ലോയ കേസില്‍ സുപ്രീംകോടതിയെ അവിശ്വസിക്കേണ്ടി വരുമ്പോള്‍
FB Notification
ലോയ കേസില്‍ സുപ്രീംകോടതിയെ അവിശ്വസിക്കേണ്ടി വരുമ്പോള്‍
ഹരീഷ് വാസുദേവന്‍
Friday, 20th April 2018, 10:16 pm

ലോയ കേസിലെ സുപ്രീംകോടതി വിധിന്യായം വായിച്ചു, Judicial dishonesty എന്നാണ് പ്രാഥമികമായി തോന്നിയത്. ഒറ്റനോട്ടത്തില്‍ തോന്നിയ, സാമാന്യബോധത്തില്‍ തോന്നിയ ചില സംശയങ്ങള്‍ തോന്നിയത് പൊതുവായി പങ്കുവെയ്ക്കുന്നു.

ഹരജിക്കാര്‍ ചോദിച്ചത് അന്വേഷണമാണ്, ആരെയും ശിക്ഷിക്കാനല്ല. ഏതൊരു കുറ്റകൃത്യത്തെപ്പറ്റിയും ഉള്ള ഒരു വിശ്വസനീയ വിവരം കിട്ടുന്ന ഉടനെ FIR രജിസ്റ്റര്‍ ചെയ്തു അന്വേഷിക്കണം എന്ന് ലളിതകുമാരി കേസില്‍ വിധിച്ച അതേ സുപ്രീംകോടതിയില്‍ കാരവന്‍ മാസിക പുറത്തുവിട്ട ചില തെളിവുകളുടെ അടിസ്ഥാനത്തില്‍, ലോയയുടെ അസ്വാഭാവിക മരണം അന്വേഷിക്കണം എന്നാണ് കേസില്‍ ഉന്നയിക്കപ്പെട്ട ആവശ്യം. ഉന്നയിച്ചതോ, മുംബൈയിലെ അഭിഭാഷകരുടെ സംഘടന അടക്കം രാജ്യത്തെ സുപ്രധാന വിഷയങ്ങളില്‍ പൊതുതാല്‍പര്യ ഹരജികള്‍ നല്‍കി കോടതികളുടെ പ്രീതിയ്ക്ക് പാത്രമായവര്‍ വരെ.

ഈ പരാതി അന്വേഷിക്കുക പോലുമില്ല എന്ന് പറയാന്‍ സുപ്രീംകോടതി കണ്ടെത്തിയ കാരണങ്ങള്‍ വിശദമായ മറ്റൊരു parallel enquiry ആണ്. അതിന്റെ മെറിറ്റ് പരിശോധനയാണ് നൂറിലധികം പേജുള്ള വിധിയില്‍ ഉടനീളം. നിയമപരമായ വ്യാഖ്യാനമോ സംശയനിവാരണമോ ആയിരുന്നില്ല, വസ്തുതകളുടെ താരതമ്യ വിലയിരുത്തല്‍ ആണ് കോടതി നടത്തിയത്. സാധാരണയായി ഇത് ചെയ്യേണ്ടത് അന്വേഷണ ഏജന്‍സിയാണ്. ആ അനാവശ്യഭാരം സുപ്രീംകോടതി എന്തിനു സ്വന്തം തലയില്‍ ഏറ്റി എന്ന് വിധി വായിച്ചിട്ടും മനസിലാകുന്നില്ല.


Read more: ഇസ്രായേലിലേക്ക് പോകാന്‍ മനസാക്ഷി അനുവദിക്കുന്നില്ല ; ഇസ്രായേല്‍ അവാര്‍ഡ് നിഷേധിച്ച് ഹോളിവുഡ് നടി നതാലി പോര്‍ട്ട്മാന്‍


ഒരുവശത്ത് ബോംബെ ഹൈക്കോടതിയിലെ ജഡ്ജിമാരുടെ മൊഴി, മറുവശത്ത് അതിനെതിരെ കാരവന്‍ റിപ്പോര്‍ട്ട് ചെയ്ത മറ്റു പലരുടെയും മൊഴികള്‍; ഇതില്‍ ഏതിനെ ആശ്രയിക്കുമെന്നു അന്വേഷണ ഏജന്‍സി പരിശോധിക്കേണ്ടത് വസ്തുതകളുടെ അടിസ്ഥാനത്തില്‍ ആകണം. അതില്‍ ജഡ്ജിമാരെ അവിശ്വസിക്കേണ്ട കാര്യമില്ല എന്ന് കീഴ്ക്കോടതി ജഡ്ജിമാരില്‍ അവിശ്വാസം ഉള്ളതുകൊണ്ടാണോ അപ്പീലില്‍ വിധിന്യായങ്ങള്‍ തിരുത്തുന്നത്? ആരോപണവിധേയരായ ജഡ്ജിമാരേപ്പറ്റി കേസ് കേള്‍ക്കുന്ന ജഡ്ജിമാര്‍ക്കുള്ള വിശ്വാസത്തിനു, തെളിവുകള്‍ reappraise ചെയ്യുന്ന പ്രക്രിയയില്‍ എന്ത് പ്രസക്തി?

“ഈ മൊഴികള്‍ വിശ്വസനീയമാണ്” എന്ന് പറയുന്നതും
“മൊഴി കൊടുത്തവരെ അവിശ്വസിക്കേണ്ട കാര്യമില്ല” എന്ന് പറയുന്നതും തമ്മിലുള്ള അന്തരം മനസിലാകാത്തവരല്ല ഈ ന്യായാധിപര്‍. പ്രത്യേകിച്ചും ജസ്റ്റിസ് ചന്ദ്രചൂഡ്.

കേസിലെ എതിര്‍ ഭാഗത്ത് എന്ന് പറയാവുന്ന, മുംബൈയിലെ ജുഡീഷ്യല്‍ ഓഫീസര്‍മാരെ വ്യക്തിപരമായി നേരത്തേ അറിയാവുന്നതിനാല്‍ ജസ്റ്റിസ്.ഖാന്‍വിക്കറും ജ.ചന്ദ്രചൂഡും ഈ കേസ് കേള്‍ക്കുന്നതില്‍ നിന്ന് പിന്‍വാങ്ങണം, ഇത് മറ്റേതെങ്കിലും ബെഞ്ച് പരിഗണിക്കണം എന്ന് ഒരുഘട്ടത്തില്‍ ഹരജിക്കാര്‍ ആവശ്യപ്പെട്ടു. അതിനെ കോടതി നേരിട്ടത് വിചിത്രമായാണ്. “ജഡ്ജിമാരുടെ നീതിബോധവും നൈതികതയും അവര്‍ക്ക് സ്വയം മാത്രം ബോധ്യപ്പെടേണ്ട സംഗതിയാണ്, അതില്‍ ഹരജിക്കാര്‍ക്ക് യാതൊരു പങ്കുമില്ല” എന്ന് വിധിന്യായത്തില്‍ എടുത്തു പറയുന്നു
“നീതി നടപ്പാക്കിയാല്‍ മാത്രം പോരാ, നടപ്പാക്കുന്നത് നീതിയാണെന്നു ബോദ്ധ്യപ്പെടുത്തുക കൂടി വേണം” എന്ന ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ ആണിക്കല്ല് എന്ന് കരുതപ്പെടുന്ന തത്വമാണ് ഈ ഒരൊറ്റ വിധിയിലൂടെ കോടതി അട്ടിമറിച്ചത്. അതിനുള്ള കാരണങ്ങള്‍ വിധിയില്‍ വ്യക്തവുമല്ല. ഈ കേസ് ഈ ബെഞ്ച് തന്നെ കേട്ട് വിധിപറയുമെന്ന ഇത്ര വാശി എന്തിനാണ്? (വിധിന്യായം വായിക്കുന്ന ആര്‍ക്കും ഉണ്ടാകാവുന്ന സംശയം)

  ദുരൂഹമരണം ഒരു സിറ്റിംഗ് ജഡ്ജിയുടെ. അപൂര്‍വ്വമായി സംഭവിച്ചത്. കേട്ടുകൊണ്ടിരുന്ന കേസ് കുപ്രസിദ്ധനായ അമിത്ഷാ പ്രതിയായ കൊലക്കേസ്. ജഡ്ജി മരിച്ചു ഒരുമാസത്തിനുള്ളില്‍ പുതിയ ജഡ്ജി അമിത് ഷായുടെ discharge ഹരജി അംഗീകരിച്ചു വിചാരണയില്ലാതെ പ്രതിയെ കുറ്റവിമുക്തന്‍ ആക്കുന്നു. “കാരവന്‍” പുറത്തുവിട്ട തെളിവുകളിന്മേല്‍ അന്വേഷണം ആവശ്യപ്പെടുന്നവരില്‍ ഉന്നത ന്യായാധിപസമൂഹം വരെയുണ്ട്. പ്രത്യേകഅന്വേഷണം ചോദിക്കുന്ന ഹരജിയില്‍ കോടതിയ്ക്ക് പരമാവധി ചെയ്യാവുന്നത്, നിലവിലെ തെളിവുകള്‍ പരിശോധിച്ചാല്‍ അത് നടത്തേണ്ട ആവശ്യമില്ലെന്നു പറയാം. അതിനിശിതമായി പരാതിക്കാരെ വിമര്ശിക്കാനുള്ള, അവരുടെ ഉദ്ദേശശുദ്ധി പോലും തെളിവുകളില്ലാതെ ചോദ്യം ചെയ്യാനുള്ള ജഡ്ജിയുടെ ചേതോവികാരം എന്താണ്?


Read more: ‘ ഞങ്ങളുടെ കുട്ടികളെ ഞങ്ങളാണോ കൊന്നത് ? രണ്ട് കൊല്ലം കഴിഞ്ഞാല്‍ അവര്‍ ബാബു ബജ്‌രംഗിയെയും വെറുതെ വിടും’ : നരോദാപാട്യ വിധി ചോദ്യം ചെയ്ത് ഇരകള്‍


  ആയിരക്കണക്കിന് മറ്റു കേസുകള്‍ കെട്ടിക്കിടക്കുമ്പോള്‍ ഈ കേസ് തുടരേ കേള്‍ക്കാനും ഇത്രവേഗം തീര്‍പ്പാക്കാനും തിടുക്കം കാണിച്ചത് ഹരജിക്കാരന്‍ അല്ലല്ലോ, കോടതിയല്ലേ? മുംബൈ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത കേസ് വിളിച്ചുവരുത്തി കേട്ടത് സുപ്രീംകോടതി തന്നെയല്ലേ? എല്ലാ കേസുകളും മുംബൈ ഹൈക്കോടതിയില്‍ കേള്‍ക്കട്ടെ എന്ന നിലപാട് എടുക്കാതെ സ്വയം കേള്‍ക്കാന്‍ തിടുക്കം കൂട്ടിയിട്ട് ഇപ്പോള്‍ കോടതിയുടെ സമയം കളഞ്ഞു എന്ന് എങ്ങനെ പറയാനാകും? കേള്‍ക്കേണ്ട എന്ന് തീരുമാനിച്ചിരുന്നെങ്കില്‍, പതിനായിരത്തില്‍ ഒന്നായി ഇതും കിടക്കില്ലായിരുന്നോ? ആരാണീ ഹിയറിങ് priority തീരുമാനിച്ചത്? മെറിറ്റ് ഇല്ലാത്ത കേസ് ആണെങ്കില്‍, ഈ കേസിനായി ഇപ്പോള്‍ത്തന്നെ ഈ സമയം കളയാന്‍ തീരുമാനിച്ച കോടതിയാണോ ഹരജി നല്‍കിയവരാണോ കുറ്റക്കാര്‍?

സീസറിന്റെ ഭാര്യ സംശയത്തിനും അതീതയായിരിക്കണം എന്ന് എണ്ണമറ്റ വിധിന്യായങ്ങളിലൂടെ എക്‌സിക്യൂട്ടീവിനെയും രാഷ്ട്രീയകക്ഷികളെയും രാജ്യത്തെ എല്ലാ പൊതുസ്ഥാപനങ്ങളെയും ഓര്‍മ്മപ്പെടുത്തുന്ന പരമോന്നത നീതിപീഠം, രാജ്യത്തെ ഒരു മൂലയിലെ ഒരു പരാതിയില്‍ ഏതോ ഒരു അന്വേഷണ ഉദ്യോഗസ്ഥന്‍ നടത്തേണ്ട ഒരു വെറും സാധാരണയായ അന്വേഷത്തെ തടയാന്‍, ഈ സ്ഥാപനം പതിറ്റാണ്ടുകള്‍ കൊണ്ട് ആര്‍ജിച്ച വിശ്വാസ്യതയും നൈതികതയും സംശയത്തില്‍ ആക്കുന്ന തരത്തില്‍ ഊര്‍ജ്ജവും സമയവും കളഞ്ഞത് എന്തിന്

കാരവന്‍ മുന്നോട്ടുവെച്ച വസ്തുതകളെ വിധിന്യായം എത്രമാത്രം സത്യസന്ധമായി പരിഗണിച്ചു എന്ന, ഈ വിധിന്യായത്തിന്റെ വസ്തുതകളിന്മേലുള്ള വിമര്‍ശനം തീര്‍ച്ചയായും ഉണ്ട്, പിന്നീടാവാം.