'ജയലളിതക്ക് ചികിത്സ നല്‍കുന്നത് തോഴി ശശികല തടഞ്ഞു'; മരണത്തില്‍ ദുരൂഹതയെന്ന് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്
national news
'ജയലളിതക്ക് ചികിത്സ നല്‍കുന്നത് തോഴി ശശികല തടഞ്ഞു'; മരണത്തില്‍ ദുരൂഹതയെന്ന് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 18th October 2022, 2:40 pm

ചെന്നൈ: മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ അടിമുടി ദുരൂഹതയെന്ന് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്. ജയലളിതയുടെ മരണത്തില്‍ വി.കെ.ശശികല ഉള്‍പ്പെടെ 4 പേര്‍ കുറ്റക്കാരാണെന്നും, ഇവര്‍ വിചാരണ നേരിടണമെന്നും ജസ്റ്റിസ് അറുമുഖ സ്വാമി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

വിദേശ ഡോക്ടര്‍മാര്‍ ജയലളിതയ്ക്ക് ഹൃദയ ശസ്ത്രക്രിയ നിര്‍ദേശിച്ചിട്ടും നടത്തിയില്ല. മരണവിവരം പുറംലോകം അറിഞ്ഞത് ഒരു ദിവസത്തിന് ശേഷം മാത്രമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് തമിഴ്‌നാട് സര്‍ക്കാര്‍ ഇന്ന് നിയമസഭയില്‍ വെച്ചു.

മരണത്തെ കുറിച്ച് മുന്‍ ജഡ്ജി തയാറാക്കിയ റിപ്പോര്‍ട്ടില്‍ ജയലളിതയുടെ ഏറ്റവും അടുത്ത അനുയായി വി.കെ. ശശികലക്ക് എതിരെയാണ് പ്രധാന പരാമര്‍ശം. എയിംസ് മെഡിക്കല്‍ സംഘം 5 തവണ അപ്പോളോ സന്ദര്‍ശിച്ചെങ്കിലും ജയലളിതയ്ക്ക് ശരിയായ ചികിത്സ നല്‍കിയില്ല.

ജയലളിതക്ക് ആന്‍ജിയോഗ്രാം ചികിത്സ നല്‍കുന്നത് ശശികല തടഞ്ഞു. സ്വന്തം നേട്ടത്തിനായാകാം ഇതു ചെയ്തതെന്നും റിപ്പോര്‍ട്ടില്‍ ആരോപണമുണ്ട്.

മരണവുമായി ബന്ധപ്പെട്ട് നിരവധി ദുരൂഹതകളുണ്ടെന്ന് അക്കമിട്ട് വിശദീകരിക്കുന്ന 608 പേജ് വരുന്ന വിശദമായ റിപ്പോര്‍ട്ടാണ് കമ്മീഷന്‍ സമര്‍പ്പിച്ചിരിക്കുന്നത്. മരണത്തെ കുറിച്ച് സമഗ്രമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് വളരെ നീണ്ട റിപ്പോര്‍ട്ട് അവസാനിപ്പിക്കുന്നത്.

2016 ഡിസംബര്‍ 5ന് രാത്രി 11.30നാണ് ജയലളിതയുടെ മരണം അപ്പോളോ ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചത്. എന്നാല്‍ ഇതിന് ഒന്നര ദിവസം മുന്‍പ് അവര്‍ മരിച്ചിരുന്നുവെന്നാണ് കമ്മിഷന്‍ കണ്ടെത്തല്‍.

മുന്‍ മദ്രാസ് ഹെക്കോടതി ജഡ്ജി എ. അറമുഖസ്വാമി തലവനായ അന്വേഷണ കമീഷനെ എ.ഐ.എ.ഡി.എം.കെ അധികാരത്തിലുള്ളപ്പോള്‍ 2017 ലാണ് നിയോഗിച്ചത്. ഗൂഢാലോചന സിദ്ധാന്തങ്ങളും ജയലളിതയുടെ അസുഖവും അപ്പോളോ ആശുപത്രിയിലെ ചികില്‍സയും സംബന്ധിച്ച പരസ്പരവിരുദ്ധമായ വിവരങ്ങള്‍, നിയമപരമായ അവകാശ വാദങ്ങള്‍ എന്നിവ പരിശോധിക്കാനായിരുന്നു കമ്മീഷനെ നിയോഗിച്ചത്.

2021ല്‍ ഡി.എം.കെ അധികാരത്തിലേറിയപ്പോള്‍, ജയലളിതയുടെ മരണത്തിലേക്ക് നയിച്ച കാരണങ്ങള്‍ കൃത്യമായി പരിശോധിക്കുമെന്ന് ആവര്‍ത്തിച്ചിരുന്നു. ഓഗസ്റ്റിലാണ് അറമുഖ സ്വാമി സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

ജയലളിതയുടെ മരണ സമയത്ത് ചീഫ് സെക്രട്ടറിയായിരുന്ന ഡോ. രാമമോഹന റാവു കുറ്റകരമായ പ്രവൃത്തികളില്‍ ഏര്‍പ്പെട്ടുവെന്ന് റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു. അന്നത്തെ ആരോഗ്യമന്ത്രി വിജയ ഭാസ്‌കറിനെതിരെയും റിപ്പോര്‍ട്ടില്‍ ശക്തമായ പരാമര്‍ശങ്ങളുണ്ട്. അപ്പോളോ ആശുപത്രി ചെയര്‍മാന്‍ ഡോ. പ്രതാപ് റെഡ്ഡി ജയലളിതയുടെ ആരോഗ്യ നില സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Content Highlight: Judicial Commission report submitted on Jayalalitha’s Death