സുപ്രീം കോടതിയുടെ 52-ാമത്‌ ചീഫ് ജസ്റ്റിസായി ബി.ആര്‍. ഗവായി സത്യപ്രതിജ്ഞ ചെയ്തു
national news
സുപ്രീം കോടതിയുടെ 52-ാമത്‌ ചീഫ് ജസ്റ്റിസായി ബി.ആര്‍. ഗവായി സത്യപ്രതിജ്ഞ ചെയ്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 14th May 2025, 10:20 am

ന്യൂദല്‍ഹി: സുപ്രീം കോടതിയുടെ  52-ാമത്‌ ചീഫ് ജസ്റ്റിസായി ബി.ആര്‍. ഗവായി ചുമതലയേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് ദൗപ്രതി മുര്‍മുവാണ് അദ്ദേഹത്തിന് സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തത്. ഈ വര്‍ഷം നവംബര്‍ 23 വരെയാണ്  ജസ്റ്റിസ്‌ ഗവായിയുടെ കാലാവധി.

പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ആഭ്യന്തര മന്ത്രി അമിത് ഷാ, ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍, ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ള എന്നിവരെല്ലാം സത്യപ്രതിജ്ഞ ചടങ്ങില്‍ സന്നിഹിതരായി.

ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന് ശേഷം ഇന്ത്യയുടെ ചീഫ് ജസ്റ്റിസാവുന്ന ആദ്യ ചീഫ് ജസ്റ്റിസാണ് അദ്ദേഹം. ബുദ്ധമത വിശ്വാസിയായ ആദ്യ ചീഫ് ജസ്റ്റിസ് കൂടിയാണ് അദ്ദേഹം. മുന്‍ കേരള ഗവര്‍ണറും റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ (ഗവായ് വിഭാഗം) മുതിര്‍ന്ന നേതാവുമായ ആര്‍. എസ്. ഗവായിയുടെ മകനാണ്.

ഇലക്ടറല്‍ ബോണ്ടുകള്‍ ഭരണഘടനാവിരുദ്ധമാണെന്ന വിധി, 2016ല്‍ കേന്ദ്രം നടപ്പാക്കിയ നോട്ട് നിരോധനം ശരിവച്ച സുപ്രീം കോടതി വിധി, ബുള്‍ഡോസര്‍ രാജ് എന്നീ കേസുകളില്‍ വിധി പറഞ്ഞ അംഗമായിരുന്നു അദ്ദേഹം.

തന്റെ പിതാവിന് കോണ്‍ഗ്രസുമായുള്ള അടുത്ത ബന്ധം ചൂണ്ടിക്കാണിച്ച്‌ ബി.ആര്‍.ഗവായ് 2023ല്‍ രാഹുല്‍ ഗാന്ധിയുടെ കേസ് പരിഗണിക്കുന്ന ബെഞ്ചില്‍ നിന്ന് സ്വയം മാറി നിന്നിരുന്നു. സുപ്രീംകോടതി ചീഫ് ജസ്റ്റിസായ സഞ്ജീവ് ഖന്ന ഇന്നലെ വിരമിച്ച സാഹചര്യത്തിലാണ് ബി.ആര്‍. ഗവായിയെ പുതിയ സുപ്രീംകോടതി ചീഫ് ജസ്റ്റിസായി തെരഞ്ഞെടുത്തത്.

1960 നവംബര്‍ 24ന് അമരവാതിയിലായിരുന്നു ഭൂഷണ്‍ രാമകൃഷ്ണ ഗവായ് എന്ന ബി.ആര്‍ ഗവായിയുടെ ജനനം. 1985 മാര്‍ച്ച് 16ന് അദ്ദേഹം അഭിഭാഷകനായി എന്റോള്‍ചെയ്തു. മുന്‍ അഡ്വക്കേറ്റ് ജനറലും ഹൈക്കോടതി ജഡ്ജിയുമായിരുന്ന രാജ. എസ്. ബോണ്‍സാലെയുടെ കീഴിലായിരുന്നു തുടക്കത്തില്‍ ഗവായ് പരിശീലിച്ചിരുന്നത്. 1987-1990 കാലഘട്ടത്തില്‍ ബോംബെ ഹൈക്കോടതിയില്‍ സ്വതന്ത്രമായി പരിശീലനം നടത്തി.

2000ല്‍ നാഗ്പൂര്‍ ബെഞ്ചില്‍ ഗവണ്‍മെന്റ് പ്ലീഡറായും പബ്ലിക് പ്രോസിക്യൂട്ടറായും അദ്ദേഹം നിയമിതനായി. 2003ല്‍ ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിയായും 2005ല്‍ സ്ഥിരം ജഡ്ജിയായും ജസ്റ്റിസ് ഗവായ് നിയമിതനായി. 2019 മെയ് 24ന് അദ്ദേഹത്തിന് സുപ്രീം കോടതി ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിച്ചു.

Content Highlight: Justice B.R. Gavai sworn in as 52nd Chief Justice of the Supreme Court