ചെന്നൈ: വിചിത്ര പ്രഖ്യാപനവുമായി തമിഴ്‌നാട് ബി.ജെ.പി അധ്യക്ഷന്‍ കെ. അണ്ണാമലൈ. ഡി.എം.കെ സര്‍ക്കാരിനെ ഭരണത്തില്‍ നിന്ന് താഴെയിറക്കാതെ ഇനി ചെരുപ്പ് ധരിക്കില്ലെന്നാണ് അണ്ണാമലൈയുടെ തീരുമാനം.
ധരിച്ചിരുന്ന ഷൂസ് അഴിച്ചുമാറ്റിയായിരുന്നു ബി.ജെ.പി അധ്യക്ഷന്റെ പ്രഖ്യാപനം. അണ്ണാമലൈ സര്‍വകലാശാലയിലെ ലൈംഗികാതിക്രമ കേസ് കൈകാര്യം ചെയ്യുന്നതില്‍ സംസ്ഥാന പൊലീസ് പരാജയപ്പെട്ടുവെന്ന് ആരോപിച്ചാണ് തീരുമാനം.
പിന്നാലെ വരും ദിവസങ്ങളില്‍ താന്‍ 48 മണിക്കൂര്‍ വൃതമെടുക്കുമെന്നും ചാട്ടവാറടി നടത്തുമെന്നും കെ. അണ്ണാമലൈ അറിയിച്ചു. വെള്ളിയാഴ്ച രാവിലെ 10 മണിക്ക് തന്റെ വസതിക്ക് മുമ്പില്‍ ആറ് തവണ ചാട്ടവാറടി നടത്തുമെന്നാണ് അദ്ദേഹം അറിയിച്ചത്.
സംസ്ഥാനത്തെ വൃത്തികെട്ട രാഷ്ട്രീയം അവസാനിപ്പിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് പറഞ്ഞായിരുന്നു അണ്ണാമലൈയുടെ പ്രഖ്യാപനം. സര്‍ക്കാരിനെതിരെ മധ്യവര്‍ഗം പ്രക്ഷോഭം നടത്തണമെന്നും അണ്ണാമലൈ ആവശ്യപ്പെട്ടു.
അതേസമയം അണ്ണാ യൂണിവേഴ്സിറ്റി ക്യാമ്പസിനുള്ളില്‍ വെച്ച് വിദ്യാര്‍ത്ഥിനിയെ ബലാത്സംഗത്തിനിരയാക്കിയ കേസില്‍ പ്രതി പിടിയിലായിരുന്നു. യൂണിവേഴ്സിറ്റിക്ക് സമീപം ബിരിയാണി കച്ചവടം നടത്തുന്ന കോട്ടൂര്‍ സ്വദേശി ജ്ഞാനശേഖരന്‍ (37) എന്നയാളാണ് പിടിയിലായത്.
തിങ്കളാഴ്ച്ച രാത്രിയാണ് അണ്ണാ സര്‍വകലാശാല ക്യാമ്പസിലെ ലാബിന് സമീപത്തുവെച്ച് ബലാത്സംഗത്തിനിരയായത്. സീനിയറായ സുഹൃത്തിനൊപ്പം പള്ളിയില്‍ പോയി തിരിച്ചുവരുന്നതിനിടെയാണ് അതിക്രമം നടന്നത്.
സുഹൃത്തിനെ അജ്ഞാതരായ രണ്ട് പേര്‍ ചേര്‍ന്ന് മര്‍ദിച്ച് അവശനാക്കിയ ശേഷം പെണ്‍കുട്ടിയെ സമീപത്തുള്ള കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു.
Content Highlight: K Annamalai says he won’t wear footwear until DMK govt is ousted