ഫലസ്തീൻ ആക്ടിവിസ്റ്റ് മഹ്മൂദ് ഖലീലിന് ജാമ്യം അനുവദിച്ച് യു.എസ് ജഡ്ജി
World News
ഫലസ്തീൻ ആക്ടിവിസ്റ്റ് മഹ്മൂദ് ഖലീലിന് ജാമ്യം അനുവദിച്ച് യു.എസ് ജഡ്ജി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 21st June 2025, 7:53 am

വാഷിങ്ടൺ: ഫലസ്തീൻ അവകാശ പ്രതിഷേധങ്ങളിൽ പങ്കെടുത്തതിന് ഇമിഗ്രേഷൻ അധികൃതർ കസ്റ്റഡിയിലെടുത്ത ഫലസ്തീൻ ആക്ടിവിസ്റ്റ് മഹ്മൂദ് ഖലീലിന് ജാമ്യം അനുവദിച്ച് യു.എസിലെ ഫെഡറൽ ജഡ്ജി. നിയമപോരാട്ടം തുടരുന്നതിനിടെയാണ് മഹ്മൂദ് ഖലീലിനെ ഇമിഗ്രേഷൻ കസ്റ്റഡിയിൽ നിന്ന് മോചിപ്പിക്കാൻ യു.എസ് ഫെഡറൽ ജഡ്ജി ഉത്തരവിട്ടിരിക്കുന്നത്.

കൊളംബിയ യൂണിവേഴ്സിറ്റിയിലെ ഫലസ്തീൻ അവകാശ പ്രതിഷേധങ്ങളിൽ പങ്കെടുത്തതിന് മാർച്ച് മുതൽ അദ്ദേഹം ഇമിഗ്രേഷൻ അധികൃതരുടെ കസ്റ്റഡിയിലായിരുന്നു. വെള്ളിയാഴ്ചയായിരുന്നു ഖലീലിന് ജാമ്യം നൽകാനുള്ള തീരുമാനം ന്യൂജേഴ്‌സിയിലെ ഒരു ഫെഡറൽ കോടതി പുറപ്പെടുവിച്ചത്.

കോടതിയുടെ തീരുമാനം താത്കാലികമായി നിർത്തലാക്കാനുള്ള സർക്കാർ നീക്കത്തെ ജില്ലാ കോടതി ജഡ്ജി മൈക്കൽ ഫാർബിയാർസ് തടയുകയും ചെയ്തു. ഖലീലിന്റെ മോചനത്തിനുള്ള വ്യവസ്ഥകൾ മജിസ്‌ട്രേറ്റ് കോടതിയിൽ അന്തിമമാക്കിയ ശേഷം ജഡ്ജി മൈക്കൽ ഫാർബിയാർസ് അദ്ദേഹത്തിന് ജാമ്യം നൽകണമെന്ന് കർശനമായി പറഞ്ഞു.

മോചിതനായ ശേഷം, ഖലീൽ താൻ തടവിൽ കഴിഞ്ഞിരുന്ന ലൂസിയാന തടങ്കൽ കേന്ദ്രത്തിന് പുറത്ത് മാധ്യമപ്രവർത്തകരോട് സംസാരിച്ചു.

‘നീതി വിജയിച്ചു, പക്ഷേ അത് വളരെ കാലങ്ങൾക്ക് മുമ്പ് തന്നെ നൽകേണ്ടതായിരുന്നു. ഇതിന് മൂന്ന് മാസം എടുക്കേണ്ടതില്ലായിരുന്നു,’ അദ്ദേഹം പറഞ്ഞു.

ഖലീലിന് വേണ്ടി വാദിക്കുന്ന അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയൻ (എ.സി.എൽ.യു), ഖലീൽ കുടുംബത്തെ കാണാൻ വേണ്ടി ന്യൂയോർക്കിലേക്ക് പോകുമെന്ന് അറിയിച്ചു. ‘മഹമൂദിനും, അദ്ദേഹത്തിന്റെ കുടുംബത്തിനും, പൗരന്മാരുടെ അവകാശങ്ങൾക്കും ഇത് സന്തോഷകരമായ ദിവസമാണെന്ന്, അഭിപ്രായ സ്വാതന്ത്ര്യത്തെ സംരക്ഷിക്കുന്ന യു.എസ് ഭരണഘടനാ വ്യവസ്ഥയെ പരാമർശിച്ചുകൊണ്ട് എ.സി.എൽ.യു അഭിഭാഷകൻ നൂർ സഫർ പറഞ്ഞു.

ഫലസ്തീൻ മനുഷ്യാവകാശങ്ങളെ പിന്തുണച്ചതിന് ഗ്രീൻ കാർഡ് ഹോൾഡറായ ഖലീലിനെ കസ്റ്റഡിയിലെടുത്ത് നാടുകടത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹത്തെ തടങ്കലിൽ നിന്ന് മോചിപ്പിക്കണമെന്നും ഖലീലിന്റെ കേസ് പരിഗണിക്കുന്ന ന്യൂജേഴ്‌സി ജില്ലാ കോടതി ജഡ്ജി മൈക്കൽ ഫാർബിയാർസ് കഴിഞ്ഞ ആഴ്ച വിധിച്ചിരുന്നു.

വെള്ളിയാഴ്ച രാവിലെ വരെ കോടതി സർക്കാരിന് അപ്പീൽ നൽകാൻ സമയം നൽകി. ഖലീൽ തന്റെ ഗ്രീൻ കാർഡ് അപേക്ഷയിൽ പല വിവരങ്ങളും ഒഴിവാക്കിയിട്ടുണ്ടെന്ന് പറഞ്ഞ് ഖലീലിനെ ലൂസിയാനയിൽ തടങ്കലിൽ വെക്കുന്നത് തുടരുമെന്ന് സർക്കാർ വെള്ളിയാഴ്ച കോടതിയെ അറിയിച്ചു.

എന്നാൽ ഒരു സിവിൽ ഇമിഗ്രേഷൻ വിഷയത്തിൽ ഒരാളെ ശിക്ഷിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ജഡ്ജി പറഞ്ഞു.

ഗസയിൽ ഇസ്രഈൽ നടത്തിയ വംശഹത്യക്ക് പിന്നാലെ കൊളംബിയ യൂണിവേഴ്‌സിറ്റിയിൽ വിദ്യാർത്ഥി പ്രതിഷേധങ്ങൾ ആരംഭിച്ചപ്പോൾ, അതിൽ മുൻപന്തിയിൽ നിന്ന വ്യക്തിയാണ് ഖലീൽ.

മാർച്ച് എട്ടിന് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ഐ.സി.ഇ) ഏജന്റുമാർ ഖലീലിനെ കസ്റ്റഡിയിലെടുത്തു. അദ്ദേഹത്തിന്റെ പങ്കാളി നൂർ അബ്ദല്ല അപ്പോൾ എട്ട് മാസം ഗർഭിണിയായിരുന്നു.

അന്താരാഷ്ട്ര വിദ്യാർത്ഥികളെ അവരുടെ വീടുകൾക്ക് പുറത്ത് അറസ്റ്റ് ചെയ്ത കൊണ്ടുപോകുന്ന പരമ്പരയിലെ ആദ്യ ഇരയായി അദ്ദേഹം മാറി.

 

Content Highlight: Judge orders immediate release of Palestinian activist Mahmoud Khalil