'വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുത്: ഇത് അവസാനിപ്പിക്കണം': ജസ്റ്റിസ് സിക്രി
national news
'വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുത്: ഇത് അവസാനിപ്പിക്കണം': ജസ്റ്റിസ് സിക്രി
ന്യൂസ് ഡെസ്‌ക്
Tuesday, 15th January 2019, 10:22 am

 

ന്യൂദല്‍ഹി: പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുള്ള ഉന്നതാധികാര സമിതിയില്‍ ഉള്‍പ്പെട്ട സാഹചര്യങ്ങള്‍ സംബന്ധിച്ച ഊഹാപോഹങ്ങള്‍ അവസാനിപ്പിക്കണമെന്ന് ജസ്റ്റിസ് സിക്രി. ഈ വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

“നോക്കൂ, എനിക്ക് ഈ വിവാദങ്ങളിലേക്ക് വലിച്ചിഴക്കപ്പെടുന്നതില്‍ താല്‍പര്യമില്ല. ഇത് അവസാനിപ്പിക്കണം.” സിക്രി പറഞ്ഞു.

സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തുനിന്നും അലോക് വര്‍മയെ മാറ്റാന്‍ തീരുമാനമെടുത്ത മൂന്നംഗ ഉന്നതാധികാര സമിതിയില്‍ അംഗമായിരുന്ന സിക്രി. ഇതിനു പിന്നാലെ സിക്രിയെ കേന്ദ്രസര്‍ക്കാര്‍ കോമണ്‍വെല്‍ത്ത് സെക്രട്ടറിയേറ്റ് ആര്‍ബിട്രല്‍ ട്രൈബ്യൂണലിലേക്ക് നാമനിര്‍ദേശം ചെയ്തിരുന്നു. ഇത് വിവാദമായിരുന്നു.

Also read:ആലപ്പാട് കരിമണല്‍ ഖനനം നിര്‍ത്തണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി; ഇന്ന് പരിഗണിക്കും

അലോക് വര്‍മ്മ വിഷയത്തില്‍ കേന്ദ്രസര്‍ക്കാറിന് അനുകൂലമായ നിലപാടെടുത്തതിനുള്ള പ്രത്യുപകാരമാണ് സിക്രിക്ക് കേന്ദ്രം നല്‍കിയ പദവിയെന്ന ആക്ഷേപമാണ് ഉയര്‍ന്നിരുന്നത്. ഇതേത്തുടര്‍ന്ന് സിക്രി പദവി ഏറ്റെടുക്കാന്‍ തയ്യാറല്ലെന്ന് അറിയിച്ച് കത്തയക്കുകയായിരുന്നു.

“രണ്ടു ദിവസം മുമ്പ് നടന്ന ചില വിഷയങ്ങളുമായി എന്റെ ഈ പദവിയെ കൂട്ടിക്കുഴക്കുന്നതില്‍ വലിയ വേദനയുണ്ട്. ഇവ തമ്മില്‍ ഒരു ബന്ധവുമില്ല. ഇത്തരമൊരു ആക്ഷേപം വസ്തുതാവിരുദ്ധമാണെങ്കില്‍ കൂടി അത്തരമൊരു വിവാദത്തിന് എനിക്ക് താല്‍പര്യമില്ല. അതിനാല്‍ ഞാന്‍ ഈ പദവി ഏറ്റെടുക്കുന്നില്ല.” എന്നാണ് സിക്രി സര്‍ക്കാറിനെ അറിയിച്ചത്.

അതേസമയം, ഉന്നതാധികാര സമിതിയില്‍ അംഗമാകാന്‍ സിക്രിക്ക് താത്പര്യമുണ്ടായിരുന്നില്ല എന്ന തരത്തിലുള്ള വാര്‍ത്തകളും പുറത്തു വരുന്നുണ്ട്. സിക്രി ഇക്കാര്യം പ്രധാനമന്ത്രിയേയും കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയേയും അറിയിച്ചിരുന്നു. ഇത് പൂര്‍ണമായും ഭരണ നിര്‍വ്വഹണ പരിപാടിയാണ്. ഭാവിയില്‍ ഒരു ജഡ്ജിയും ഇത്തരം നിയമനങ്ങളില്‍ ഭാഗഭാക്കാവില്ല. നിഷ്പക്ഷത പാലിക്കാന്‍ ഇത്തരം നടപടികളില്‍ നിന്ന് എല്ലാ ജഡ്ജിമാരും വിട്ടു നില്‍ക്കണമെന്നും സിക്രി അഭിപ്രായപ്പെട്ടതായി അടുത്ത വൃത്തങ്ങള്‍ പറയുന്നു.

ജനുവരി എട്ടിനാണ് അലോക് വര്‍മയുടെ വിധി നിര്‍ണയിക്കുന്ന ഉന്നതാധികാര സമിതിയിലേക്ക് സിക്രിയെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി നാമനിര്‍ദേശം ചെയ്തത്.