2016ല്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി ഭീമന്‍ രഘുവിന് ലഭിച്ച വോട്ട് 11,700. 2021ല്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് ലഭിച്ച വോട്ട് 12,398. 2025ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് മാത്രം നിയോജക മണ്ഡലത്തില്‍ നിന്നും ലഭിച്ചത് 23,000 ഓളം വോട്ടുകളാണ്.

ആ സ്ഥാനത്താണ് സംസ്ഥാനത്ത് ഇപ്രാവശ്യം മൂന്ന് സീറ്റുകളില്‍ ജയിച്ച ബി.ജെ.പിക്ക് പത്തനാപുരത്ത് ലഭിച്ചത് ആകെ 7,031 മാത്രം. അതും ബി.ജെ.പിക്ക് വേണ്ടി മത്സരിച്ചത് പത്തനാപുരത്ത് പ്രാതിനിധ്യമില്ലാത്ത ട്വന്റി-ട്വന്റി പാര്‍ട്ടിയും.

തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ജയിച്ച പല പഞ്ചായത്ത് വാര്‍ഡുകളില്‍ പോലും വോട്ടുകള്‍ രണ്ടക്കം കടക്കുവാന്‍ ബി.ജെ.പിക്ക് കഴിഞ്ഞിട്ടില്ല. ഇതില്‍ നിന്നുതന്നെ കാര്യം വ്യക്തമാണ്. പ്രചാരണ രംഗത്ത് പോലും സജീവമായി എന്‍.ഡി.എ മുന്നണി ഇല്ലായിരുന്നു. യു.ഡി.എഫ്-ബി.ജെ.പി ഡീലിന്റെ ഭാഗമായാണ് പത്തനാപുരം മണ്ഡലത്തിലും ഇരു കൂട്ടരും എല്‍.ഡി.എഫിന് എതിരെ പ്രവര്‍ത്തിച്ചത്.

ഇവിടെ ചക്ക ചിഹ്നത്തില്‍ ട്വന്റി-ട്വന്റിക്ക് സീറ്റ് നല്‍കിയത് വഴി അവരുടെ ഡീല്‍ ആരംഭിച്ചു. സംസ്ഥാനത്തിന്റെ പല ഭാഗത്തും ഇത്തരം ഡീലുകള്‍ ഉണ്ടായിരുന്നു. പാര്‍ട്ടികള്‍ക്ക് കിട്ടിയ വോട്ട് ഷെയറുകള്‍ നോക്കിയാല്‍ മനസിലാകും.

സംസ്ഥാനത്ത് തന്നെ ബി.ജെ.പി ജയിച്ച മൂന്ന് മണ്ഡലങ്ങളിലും രണ്ടാം സ്ഥാനത്ത് എത്തിയത് എല്‍.ഡി.എഫാണ്. വളരെ കുറഞ്ഞ വോട്ടുകള്‍ക്കാണ് മൂന്ന് സ്ഥലത്തും ബി.ജെ.പിക്ക് ജയിക്കാന്‍ കഴിഞ്ഞത്. മൂന്ന് സ്ഥലത്തും കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്താണ്. ആ സ്ഥലങ്ങളില്‍ കഴിഞ്ഞ പാര്‍ലമെന്റ്, തദ്ദേശ തെരഞ്ഞെടുപ്പുകളിലെ വോട്ടുകള്‍ പോലും കോണ്‍ഗ്രസിന് ലഭിച്ചില്ല.

 

Content Highlight: K.B. Ganesh Kumar alleges that the UDF made a deal with the BJP in the elections.

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.