എഡിറ്റര്‍
എഡിറ്റര്‍
ജുനൈദ് വധക്കേസ് ഏറ്റെടുക്കാനാകില്ലെന്ന് സി.ബി.ഐ
എഡിറ്റര്‍
Thursday 9th November 2017 12:56pm

ഹരിയാന: ജുനൈദ് ഖാന്‍ വധക്കേസില്‍ അന്വേഷണം ഏറ്റെടുക്കാനാകില്ലെന്ന് സി.ബി.ഐ. പഞ്ചാബ്-ഹരിയാന ഹൈക്കോടതിയെയാണ് അന്വേഷണ ഏജന്‍സി നിലപാടറിയിച്ചത്. സംസ്ഥാന പൊലീസ് ഫരീദാബാദ് വിചാരണക്കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുകയാണെന്നും കേസ് നിര്‍ണായക ഘട്ടത്തിലാണെന്നും സി.ബി.ഐ കോടതിയില്‍ പറഞ്ഞു.

ജുനൈദ് വധക്കേസ് അട്ടിമറിക്കാന്‍ ഹരിയാന സര്‍ക്കാര്‍ ശ്രമം നടത്തുന്നുവെന്ന് ആരോപണം ഉയരുന്നതിനിടെയാണ് കേസ് ഏറ്റെടുക്കാനാകില്ലെന്ന് സി.ബി.ഐ അറിയിച്ചിരിക്കുന്നത്.

സീനിയര്‍ ഓഫീസര്‍മാരുടെ കീഴില്‍ കേസ് മികച്ച രീതിയില്‍ അന്വേഷിക്കാന്‍ ഹരിയാന പൊലീസിന് സാധിക്കും. ആറ് പ്രതികള്‍ക്കെതിരായി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. രണ്ട് പ്രതികള്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണെന്നും സി.ബി.ഐ അഭിഭാഷകന്‍ സുമീത് ഗോയല്‍ ജസ്റ്റിസ് രജന്‍ ഗുപ്ത അദ്ധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ പറഞ്ഞു.

സംസ്ഥാന പൊലീസില്‍ നിന്നും കേസ് ഏറ്റെടുക്കുന്നതിന് സുപ്രീംകോടതി നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ പ്രകാരം ജുനൈദിന്റെ കേസ് ഏറ്റെടുക്കാന്‍ സാധിക്കില്ലെന്നും നിലവില്‍ വിവിധ കോടതികള്‍ ഏല്‍പ്പിച്ച കേസുകളുടെ അധികഭാരം സി.ബി.ഐക്ക് ഉണ്ടെന്നും സി.ബി.ഐ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.

 

അതേ സമയം ജുനൈദിന്റെ കുടുംബം കേസില്‍ ഒത്തുതീര്‍പ്പ് ഉണ്ടാക്കുന്നതിനായി 2 കോടിരൂപയും 3 ഏക്കര്‍ സ്ഥലവും ആവശ്യപ്പെട്ടെന്ന് ഹരിയാന ഡി.എസ്.പി കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. നേരത്തെ ഇതേ വാദം ഹരിയാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഉന്നയിച്ചിരുന്നു.

പക്ഷെ തങ്ങളെ സമ്മര്‍ദ്ദത്തിലാക്കുന്നതിന് വേണ്ടിയുള്ള തന്ത്രമാണെന്നും ഒത്തുതീര്‍പ്പിന് തയ്യാറായെന്നത് കിംവദന്തി മാത്രമാണെന്നും ജുനൈദിന്റെ കുടുംബം അന്നു തന്നെ വ്യക്തമാക്കിയിരുന്നു.

കേസ് നടക്കുന്ന ഫരീദാബാദ് അഡീഷണല്‍ സെഷന്‍ല് കോടതിയിലെ ജഡ്ജി വൈ.എസ് റാത്തോഡ് സര്‍ക്കാര്‍ അഭിഭാഷകനായ നവീന്‍ കൗഷിക്ക് പ്രതിഭാഗത്തെ സഹായിച്ചതായി ആരോപണം ഉന്നയിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഇയാള്‍ക്ക് രാജിവെക്കേണ്ടിയും വന്നിരുന്നു.

അഭിഭാഷകന്റെ നടപടി ജുനൈദിന്റെ കുടുംബത്തിന് നിയമനടപടികളില്‍ അവിശ്വാസമുണ്ടാക്കുന്നതാണെന്നും കൗശിക്കിനെതിരെ നടപടിയെടുക്കണമെന്നും ഫരീദാബാദ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി വൈ.എസ് റാത്തോഡ് സര്‍ക്കാരിനോട് ആവശ്യപ്പെടുകയായിരുന്നു.

കഴിഞ്ഞ ചെറിയ പെരുന്നാളിനാണ് സാധനങ്ങള്‍ വാങ്ങാന്‍ പോയി ദല്‍ഹിയില്‍ നിന്ന് തിരിച്ചുവരുന്നതിനിടെയാണ് ജുനൈദും സഹോദരനും ട്രെയിനില്‍ വെച്ച് ആക്രമിക്കപ്പെടുന്നത്. ബീഫ് കൈവശമുണ്ടെന്ന ആരോപിച്ച് പതിനഞ്ചുകാരനായ ജുനൈദിനെയും സഹോദരനെയും ഒരു സംഘം ആളുകള്‍ ആക്രമിക്കുകയായിരുന്നു. മര്‍ദ്ദനത്തെത്തുടര്‍ന്നാണ് ജുനൈദ് കൊല്ലപ്പെടുന്നത്.

Advertisement