ഔറംഗാബാദ് ഇനി സാംബാജി നഗര്‍, ഒസ്മാനാബാദ് മാറ്റി ധാരാശിവ്; പടിയിറങ്ങുന്നതിന് മുമ്പ് ഹിന്ദുത്വ ഐഡിയോളജി വ്യക്തമാക്കി താക്കറെ
national news
ഔറംഗാബാദ് ഇനി സാംബാജി നഗര്‍, ഒസ്മാനാബാദ് മാറ്റി ധാരാശിവ്; പടിയിറങ്ങുന്നതിന് മുമ്പ് ഹിന്ദുത്വ ഐഡിയോളജി വ്യക്തമാക്കി താക്കറെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 30th June 2022, 8:51 am

മുംബൈ: മഹാരാഷ്ട്രയില്‍ ഔറംഗാബാദ്, ഒസ്മാനാബാദ് എന്നീ നഗരങ്ങളുടെ പേരുകള്‍ മാറ്റി. ഉദ്ധവ് താക്കറെ രാജി വെക്കുന്നതിന് തൊട്ടുമുമ്പായി നിര്‍ണായക തീരുമാനമായാണ് ഇരു നഗരങ്ങളുടെയും പേരുകള്‍ മാറ്റിക്കൊണ്ട് ഉത്തരവിറക്കിയത്.

ഔറംഗാബാദിന്റേത് പേര് സാംബാജി നഗര്‍ എന്നും ഒസ്മാനാബാദിന്റേത് ധാരാശിവ് എന്നുമാണ് മാറ്റിയത്. രാജി വെക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പായിരുന്നു ഉദ്ധവ് താക്കറെ ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.

നഗരങ്ങളുടെ പേര് മാറ്റുന്നതിനുള്ള പ്രൊപ്പോസലിന് താക്കറെ സര്‍ക്കാര്‍ അനുമതി കൊടുക്കുകയായിരുന്നു. ബുധനാഴ്ച വൈകീട്ട് ചേര്‍ന്ന കാബിനറ്റ് യോഗത്തിലായിരുന്നു തീരുമാനം.

തന്റെ മറാത്ത- ഹിന്ദുത്വ ഐഡിയോളജി വെളിപ്പെടുത്താനുള്ള ഉദ്ധവ് താക്കറെയുടെ നീക്കമായാണ് ഈ തീരുമാനം വിലയിരുത്തപ്പെടുന്നത്.

ഔറംഗാബാദിന്റെ പേര് സാംബാജി നഗര്‍ എന്ന് മാറ്റണമെന്നത് ഏറെ നാളായി ശിവസേനക്കുള്ളില്‍ നിന്നുയരുന്ന ആവശ്യമായിരുന്നു.

മറാത്ത രാജാവായിരുന്ന ഛത്രപതി ശിവജിയുടെ മൂത്ത മകനായിരുന്നു സാംബാജി. ഔറംഗാബാദിന് ആ പേര് വന്നതിന് കാരണമായ മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിന്റെ ഉത്തരവ് പ്രകാരം സാംബാജിയെ വധിക്കുകയായിരുന്നു.

ഹൈദരാബാദിന്റെ അവസാനത്തെ ഭരണാധികാരിയായിരുന്നു മിര്‍ ഒസ്മാന്‍ അലി ഖാന്റെ ഓര്‍മക്കായായിരുന്നു ഒസ്മാനാബാദിന് ആ പേരിട്ടത്. ഇപ്പോള്‍ നല്‍കിയിരിക്കുന്ന ധാരാശിവ് എന്ന പേര് ആറാം നൂറ്റാണ്ടില്‍ നഗരത്തിന് സമീപമുണ്ടായിരുന്ന ഗുഹകളില്‍ നിന്ന് രൂപംകൊണ്ടതാണ്.

നവി മുംബൈയിലെ പുതിയ വിമാനത്താവളത്തിന് ഡി.ബി. പാട്ടീലിന്റെ പേര് നല്‍കാനും കാബിനറ്റ് യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.

ബാലാസാഹിബിന്റെ സ്വപ്‌നമാണ് നമ്മള്‍ സാക്ഷാത്കരിച്ചത്, എന്നായിരുന്നു നഗരങ്ങളുടെ പേരുമാറ്റത്തെക്കുറിച്ച് തന്റെ രാജി പ്രസംഗത്തില്‍ ഉദ്ധവ് താക്കറെ പറഞ്ഞത്.

അതേസമയം, 31 മാസത്തെ മഹാവികാസ് അഘാഡി സര്‍ക്കാരിന്റെ ഭരണത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് ഉദ്ധവ് താക്കറെ മുഖ്യമന്ത്രി സ്ഥാനം രാജി വെച്ചത്.

വ്യാഴാഴ്ച വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് താക്കറെ രാജിവെച്ചത്. അധികാരത്തില്‍ കടിച്ചുതൂങ്ങുന്നവനല്ല താന്‍, സഭയിലെ അംഗബലമല്ല കാര്യം, ഒരു ശിവസേനക്കാരന്‍ പോലും എതിരാവുന്നത് സഹിക്കാനാവില്ല എന്നും രാജിക്ക് പിന്നാലെ ഉദ്ധവ് പറഞ്ഞു.

വിശ്വാസ വോട്ടെടുപ്പ് സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി അനുമതി നിഷേധിച്ചതിന് പിന്നാലെയായിരുന്നു ഉദ്ധവിന്റെ രാജി പ്രഖ്യാപനം. കോടതിവിധി മാനിക്കുന്നുവെന്നും തങ്ങള്‍ ജനാധിപത്യം പിന്തുടരുമെന്നും താക്കറെ പറഞ്ഞു.

നിലകൊണ്ടത് മറാത്തികള്‍ക്കും ഹിന്ദുക്കള്‍ക്കും വേണ്ടിയാണ്. ബാലാസാഹിബിന്റെ മകനെ വീഴ്ത്തിയെന്ന് നിങ്ങള്‍ക്ക് ആഘോഷിക്കാമെന്നും ഉദ്ധവ് പ്രതികരിച്ചു.

Content Highlight: Just before resignation, Uddhav Thackeray renames two Cities, Aurangabad as Sambhajinagar, Osmanabad as Dharashiv