ന്യൂദല്‍ഹി: എന്‍.സി.ഇ.ആര്‍.ടി പാഠപുസ്തകത്തിലെ നീതിന്യായ വ്യവസ്ഥയിലെ അഴിമതിയെ കുറിച്ചുള്ള പാഠഭാഗത്തെ ചൊല്ലി കടുത്ത ആശങ്കയുണ്ടെന്ന് അറിയിച്ച് സുപ്രീം കോടതി. എട്ടാം ക്ലാസ് പാഠപുസ്തകത്തിലെ അധ്യായത്തില്‍ എല്ലാ ജഡ്ജിമാരും അസ്വസ്ഥരാണെന്ന് സുപ്രീം കോടതി ബുധനാഴ്ച പ്രതികരിച്ചു.
പാഠപുസ്തകം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും സ്വമേധയാ നടപടി സ്വീകരിക്കുമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് കോടതി നടപടിക്കിടെ പറഞ്ഞു.
‘ബാര്‍ ആന്‍ഡ് ബെഞ്ച് എല്ലാവരും അസ്വസ്ഥരാണ്. കുറച്ചുദിവസം കാത്തിരിക്കൂ. എല്ലാ ഹൈക്കോടതി ജഡ്ജിമാരും അസ്വസ്ഥരാണ്. സ്വമേധയാ ഈ വിഷയം കോടതി ഏറ്റെടുക്കും. ഈ സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ആരേയും അനുവദിക്കില്ല.നിയമം നിയമത്തിന്റെ വഴിക്ക് പോട്ടെ,’ ചീഫ് ജസ്റ്റിസ് പറഞ്ഞു.
എന്‍.സി.ഇ.ആര്‍.ടി പാഠ പുസ്തകത്തില്‍ ജുഡീഷ്യറിയിലെ അഴിമതിയെ കുറിച്ച് പഠിപ്പിക്കുന്നുണ്ടെന്ന് ചൊവ്വാഴ്ച മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയെ അറിയിച്ചിരുന്നു. ഗുരുതരമായ ആശങ്ക വിഷയത്തിലുണ്ടെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു.
നീതിന്യായ വ്യവസ്ഥയിലെ അഴിമതിയും കേസുകളുടെ ബാഹുല്യവും കുട്ടികളെ പഠിപ്പിക്കുമ്പോള്‍ അന്വേഷണ ഏജന്‍സികളും രാഷ്ട്രീയക്കാരും മന്ത്രിമാരും നടത്തുന്ന വലിയ അഴിമതികളില്‍ പാഠഭാഗത്തിന് മൗനമാണെന്നും കപില്‍ സിബല്‍ എക്‌സ് പോസ്റ്റിലൂടെ വിമര്‍ശിച്ചിരുന്നു.
ഭരണകൂടത്തിന്റെയടക്കം അഴിമതികള്‍ പരവതാനികള്‍ക്കുള്ളില്‍ ഒളിപ്പിക്കുമ്പോള്‍ ജുഡീഷ്യറിയെ മാത്രം ലക്ഷ്യം വെക്കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചിരുന്നു.
ജുഡീഷ്യറിയിലെ അഴിമതി രാജ്യത്ത് നീതി നടപ്പാക്കുന്നതിനെ തടസപ്പെടുത്തുന്നുണ്ടെന്നും ലക്ഷക്കണക്കിന് കേസുകള്‍ വിവിധ തലത്തിലെ കോടതികളിലായി കെട്ടിക്കിടക്കുകയാണെന്നും പാഠഭാഗത്ത് പറയുന്നുണ്ട്.
ദരിദ്രര്‍ക്കും പിന്നോക്കം നില്‍ക്കുന്നവര്‍ക്കും അഴിമതി കാരണം നീതി ലഭിക്കുന്നില്ല. അതിനാല്‍ സാങ്കേതിക വിദ്യയുടെ ഉപയോഗം ജുഡീഷ്യറിയില്‍ വര്‍ധിപ്പിച്ചാല്‍ വിശ്വാസം വളര്‍ത്തുന്നതിനും സുതാര്യത ഉറപ്പാക്കുന്നതിനും അഴിമതിക്കെതിരെ നടപടിയെടുക്കുന്നതിനും സാധിക്കും.