ചിന്നസ്വാമിയിലെ അപകടം: ആര്‍.സി.ബി ഉത്തരവാദിയെന്ന് ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്
India
ചിന്നസ്വാമിയിലെ അപകടം: ആര്‍.സി.ബി ഉത്തരവാദിയെന്ന് ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 12th July 2025, 2:14 pm

ബെംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപം ആര്‍.സി.ബിയുടെ ഐ.പി.എല്‍ വിജയാഘോഷത്തിനിടെ ഉണ്ടായ അപകടത്തില്‍ കര്‍ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്‍, റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു, പൊലീസ് എന്നിവര്‍ ഉത്തരവാദികളെന്ന് ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്.

റിട്ട. ജസ്റ്റിസ് ജോണ്‍ മൈക്കള്‍ ഡി കുന്‍ഹയുടെ ഏകാംഗ സമിതി മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

റിപ്പോര്‍ട്ട് വായിച്ചിട്ടില്ലെന്നും വിശദാംശങ്ങള്‍ തനിക്കറിയില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു. റിപ്പോര്‍ട്ട് മന്ത്രിസഭയില്‍ എത്തിയ ശേഷം അതിനെക്കുറിച്ച് ആലോചിക്കുകയും നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘റിപ്പോര്‍ട്ട് ഇതുവരെ വായിച്ചിട്ടില്ലാത്തതിനാല്‍ വിശദാംശങ്ങള്‍ എനിക്കറിയില്ല. ജൂലൈ 17ന് ഞങ്ങള്‍ റിപ്പോര്‍ട്ട് മന്ത്രിസഭക്ക് മുന്നില്‍ സമര്‍പ്പിക്കും, അതിനെക്കുറിച്ച് ആലോചിക്കുകയും റിപ്പോര്‍ട്ട് പഠിച്ച ശേഷം സര്‍ക്കാര്‍ തുടര്‍ നടപടി സ്വീകരിക്കുകയും ചെയ്യും,’ സിദ്ധരാമയ്യ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

സോഷ്യല്‍ മീഡിയ പ്രമോഷനുകളും സൗജന്യ പാസുകളെക്കുറിച്ചുള്ള പ്രഖ്യാപനങ്ങളും തിരക്കിന് കാരണമായെന്ന സര്‍ക്കാര്‍ വാദത്തെ ശരിവെക്കുന്ന രീതിയിലുള്ള റിപ്പോര്‍ട്ടാണിതെന്ന് സി.എം.ഒ വൃത്തങ്ങള്‍ അവകാശപ്പെട്ടു.

ആര്‍.സി.ബിയുടെ ഐ.പി.എല്‍ വിക്ടറി പരേഡ് ചടങ്ങിനിടെയായിരുന്നു അപകടമുണ്ടായത്. അനിയന്ത്രിതമായ തിരക്കും കൃത്യമായ മാനേജിങ്ങുമില്ലാതിരുന്നതാണ് മരണങ്ങള്‍ സംഭവിക്കാന്‍ കാരണമായത്.

അപകടത്തിന് പിന്നാലെ കര്‍ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി എ. ശങ്കറും ട്രഷറര്‍ ഇ. ജയ്‌റാമും രാജിവെച്ചിരുന്നു. ദുരന്തത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജിയെന്നായിരുന്നു വിശദീകരണം.

Content Highlight: Judicial Commission report finds RCB responsible for the Chinnaswamy accident