ചെന്നൈ: സര്‍ക്കാറില്‍ നിന്ന് പെന്‍ഷന്‍ ലഭിക്കുന്നതിനാല്‍ വിവിധ സമിതികളെ നയിക്കുന്നതിന് തനിക്ക് പ്രത്യേക പ്രതിഫലം ആവശ്യമില്ലെന്ന് ജസ്റ്റിസ് ചന്ദ്രു. അടുത്തിടെ തമിഴ്‌നാട്ടിലെ സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ജാതി മത വിവേചനങ്ങള്‍ കാരണമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ തടയുന്നതിനാവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നതിന് വേണ്ടിയുള്ള സമിതിയുടെ തലവനായി ജസ്റ്റിസ് ചന്ദ്രുവിനെ നിയമിച്ചിരുന്നു. ഈ സമിതിയെ നയിക്കുന്നതിന് തനിക്ക് പ്രത്യേക പ്രതിഫലം ആവശ്യമില്ലെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കുട്ടികളുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ തന്നെ ഈ സമിതിയില്‍ പ്രവര്‍ത്തിക്കുന്നത് തനിക്ക് ഇഷ്ടമുള്ള കാര്യമാണെന്നും പ്രതിഫലം സ്വീകരിക്കില്ലെന്ന വ്യവസ്ഥയിലാണ് താന്‍ ഈ പദ്ധതി ഏറ്റെടുത്തതെന്നും അദ്ദേഹം പറഞ്ഞു. മുന്‍പും ഇത്തരം സമിതികളില്‍ പ്രവര്‍ത്തിച്ചതിന് താന്‍ പ്രതിഫലം കൈപറ്റിയിട്ടില്ലെന്നും തന്റെ നിലപാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ അംഗീകരിക്കുയും ചെയ്തതാണെന്നും അദ്ദേഹം പറയുന്നു.
ഓണ്‍ലൈന്‍ റമ്മിയുമായി ബന്ധപ്പെട്ട സമിതിയുടെ തലവനായി പ്രവര്‍ത്തിച്ചപ്പോഴും താന്‍ പ്രതിഫലമോ ഭരണച്ചെലവോ കൈപറ്റിയിട്ടില്ലെന്നും ജസ്റ്റിസ് ചന്ദ്രു പറഞ്ഞു. ജുവൈനല്‍ ഹോം കമ്മറ്റിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ചീഫ് ജസ്റ്റിസിന് സമാനമായ പ്രതിഫലവും വാഹനവും ലഭ്യമാകുമായിരുന്നു. അതും താന്‍ കൈപറ്റിയിട്ടില്ല. വിമാനക്കൂലിക്ക് യോഗ്യനാണെങ്കിലും താന്‍ ട്രെയിനിലും ഓട്ടോറിക്ഷയിലുമാണ് യാത്ര ചെയ്യുന്നത് എന്നും അദ്ദേഹം പറഞ്ഞു.
അഞ്ച് ജീവനക്കാരെ സര്‍ക്കാര്‍ തനിക്ക് വാഗ്ദാനം ചെയ്തിരുന്നതായും എന്നാല്‍ ഒരു ഓഫീസ് അസിസ്റ്റന്റിനെ മാത്രമാണ് താന്‍ സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. ജഡ്ജിയായി ജോലി ചെയ്തതിന് സര്‍ക്കാര്‍ ജീവിതകാലം മുഴുവന്‍ തനിക്ക് പെന്‍ഷന്‍ തരുന്നുണ്ട്. അത് കൊണ്ട് തന്നെ മറ്റൊരു പ്രതിഫലത്തിന്റെ ആവശ്യമില്ല. വിരമിച്ച എല്ലാ ജ്ഡജിമാരും പ്രതിഫലം ലഭിക്കുന്ന പദവികള്‍ക്കായി സര്‍ക്കാറിന്റെ പിന്നാലെയാണെന്ന ആക്ഷേപമുണ്ട്. ആ ധാരണ ഇല്ലാതാക്കാന്‍ താന്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.
content highlights: Justice Chandru rejects remuneration for heading committees