'താമരക്ക് പകരം മോദിയുടെ ചിത്രം അച്ചടിച്ചിരുന്നെങ്കില്‍ 'മോദീ മന്ത്രം' ചൊല്ലിയാല്‍ അത് തിരികെ ലഭിച്ചേനെ!; പാസ്‌പോര്‍ട്ട് കാവി വല്‍ക്കരണത്തിനെതിരെ സോഷ്യല്‍മീഡിയ
national news
'താമരക്ക് പകരം മോദിയുടെ ചിത്രം അച്ചടിച്ചിരുന്നെങ്കില്‍ 'മോദീ മന്ത്രം' ചൊല്ലിയാല്‍ അത് തിരികെ ലഭിച്ചേനെ!; പാസ്‌പോര്‍ട്ട് കാവി വല്‍ക്കരണത്തിനെതിരെ സോഷ്യല്‍മീഡിയ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 13th December 2019, 1:58 pm

കോഴിക്കോട്: പുതുതായി വിതരണത്തിനെത്തിച്ച പാസ്‌പോര്‍ട്ടുകളില്‍ താമര ചിഹ്നം അച്ചടിച്ചത് വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. എന്നാല്‍ സുരക്ഷയുടെ ഭാഗമായാണ് ഇൗ നടപടിയെന്നായിരുന്നു ആഭ്യന്തര മന്ത്രാലയത്തിന്റെ വിശദീകരണം. പ്രതിപക്ഷം പാര്‍ലമെന്റില്‍ വിഷയം ഉന്നയിച്ചതോടെയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ ഈ മറുപടി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇതിനെതിരെ ശക്തമായി രംഗത്തെത്തിയിരിക്കുകയാണ് സോഷ്യല്‍മീഡിയ ഉപയോക്താക്കള്‍. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ ചിഹ്നം പാസ്പോര്‍ട്ടില്‍ അച്ചടിച്ചിരിക്കുന്നതിലെ സംശയവും നിരവധി പേര്‍ പ്രകടിപ്പിച്ചു.

‘താമരക്ക് പകരം പാസ്‌പോര്‍ട്ടില്‍ പ്രധാനമന്ത്രിയുടെ ചിത്രമാണ് അച്ചടിച്ചിരുന്നതെങ്കില്‍ അത് നഷ്ടപ്പെട്ടാല്‍ മോദി മന്ത്രം ചൊല്ലിയാല്‍ പാസ്‌പോര്‍ട്ട് തിരികെ ലഭിക്കുമെന്ന’ തരത്തില്‍ പരിഹാസ്യ രൂപേണയുള്ള നിരവധി പ്രതികരണങ്ങളും കമന്റായി വരുന്നുണ്ട്.

രാജ്യത്ത് സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇതിനെ സ്ത്രീ സുരക്ഷയുമായി ബന്ധപ്പെടുത്തിയും ചിലര്‍ പ്രതികരിച്ചു.

‘സ്ത്രീ സുരക്ഷയേക്കാള്‍ വലുതല്ലല്ലോ പാസ് പോര്‍ട്ട് സംരക്ഷണം’ എന്നായിരുന്നു ചോദ്യം.

‘കേന്ദ്രസര്‍ക്കാര്‍ പാസ്‌പോര്‍ട്ടില്‍ പോലും കാവി വല്‍ക്കരണം കൊണ്ട് വരികയാണ്. ഒരു ഇന്ത്യന്‍ പൗരനെന്ന നിലയില്‍ പാസ്‌പോര്‍ട്ടില്‍ നമുക്ക് ഇന്ത്യന്‍ പതാകയും അശോകസ്തംബവും അച്ചടിക്കാം. അതില്‍ താമര അടയാളത്തിന്റെ ആവശ്യമെന്താണ്.’ ഒരാള്‍ ട്വിറ്ററിലൂടെ ചോദിക്കുന്നു.

‘പാസ്‌പോര്‍ട്ടിനേയും കാവിവല്‍ക്കരിക്കുകയാണ്. കിട്ടുന്ന ഓരോ ഇടങ്ങളും അവരുടെ പാര്‍ട്ടി പ്രമോഷന് വേണ്ടി ഉപയോഗിക്കുകയാണെന്നും’ ചിലര്‍ പ്രതികരിക്കുന്നു.

പാസ്‌പോര്‍ട്ടില്‍ പാസ്പോര്‍ട്ട് ഓഫീസറുടെ ഒപ്പും സീലും വെക്കുന്ന പേജിന് കീഴിലായാണ് ദീര്‍ഘ ചതുരാകൃതിയിലുള്ള കള്ളിയില്‍ താമര ചിഹ്നം അടയാളപ്പെടുത്തിയത്. എന്തിനാണ് താമരചിഹ്നം അടയാളപ്പെടുത്തിയതെന്ന് സംശയം പ്രകടിപ്പിക്കുന്നവരോട് മറുപടി പറയാനാവാതെ ഉദ്യോഗസ്ഥര്‍ വെട്ടിലായിരുന്നു.

മുമ്പ് നല്‍കിയിരുന്ന പാസ്പോര്‍ട്ടില്‍ ഓഫീസര്‍ ഒപ്പിടുന്ന രണ്ടാമത്തെ പേജിന്റെ താഴെ ഭാഗം ശൂന്യമായിരുന്നു. എന്നാല്‍ ഈ ഭാഗത്താണ് ഇപ്പോള്‍ ദീര്‍ഘ ചതുരാകൃതിയില്‍ താമര ചിഹ്നം അടയാളപ്പെടുത്തിയത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ