ജസ്റ്റിസ് സൂര്യകാന്ത് സുപ്രീംകോടതിയുടെ 53ാം ചീഫ് ജസ്റ്റിസ്; സത്യപ്രതിജ്ഞ നവംബര്‍ 24ന്
India
ജസ്റ്റിസ് സൂര്യകാന്ത് സുപ്രീംകോടതിയുടെ 53ാം ചീഫ് ജസ്റ്റിസ്; സത്യപ്രതിജ്ഞ നവംബര്‍ 24ന്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 30th October 2025, 8:02 pm

ന്യൂദല്‍ഹി: ജസ്റ്റിസ് സൂര്യകാന്ത് സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കും. നവംബര്‍ 24നാണ് ത്യപ്രതിജ്ഞ. 2027 ഫെബ്രുവരി ഒമ്പത് വരെയാണ് ജസ്റ്റിസ് സൂര്യകാന്തിന്റെ കാലാവധി. കേന്ദ്ര നിയമകാര്യ മന്ത്രി അര്‍ജുന്‍ റാം മേഘ്‌വാളാണ് എക്‌സിലൂടെ നിയമനം സംബന്ധിച്ച വിവരം പുറത്തുവിട്ടത്.

നിലവിലെ ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ് വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. നിലവില്‍ സുപ്രീംകോടതിയില്‍ ഏറ്റവും മുതിര്‍ന്ന ജഡ്ജിയായ സൂര്യകാന്തിന്റെ പേര് തിങ്കളാഴ്ച ചീഫ് ജസ്റ്റിസ് ബി. ആര്‍ ഗവായ് ആണ് ശുപാര്‍ശ ചെയ്തത്.

ഹരിയാന സ്വദേശിയാണ് ജസ്റ്റിസ് സൂര്യകാന്ത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസാകുന്ന ആദ്യത്തെ ഹരിയാന സ്വദേശി കൂടിയാണ് സൂര്യകാന്ത്.

നേരത്തെ ഹിമാചല്‍ പ്രദേശ് ചീഫ് ജസ്റ്റിസായും പഞ്ചാബ്, ഹരിയാന ഹൈക്കോടതി ജഡ്ജിയായും സേവനമനുഷ്ഠിച്ചിരുന്നു. 2019 മേയ് മാസത്തിലാണ് സുപ്രീംകോടതിയില്‍ നിയമിതനായത്. 14 മാസത്തിനകം ജസ്റ്റിസ് സൂര്യകാന്ത് സുപ്രീംകോടതി അധ്യക്ഷനാകും. നിലവിലെ സുപ്രീംകോടതി അധ്യക്ഷന്‍ ഡി.വൈ ചന്ദ്രചൂഡ് നവംബര്‍ 23ന് വിരമിക്കും.

ജസ്റ്റിസ് സൂര്യകാന്ത് 1981 ൽ ഹിസാറിലെ ഗവൺമെന്റ് പോസ്റ്റ് ഗ്രാജുവേറ്റ് കോളേജിൽ നിന്ന് ബിരുദം നേടിയിരുന്നു. പിന്നീട് 1984 ൽ റോഹ്തക്കിലെ മഹർഷി ദയാനന്ദ് സർവകലാശാലയിൽ നിന്ന് എൽ.എൽ.ബി പൂർത്തിയാക്കി. അതേ വർഷം തന്നെ ഹിസാറിലെ ജില്ലാ കോടതിയിലാണ് നിയമ ജീവിതം ആരംഭിച്ചത്.

1985 ൽ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിൽ പ്രാക്ടീസ് ആംരംഭിച്ചു. 2000 ജൂലൈ 7 ന്, 38ാം വയസിൽ ഹരിയാനയിലെ ഏറ്റവും പ്രായം കുറഞ്ഞ അഡ്വക്കേറ്റ് ജനറലായി അദ്ദേഹം നിയമിതനായി.

Content Highlight: Justice Surya Kant appointed as 53rd Chief Justice of Supreme Court; to be sworn in on November 24