നിങ്ങള്‍ ഭരണഘടന വായിച്ചിട്ടുണ്ടോ? ജനങ്ങള്‍ക്ക് പ്രതിഷേധിക്കാന്‍ അവകാശമില്ലെന്ന് ആരാണ് നിങ്ങളോട് പറഞ്ഞത്; ചന്ദ്രശേഖര്‍ ആസാദിന്റെ ജാമ്യ വാദത്തിനിടെ പ്രോസിക്യൂട്ടറോട് ജഡ്ജി
India
നിങ്ങള്‍ ഭരണഘടന വായിച്ചിട്ടുണ്ടോ? ജനങ്ങള്‍ക്ക് പ്രതിഷേധിക്കാന്‍ അവകാശമില്ലെന്ന് ആരാണ് നിങ്ങളോട് പറഞ്ഞത്; ചന്ദ്രശേഖര്‍ ആസാദിന്റെ ജാമ്യ വാദത്തിനിടെ പ്രോസിക്യൂട്ടറോട് ജഡ്ജി
ന്യൂസ് ഡെസ്‌ക്
Tuesday, 14th January 2020, 1:29 pm

ന്യൂദല്‍ഹി: ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന്റെ ജാമ്യാപേക്ഷ പരിഗണിക്കവേ പ്രോസിക്യൂഷനെതിരെ രൂക്ഷ വിമര്‍ശനവുമായി തിസ് ഹസാരി അഡീഷണല്‍ സെഷന്‍സ് ജഡ്ജി ഡോ. കാമിനി ലോ.

സോഷ്യല്‍മീഡിയ പോസ്റ്റുകള്‍ വഴി ആസാദ് കലാപത്തിന് ആഹ്വാനം നടത്തിയെന്ന് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ വാദിച്ചിരുന്നു. എന്നാല്‍ ഇത്തരത്തില്‍ ഒരു പോസ്റ്റുണ്ടെങ്കില്‍ അത് ചൂണ്ടിക്കാട്ടണമന്ന് ആസാദിന്റെ അഭിഭാഷകന്‍ മഹ്മൂദ് പ്രച ആവശ്യപ്പെട്ടെങ്കിലും പ്രോസിക്യൂട്ടര്‍ അതിന് തയ്യാറായില്ല.

എന്നാല്‍ അക്രമത്തിന് ആഹ്വാനം നല്‍കിക്കൊണ്ടുള്ള പോസ്റ്റ് ഏതാണെന്ന് പറയണമെന്ന് ജഡ്ജി ആവശ്യപ്പെട്ടപ്പോള്‍ പ്രോസിക്യൂട്ടര്‍ സി.എ.എയുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ ചില പോസ്റ്റുകള്‍ കോടതി മുറിയില്‍ വായിക്കുകയായിരുന്നു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ദല്‍ഹി ജുമഅ മസ്ജിദില്‍ പ്രതിഷേധിക്കണമെന്ന പോസ്റ്റുകളായിരുന്നു അതെല്ലാം. ഇതിന് പിന്നാലെയാണ് ജഡ്ജി പ്രോസിക്യൂട്ടര്‍ക്കെതിരെ രംഗത്തെത്തിയത്.

ഇതിലെവിടെയാണ് അക്രമത്തിന് ആഹ്വാനം ചെയ്യുന്നതെന്നും ധര്‍ണയും പ്രതിഷേധവും നടത്തുന്നതില്‍ എന്താണ് തെറ്റെന്നും ജഡ്ജി ചോദിച്ചു. പ്രതിഷേധിക്കാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്. ആസാദിന്റെ പോസ്റ്റുകളില്‍ എവിടെയാണ് അക്രമത്തെ പിന്തുണയ്ക്കുന്നത്? പ്രതിഷേധിക്കാന്‍ പാടില്ലെന്ന് നിങ്ങളോട് ആരാണ് പറഞ്ഞത്? നിങ്ങള്‍ ഭരണഘടന വായിച്ചിട്ടുണ്ടോ?

ദല്‍ഹി ജുമാ മസ്ജിദ് പാകിസ്ഥാനിലാണെന്ന് പോലെയാണ് നിങ്ങളുടെ പെരുമാറ്റം. ഇനി അഥവാ അത് പാകിസ്ഥാനില്‍ ആണെങ്കില്‍ തന്നെ അവിടെ പോയും പ്രതിഷേധിക്കാം. അവിഭക്ത ഇന്ത്യയുടെ ഭാഗമായിരുന്നു പാകിസ്ഥാന്‍- ജഡ്ജി വ്യക്തമാക്കി.

എന്നാല്‍ പ്രതിഷേധിക്കണമെങ്കില്‍ അനുമതി വാങ്ങണമെന്ന് പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചപ്പോള്‍ എന്ത് അനുമതി എന്നായിരുന്നു ജഡ്ജി തിരിച്ചുചോദിച്ചത്.

144 ആവര്‍ത്തിച്ച് ഉപയോഗിക്കുന്നത് തെറ്റാണെന്ന് സുപ്രീം കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധിച്ച നിരവധി പേര്‍ പിന്നീട് നേതാക്കളും മന്ത്രിമാരും ആകുന്നത് താന്‍ കണ്ടതായും ജഡ്ജി കൂട്ടിച്ചേര്‍ത്തു.

പ്രതിഷേധിക്കാന്‍ അവകാശമുള്ള, വളര്‍ന്നുവരുന്ന രാഷ്ട്രീയക്കാരനാണ് ആസാദ് എന്നും ജഡ്ജി അഭിപ്രായപ്പെട്ടു.

ആരാധനാലയങ്ങള്‍ക്ക് പുറത്തുള്ള പ്രതിഷേധം ഏത് നിയമപ്രകാരമാണ് നിരോധിച്ചിരിക്കുന്നതെന്ന് നിങ്ങള്‍ തന്നോട് വിശദീകരിക്കണമെന്നും ജഡ്ജി പ്രോസിക്യൂട്ടറോട് പറഞ്ഞു.

ആസാദ് അക്രമം നടത്തിയതിന് എന്തെങ്കിലും തെളിവുണ്ടോ എന്നും ജഡ്ജി പ്രോസിക്യൂട്ടറോട് ചോദിച്ചു. ‘നമ്മുടെ ദല്‍ഹി പൊലീസ് അത്രയും പിന്നിലാണെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ? വളരെ ചെറിയ കാര്യങ്ങളില്‍ പോലും തെളിവുകള്‍ ശേഖരിക്കുന്ന ദല്‍ഹി പൊലീസിന് ഈ സംഭവത്തില്‍ എന്തുകൊണ്ട് തെളിവ് ലഭിച്ചില്ല? ജഡ്ജി ചോദിച്ചു.

എന്നാല്‍ ആസാദ് പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയതിന് ‘ഡ്രോണ്‍ ഫൂട്ടേജ്’ തെളിവുകള്‍ ഉണ്ടെന്ന് പ്രോസിക്യൂട്ടര്‍ പറയുകയായിരുന്നു. എന്നാല്‍ ആസാദ് ഭരണഘടന വായിക്കുകയാണെന്നും പ്രതിഷേധത്തിനിടെ സി.എ.എയ്ക്കും എന്‍.ആര്‍.സിക്കുമെതിരെ സംസാരിക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു. ഒരു കേസിന്റെയും അടിസ്ഥാനത്തിലല്ല ആസാദിന്റെ അറസ്റ്റെന്നും വിയോജിപ്പുകള്‍ തടയാന്‍ മാത്രമാണ് നടപടിയെന്നും ആസാദിന്റെ അഭിഭാഷകന്‍ പ്രചാ വാദിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ആസാദിനെതിരെ യു.പി പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ സമര്‍പ്പിക്കാന്‍ സമയം നല്‍കണമെന്ന പ്രോസിക്യൂട്ടറുടെ അഭ്യര്‍ഥന മാനിച്ച് കേസ് നാളെ ഉച്ചയ്ക്ക് 2 മണിയിലേക്ക് മാറ്റി.

വാദം അവസാനിക്കുന്നതിന് മുന്‍പായി ‘കൊളോണിയല്‍ കാലഘട്ടത്തിലടക്കം തെരുവുകളില്‍ പ്രതിഷേധം നടന്നിട്ടുണ്ടെന്ന കാര്യവും ജഡ്ജി ചൂണ്ടിക്കാട്ടി. കോടതിക്കുള്ളില്‍ നിങ്ങളുടെ പ്രതിഷേധം നിയമപരമായിരിക്കാം. പാര്‍ലമെന്റിനുള്ളില്‍ പറയേണ്ട കാര്യങ്ങള്‍ പറയാന്‍ തയ്യാറാവാത്തതിനാലാണ് ജനങ്ങള്‍ക്ക് തെരുവിലിറങ്ങേണ്ടി വരുന്നതെന്നും ജഡ്ജി പറഞ്ഞു.

നമ്മുടെ കാഴ്ചപ്പാടുകള്‍ പ്രകടിപ്പിക്കാന്‍ നമുക്ക് പൂര്‍ണ്ണ അവകാശമുണ്ട്, എന്നാല്‍ നമുക്ക് നമ്മുടെ രാജ്യത്തെ ഇല്ലാതാക്കാന്‍ സാധിക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ആസാദിന്റെ ആരോഗ്യനില മോശമായിരുന്നെന്നും കോടതി നിര്‍ദേശം നല്‍കുന്നതിന് മുന്‍പ് അദ്ദേഹത്തിന് ചികിത്സ നല്‍കാന്‍ അധികൃതര്‍ തയ്യാറായിരുന്നില്ലെന്നും ആസാദിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

കോടതി പരാമര്‍ശങ്ങള്‍ കടപ്പാട്: Live Law.in

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ