കരിയറിലെ വഴിത്തിരിവ് ആ സിനിമ; അതുവരെ കിട്ടിയത് ചെറിയ വേഷങ്ങൾ: ജ്യോതിര്‍മയി
Malayalam Cinema
കരിയറിലെ വഴിത്തിരിവ് ആ സിനിമ; അതുവരെ കിട്ടിയത് ചെറിയ വേഷങ്ങൾ: ജ്യോതിര്‍മയി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 15th August 2025, 3:19 pm

2001ല്‍ റിലീസായ പൈലറ്റ്സ് എന്ന സിനിമയിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന നടിയാണ് ജ്യോതിര്‍മയി. തന്റെ മൂന്നാമത്തെ ചിത്രമായ ഭാവത്തിലൂടെ മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന അവാര്‍ഡും ദേശീയ അവാര്‍ഡില്‍ പ്രത്യേക ജൂറി പരാമര്‍ശവും ജ്യോതിര്‍മയി സ്വന്തമാക്കി. എന്നാൽ ജ്യോതിർമയിയെ എല്ലാവരും ശ്രദ്ധിക്കാൻ തുടങ്ങിയത് ലാല്‍ ജോസ് സംവിധാനം ചെയ്ത മീശമാധവൻ എന്ന ചിത്രത്തിലൂടെയാണ്.

മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും തൻ്റെ സാന്നിധ്യമറിയിച്ചു. ഒരു ഇടവേളക്ക് ശേഷം അമൽ നീരദ് സംവിധാനം ചെയ്ത ബോഗയ്ൻവില്ല എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് തിരിച്ചുവന്നു. ഇപ്പോൾ എന്റെ വീട് അപ്പൂന്റേം എന്ന സിനിമ കരിയറിലെ വഴിത്തിരിവ് ആയിരുന്നെന്നും അതുവരെ തനിക്ക് കിട്ടിക്കോണ്ടിരുന്നത് ചെറിയ വേഷങ്ങളായിരുന്നെന്നും നടി കൂട്ടിച്ചേർത്തു.

എന്റെ വീട് അപ്പൂന്റേം എന്ന സിനിമ കരിയറിലെ വഴിത്തിരിവ് ആയിരുന്നു. അതില്‍ മീര എന്ന കഥാപാത്രത്തെയാണ് ഞാന്‍ അവതരിപ്പിച്ചത്. ചിത്രത്തില്‍ മുഴുനീള വേഷമായിരുന്നു എനിക്കുണ്ടായിരുന്നത്. അതുവരെ മിക്ക സിനിമകളിലും വന്നുപോകുന്ന വേഷങ്ങളോ കല്യാണപ്പെണ്ണിന്റെ വേഷങ്ങളോ ഒക്കെ ആയിരുന്നു,’ ജ്യോതിര്‍മയി പറയുന്നു.

എന്റെ വീട് അപ്പൂന്റേം എന്ന ചിത്രത്തിന് രണ്ട് സംസ്ഥാന പുരസ്‌കാരവും ഒരു ദേശീയ പുരസ്‌കാരവും ഉണ്ടായിരുന്നുവെന്നും ബോക്സ് ഓഫീസിലും സിനിമ സൂപ്പര്‍ ഹിറ്റ് ആയെന്നും ജ്യോതിര്‍മയി കൂട്ടിച്ചേര്‍ത്തു. സിനിമ പുരസ്‌കാരത്തിനും ഹിറ്റിനുമപ്പുറത്തേക്ക് പ്രേക്ഷകരില്‍ നിന്ന് ഒരുപാട് സ്‌നേഹവും അംഗീകാരവും കിട്ടിയെന്നും നടി പറഞ്ഞു.

ജൂഡ് അട്ടിപ്പേറ്റി സംവിധാനം ചെയ്ത് പ്രേം പ്രകാശ് നിര്‍മിച്ച ‘അവസ്ഥാന്തരങ്ങള്‍‘ എന്ന ടെലിഫിലിമിലെ അഭിനയത്തിനാണ് ആദ്യം മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌ക്കാരം കിട്ടിയതെന്നും പിന്നീട് സതീഷ് മേനോന്‍ സംവിധാനം ചെയ്ത ഭവം എന്ന ചിത്രത്തിലെ പ്രകടനത്തിന് രണ്ടാമത്തെ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ദേശീയ പുരസ്‌കാരത്തില്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശവുമുണ്ടായിരുന്നുവെന്നും ജ്യോതിര്‍മയി കൂട്ടിച്ചേര്‍ത്തു.

‘എനിക്ക് കിട്ടിയ അവാര്‍ഡ് ഉള്‍പ്പെടെ ഭവത്തിന് അഞ്ച് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഉണ്ടായിരുന്നു. കുക്കു പരമേശ്വരനാണ് ഭവത്തിലേക്ക് എത്തിച്ചത്. അതിലെ ലത എനിക്ക് വളരെ പ്രിയപ്പെട്ട കഥാപാത്രമാണ്,’ ജ്യോതിര്‍മയി പറഞ്ഞു.

Content Highlight: Jyothirmayi talking about Ente Veed Appoontem Movie