ആ സിനിമ കണ്ടശേഷമാണ് കാസ്റ്റിങ്ങില്‍ വെറൈറ്റി കൊണ്ടുവരണമെന്ന ചിന്ത മനസില്‍ വന്നത്; സാറാസിലെ കഥാപാത്രങ്ങളെ തെരഞ്ഞെടുത്തതിനെക്കുറിച്ച് ജൂഡ്
Movie Day
ആ സിനിമ കണ്ടശേഷമാണ് കാസ്റ്റിങ്ങില്‍ വെറൈറ്റി കൊണ്ടുവരണമെന്ന ചിന്ത മനസില്‍ വന്നത്; സാറാസിലെ കഥാപാത്രങ്ങളെ തെരഞ്ഞെടുത്തതിനെക്കുറിച്ച് ജൂഡ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 9th July 2021, 4:28 pm

കൊച്ചി: അന്ന ബെന്നിനെ കേന്ദ്ര കഥാപാത്രമാക്കി ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് സാറാസ്. റിലീസായതിന് പിന്നാലെ
ചിത്രത്തിലെ കാസ്റ്റിങ്ങിലെ വ്യത്യസ്തതയെക്കുറിച്ചുള്ള ചര്‍ച്ചകളും സജീവമായി നടക്കുന്നുണ്ട്.

വ്യത്യസ്ത മേഖലയിലുള്ള നിരവധി പേരെ ജൂഡ് ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബെന്നി പി. നായരമ്പലം, വിനീത് ശ്രീനിവാസന്‍, മല്ലിക സുകുമാരന്‍, കളക്ടര്‍ ബ്രോ പ്രശാന്ത് നായര്‍, അവതാരക ധന്യ വര്‍മ്മ, വിജയ കുമാര്‍ എന്നിവരും ചിത്രത്തിലുണ്ട്.

എന്നാല്‍ ഇപ്പോള്‍ വ്യത്യസ്തമായി കാസ്റ്റിങ്ങ് തെരഞ്ഞെടുക്കാനുള്ള കാരണം തുറന്നു പറയുകയാണ് സംവിധായകന്‍ ജൂഡ്. ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്നു പറഞ്ഞത്.

ആഷിഖ് അബുവിന്റെ സംവിധാനത്തില്‍ 2011ല്‍ പുറത്തിറങ്ങിയ സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്ന ചിത്രം കണ്ടതിന് പിന്നാലെയാണ് തനിക്കും ഇത്തരത്തില്‍ കാസ്റ്റിങ്ങില്‍ പരീക്ഷണം നടത്തണമെന്ന ആഗ്രഹം തോന്നിയതെന്നും ജൂഡ് പറഞ്ഞു.

‘മലയാള സിനിമയില്‍ ഒരു വ്യത്യസ്തമായ കാസ്റ്റിങ്ങ് ചെയ്തത് ആഷിക്ക് അബുവാണെന്നാണ് ഞാന്‍ കരുതുന്നത്. സാള്‍ട്ട് ആന്‍ഡ് പെപ്പറിലെ ബാബുരാജിനെ കാസ്റ്റ് ചെയ്തതാണ് എനിക്ക് ഇഷ്ടപ്പെട്ടത്. നമ്മള്‍ ആരും പ്രതീക്ഷിച്ചില്ല. അദ്ദേഹത്തെ പോലെ ഗുണ്ടാ വേഷങ്ങള്‍ ചെയ്യുന്ന ഒരാളെ പിടിച്ച് വേലക്കാരന്‍ ആക്കും എന്ന്. നല്ല സാധ്യതയുള്ള കഥാപാത്രമായിരുന്നു അത്. അക്കാലത്ത് എന്നിലുള്ള സിനിമാക്കാരനെ അത് വല്ലാതെ സ്വാധീനിച്ചു,’ ജൂഡ് പറഞ്ഞു.

ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ചിത്രം കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ഏറെ പ്രധാനപ്പെട്ട ഒരു വിഷയത്തെ, സുപരിചിതമായ സാഹചര്യങ്ങളില്‍ നിന്നുകൊണ്ട് പ്രേക്ഷകനോട് സംവദിക്കുന്ന ചിത്രമാണ് സാറാസ്.

ഒരു വശത്ത് ഗര്‍ഭിണിയാകല്‍, കുട്ടികള്‍, പാരന്റിംഗ്, കുടുംബം, ബന്ധുജനങ്ങള്‍ എന്നിവയും അപ്പുറത്ത് സ്വന്തം ജീവിതം, സ്വപ്നം, ശരീരം, താല്‍പര്യം എന്നിവ വരുമ്പോള്‍ സ്ത്രീകള്‍ കടന്നുപോകുന്ന സംഘര്‍ഷങ്ങളും ചിത്രം വ്യക്തതയോടെ സംസാരിക്കുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Jude Antony Joseph about casting of Sara’S movie