കഴിഞ്ഞ ദിവസമായിരുന്നു തെലുങ്ക് സിനിമയിലെ പ്രമുഖ നടനായ കോട്ട ശ്രീനിവാസ റാവു അന്തരിച്ചത്. ഞായറാഴ്ച കോട്ട ശ്രീനിവാസ റാവുവിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവേ സ്വന്തം ആരാധകരെ ശകാരിക്കുന്ന ജൂനിയര്‍ എന്‍.ടി.ആറിന്റെ വിഡീയോയാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്.
സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് കോട്ട ശ്രീനിവാസ റാവുവിനെ കുറിച്ച് സംസാരിക്കുകയായിരുന്നു ജൂനിയര്‍ എന്‍.ടി.ആര്‍. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയില്‍ ആരാധകര്‍ അദ്ദേഹത്തിന്റെ പേര് ഉച്ചത്തില്‍ വിളിച്ച് പറയുകയായിരുന്നു. ‘ജയ് എന്‍.ടി.ആര്‍’ എന്നാണ് ആരാധകര്‍ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നത്. എന്നാല്‍ ഇത് കേട്ട എന്‍.ടി.ആര്‍ ആരാധകരുടെ നേരെ വിരല്‍ ചൂണ്ടി ‘ജയ് എന്‍.ടി.ആര്‍ അല്ല ജയ് കോട്ട ശ്രീനിവാസ റാവു!’ എന്ന് തിരുത്തി. എന്‍.ടി.ആറിന്റെ ഈ സ്‌നേഹ ശകാരം ഏറ്റെടുത്തിരിക്കുകയാണ് സമൂഹ മാധ്യമങ്ങള്‍.
എന്‍.ടി.ആറിന്റെ ഈ പ്രവര്‍ത്തി ബഹുമാനത്തിന്റെ പ്രതീകം ആണെന്നാണ് ഒരു സോഷ്യല്‍ മീഡിയ യൂസര്‍ പറയുന്നത്. ‘താരം ബഹുമാനമുള്ളവനാണ്, എന്നാല്‍ ആരാധകര്‍ വിഡ്ഢികളാണ്’, ‘ഈ ആരാധകര്‍ക്ക് ഒരു ബോധമില്ല’, ‘എന്‍.ടി.ആറിന്റെ പക്വതയാണ് ആ തിരുത്തലിന് കാരണം’ എന്നിങ്ങനെ തുടങ്ങി താരത്തെ പുകഴ്ത്തിയും ആരാധകരെ വിമര്‍ശിച്ചും നിരവധി കമന്റുകളാണ് സോഷ്യല്‍ മീഡിയ വാളുകളില്‍ നിറയുന്നത്.
പ്രശസ്തനായ തെലുങ്ക് നടനും മുന്‍ ബി.ജെ.പി എം.എല്‍.എയുമായ കോട്ട ശ്രീനിവാസ റാവു ഞായറാഴ്ച ഹൈദരാബാദില്‍ വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് അന്തരിച്ചത്. 83 വയസായിരുന്നു. അഞ്ച് പതിറ്റാണ്ടോളം നീണ്ടുനിന്ന കരിയറില്‍, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നീ ഭാഷകളിലായി 750 ഓളം ചിത്രങ്ങളില്‍ റാവു അഭിനയിച്ചു. 1978ല്‍ ചിരഞ്ജീവിയുടെ ആദ്യ ചിത്രമായ പ്രണം ഖരീദു എന്ന ചിത്രത്തിലൂടെയാണ് കോട്ട ശ്രീനിവാസ റാവു സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. പത്മശ്രീ ജേതാവായ റാവു 1999 മുതല്‍ 2004 വരെ ആന്ധ്രാപ്രദേശിലെ വിജയവാഡ ഈസ്റ്റ് നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള ബിജെപി എം.എല്‍.എയായിരുന്നു.