ന്യൂദല്‍ഹി: അപ്രതീക്ഷിത കേന്ദ്രങ്ങളില്‍ നിന്ന് തനിക്ക് പിന്തുണ ലഭിക്കുമെന്ന് ഇന്ത്യ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി ജസ്റ്റിസ് ബി. സുദര്‍ശന്‍ റെഡ്ഡി. മാതൃഭൂമി ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അപ്രതീക്ഷിതമായി ലഭിക്കുന്ന പിന്തുണ ആരുടേതാണെന്ന് വെളിപ്പെടുത്തില്ലെന്നും ജയിക്കാന്‍ തന്നെയാണ് മത്സരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്ത് ഭരണഘടന മൂല്യങ്ങളിലും കീഴ്‌വഴക്കങ്ങളിലും ഇടിവ് സംഭവിച്ചിട്ടുണ്ടെന്നും ഭരണഘടനാ മൂല്യങ്ങളുടെയും ജനാധിപത്യ അവകാശങ്ങളുടെയും പുനസ്ഥാപനമാണ് തന്റെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ ലക്ഷ്യം വെക്കുന്നതെന്നും ജസ്റ്റിസ് ബി. സുദര്‍ശന്‍ റെഡ്ഡി പറഞ്ഞു.
രാജ്യത്തെ ജനങ്ങള്‍ ഭയത്തിന്റെ അന്തരീക്ഷത്തിലാണെന്നും അതില്‍ നിന്നും സ്വതന്ത്രമാകണമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ മനസ് സ്വതന്ത്രമായിരിക്കണം, ജനങ്ങളില്‍ അസ്വാതന്ത്ര്യം പ്രകടമാണെന്നും പലരെയും കാണുമ്പോള്‍ അവര്‍ സംസാരിക്കാന്‍ പോലും മടിക്കുന്നതായി മനസിലാകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പലരും ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമാണെന്ന് പറയുമെങ്കിലും പക്ഷെ, അവര്‍ക്ക് ഇത് പരസ്യമായി സംസാരിക്കാന്‍ ഭയമാണ്. ഈ ഭയത്തില്‍ നിന്ന് നമുക്ക് മുക്തരാകേണ്ടതുണ്ടെന്നും ജസ്റ്റിസ് ബി. സുദര്‍ശന്‍ റെഡ്ഡി പറഞ്ഞു.
ഇലക്ട്രല്‍ കോളേജില്‍ എന്‍.ഡി.എക്കുള്ള ഭൂരിപക്ഷത്തെ താന്‍ കാര്യമാക്കുന്നില്ലെന്നും ജയിക്കാന്‍ വേണ്ടിയാണ് മത്സരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജയിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും എല്ലാ ഭാഗത്ത് നിന്നും തനിക്ക് പിന്തുണ ലഭിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. കേരളത്തില്‍ നിന്ന് ഒരു വോട്ടൊഴികെ മറ്റെല്ലാവരുടെയും വോട്ട് തനിക്ക് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബഹുഭൂരിപക്ഷം എം.പിമാരെയും ഇതിനോടകം നേരില്‍ കണ്ടെന്നും അടുത്ത ദിവസം ബിഹാറിലേക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു. അതിന് ശേഷം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ എം.പിമാരെയും നേരില്‍ സന്ദര്‍ശിക്കുമെന്നും ജസ്റ്റിസ് ബി. സുദര്‍ശന്‍ റെഡ്ഡി പറഞ്ഞു.
സെപ്റ്റംബര്‍ 9നാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്. തമിഴ്‌നാട്ടില്‍ നിന്നുള്ള സി.പി. രാധാകൃഷ്ണനാണ് എന്‍.ഡി.എയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി. രാജ്യസഭയിലും ലോക്‌സഭയിലും നിലവില്‍ 782 എം.പിമാരാണുള്ളത്. ആറ് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്.
ഇരു സഭകളിലും എന്‍.ഡി.എക്ക് തന്നെയാണ് മുന്‍തൂക്കം. ഇന്ത്യ സംഖ്യം ആം ആദ്മി എം.പി.മാരുടെ വോട്ടുകള്‍ ഉള്‍പ്പടെ 323 വോട്ടുകള്‍ ഇതിനോടകം ഉറപ്പാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേ സമയം അട്ടിമറികള്‍ സംഭവിച്ചില്ലെങ്കില്‍ എന്‍.ഡി.എയ്ക്ക് വൈ.എസ്.ആര്‍. കോണ്‍ഗ്രസിന്റേതുള്‍പ്പടെ 438 വോട്ടുകളും ലഭിക്കും.
content highlights: Justice B. Sudarshan Reddy, the vice-presidential candidate of India Alliance, said that he will get support from unexpected centers