ശരാശരി ആഗോള താപനം 1.5 ഡിഗ്രി സെൽഷ്യസ് കവിയാൻ ഇനി മൂന്ന് വർഷം മാത്രം; മുന്നറിയിപ്പ് നൽകി ശാസ്ത്രജ്ഞർ
World News
ശരാശരി ആഗോള താപനം 1.5 ഡിഗ്രി സെൽഷ്യസ് കവിയാൻ ഇനി മൂന്ന് വർഷം മാത്രം; മുന്നറിയിപ്പ് നൽകി ശാസ്ത്രജ്ഞർ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 19th June 2025, 12:58 pm

പാരീസ്: അന്താരാഷ്ട്ര സമൂഹങ്ങൾ അംഗീകരിച്ച 1.5 ഡിഗ്രി സെൽഷ്യസ് എന്ന ശരാശരി ആഗോള താപനനിലയും കടന്ന് ഭൂമിയുടെ ചൂട് ക്രമാതീതമായി വർധിക്കാൻ മൂന്ന് വർഷങ്ങൾ മാത്രം ബാക്കിയെന്ന് ശാസ്ത്രജ്ഞർ.

അന്തരീക്ഷത്തിലേക്ക് പുറന്തള്ളാൻ കഴിയുന്ന കാർബൺ ഡൈ ഓക്സൈഡിന്റെ അളവിൽ വെച്ചിട്ടുള്ള കർശനമായ പരിധിയാണ് കാർബൺ ബജറ്റ്. ഈ കാർബൺ ബജറ്റ് രണ്ട് വർഷങ്ങൾക്കുള്ളിൽ മനുഷ്യൻ തകർക്കുമെന്നും പിന്നീട് ഭൂമിയുടെ ചൂട് നിയന്ത്രിക്കുക എന്നത് പ്രയാസമായിരിക്കുമെന്നും ശാസ്ത്രജ്ഞർ പറയുന്നു.

കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് കാർബൺ ബജറ്റിനുള്ളിൽ തുടരുന്നത് ഭൂമി അതിരുകടന്ന് ചൂടാകുന്നത് തടയാൻ മനുഷ്യരാശിക്ക് അവസരം നൽകും. എന്നാൽ രണ്ട് വർഷം കൊണ്ട് കാർബൺ ബജറ്റിൽ പറഞ്ഞിട്ടുള്ള അളവിനേക്കാൾ കൂടുതൽ കാർബൺ ഡൈ ഓക്സൈഡ് മനുഷ്യർ പുറത്ത് വിടുമെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.

2028 ആകുമ്പോഴേക്കും കാർബൺ ബജറ്റ് തകർക്കപ്പെട്ടാൽ ആഗോള താപനനില 1.5 ഡിഗ്രി സെൽഷ്യസ് കടക്കും. ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ വ്യതിയാന ചട്ടക്കൂട് കൺവെൻഷൻ പ്രകാരം ഏകദേശം 200 രാജ്യങ്ങൾ ഒപ്പുവച്ച അന്താരാഷ്ട്ര ഉടമ്പടിയായ 2015 ലെ പാരീസ് ഉടമ്പടിയിൽ ആഗോള താപനനിലാ 1.5 ഡിഗ്രി സെൽഷ്യസ് എന്ന തോതിൽ നിലനിർത്താൻ തീരുമാനിച്ചിരുന്നു.

എന്നാൽ രാജ്യങ്ങൾ കൽക്കരി, എണ്ണ, വാതകം എന്നിവ കത്തിക്കുന്നതും വനങ്ങൾ വെട്ടിമാറ്റുന്നതും തുടരുന്നത് അന്താരാഷ്ട്ര ലക്ഷ്യം അപകടത്തിലാക്കിയിരിക്കുകയാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു.

കാര്യങ്ങളെല്ലാം തെറ്റായ ദിശയിലേക്കാണ് നീങ്ങുന്നതെന്ന് ലീഡ്സ് സർവകലാശാലയിലെ പ്രീസ്റ്റ്ലി സെന്റർ ഫോർ ക്ലൈമറ്റ് ഫ്യൂച്ചേഴ്‌സിന്റെ ഡയറക്ടറും പ്രധാന എഴുത്തുകാരനുമായ പ്രൊഫ. പിയേഴ്സ് ഫോർസ്റ്റർ പറഞ്ഞു.

2025 മുതൽ പുറത്ത് വിടുന്ന കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് 80 ബില്യൺ ടൺ ആയി കുറക്കണമെന്ന് പ്രമുഖ കാലാവസ്ഥാ ശാസ്ത്രജ്ഞരുടെ പുതിയ പഠനത്തിൽ പറയുന്നു. 2020ൽ ഉണ്ടായിരുന്നതിനേക്കാൾ 80 ശതമാനം കുറവാണ് ഈ അളവ്.

2024ൽ മനുഷ്യർ പുറത്തുവിടുന്ന കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് പുതിയ റെക്കോർഡിലെത്തി. ഇത് ഇങ്ങനെ തുടർന്നാൽ കാർബൺ ബജറ്റ് മറികടക്കുന്നതിന് കാരണമാകും. ഇതോടെ ആഗോള താപനനില 1.5 ഡിഗ്രി സെൽഷ്യസ് ആയി നിലനിർത്തുക എന്നത് അസാധ്യമാകുമെന്ന് ശാസ്ത്രജ്ഞർ പറഞ്ഞു.

ഫോസിൽ ഇന്ധനങ്ങൾ കത്തിക്കുന്നത് വർധിക്കുന്നത് മൂലം ഹരിതഗൃഹ വാതകങ്ങൾ അന്തരീക്ഷത്തിലേക്ക് ക്രമാതീതമായി എത്തുന്നുണ്ടെന്നും അതിനാൽ 1.5C എന്ന ആഗോള താപനനില പരിധി നാം വേഗം മറികടക്കുമെന്ന് ശാസ്ത്രജ്ഞർ കുറച്ചുകാലമായി മുന്നറിയിപ്പ് നൽകി വന്നിരുന്നു.

നിലവിൽ, ലോകം 2.7 ഡിഗ്രി സെൽഷ്യസ് ആഗോള താപനത്തിന്റെ പാതയിലാണെന്ന് പഠനം കാണിക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇത് ഒരു വിനാശകരമായ വർധനവായിരിക്കും.

1971 മുതൽ 2018 വരെയുള്ള കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ കഴിഞ്ഞ 10 വർഷത്തിനിടെ സമുദ്രനിരപ്പ് ഇരട്ടിയായി വർധിച്ചതായും പഠനത്തിൽ കണ്ടെത്തി. ആഗോളതാപനം 1.5 ഡിഗ്രി സെൽഷ്യസിൽ കൂടുമ്പോൾ തീരങ്ങളിലെ വെള്ളപ്പൊക്കം നിയന്ത്രിക്കാൻ കഴിയാതാകുമെന്ന് മെയ് മാസത്തിൽ നടത്തിയ മറ്റൊരു പഠനത്തിൽ കണ്ടെത്തി.

ആഗോളതാപനത്തിന്റെ 90 ശതമാനവും സമുദ്രങ്ങൾ ആഗിരണം ചെയ്യുന്നതിനാൽ ഹിമാനികൾ ഉരുകുകയും സമുദ്രനിരപ്പ് ഉയരുകയും ചെയ്യുന്നു.

Content Highlight: Just three years left before 1.5C climate target slips out of reach, scientists warn