വിസ്മയ അഭിനയിച്ച് കാണിച്ചപ്പോള്‍ അത്ഭുതപ്പെട്ടു; ലാല്‍ സാറിന്റെ മകളല്ലേ, ആ ലെഗസിയുണ്ടാകുമല്ലോ: ജൂഡ് ആന്തണി
Malayalam Cinema
വിസ്മയ അഭിനയിച്ച് കാണിച്ചപ്പോള്‍ അത്ഭുതപ്പെട്ടു; ലാല്‍ സാറിന്റെ മകളല്ലേ, ആ ലെഗസിയുണ്ടാകുമല്ലോ: ജൂഡ് ആന്തണി
ആര്യ.പി
Monday, 3rd August 2026, 1:28 pm

തുടക്കം എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ തുടക്കം കുറിക്കുകയാണ് വിസ്മയ മോഹന്‍ലാല്‍. ആദ്യമായി വിസ്മയയെ കണ്ടതിനെ കുറിച്ചും ചില സീനുകള്‍ അവരെ കൊണ്ട് അഭിനയിപ്പിച്ചു നോക്കിയതിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ്.

ചില സീനുകള്‍ മായ ചെയ്യുന്നത് കണ്ട് താന്‍ അത്ഭുതപ്പെട്ടെന്നും മോഹന്‍ലാല്‍ എന്ന നടന്റെ ലെഗസി മായയിലൂടെ തുടരുകയാണെന്നും ജൂഡ് പറഞ്ഞു. ആദ്യകാഴ്ചയില്‍ തന്നെ അവരില്‍ ഒരു ഇന്‍ബോണ്‍ ആക്ടര്‍ ഉണ്ടെന്ന് തനിക്ക് മനസിലായെന്നും ജൂഡ് പറഞ്ഞു. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജൂഡ്.

തുടക്കം എന്ന സിനിമയുമായി ബന്ധപ്പെട്ട് സുജി ചേച്ചിയുമായിട്ടായിരുന്നു ഞാന്‍ കൂടുതല്‍ സംസാരിച്ചിരുന്നത്. ഞാന്‍ മായയെ കണ്ടിട്ടില്ല. മൂന്ന് സ്‌ക്രിപ്റ്റുകള്‍ കൊടുത്തിരുന്നു, അതില്‍ ഇതാണ് ഏറ്റവും മികച്ചത്.

ഞാന്‍ മായയെ (വിസ്മയ) ഒന്ന് കാണണമെന്ന് പറഞ്ഞു. അവരുടെ അഭിനയത്തിന്റെ രീതി എന്താണെന്നും കഴിവുകള്‍ എങ്ങനെയാണെന്നും അറിയാന്‍ വേണ്ടിയായിരുന്നു അത്. അങ്ങനെ ആശിര്‍വാദിന്റെ ഓഫീസില്‍ വെച്ചാണ് ഞങ്ങള്‍ ആദ്യമായി കാണുന്നത്.

സിനിമയിലെ സീനുകള്‍ ഒന്നുമല്ല, വളരെ സാധാരണമായ ചില കാര്യങ്ങള്‍ അഭിനയിച്ചു കാണിക്കാന്‍ ഞാന്‍ അവളോട് ആവശ്യപ്പെട്ടു. അവള്‍ അത് ചെയ്തപ്പോള്‍ തന്നെ എനിക്ക് മനസ്സിലായി അവളൊരു ‘ബോണ്‍ ആക്ട്രസ്’ ആണെന്ന്. മായ നല്ല കോണ്‍ഫിഡന്റ് ആയിരുന്നു, പിന്നെ ‘മോഹന്‍ലാല്‍ സാറിന്റെ ലെഗസി’ ഉണ്ടാവുമല്ലോ. അത് ശരിക്കും ഫീല്‍ ചെയ്തു.

നല്ലൊരു ടീമിനെയാണ് ഞങ്ങള്‍ക്ക് ലഭിച്ചത്. മായ അവിടെ കംഫര്‍ട്ടബിള്‍ ആയിരുന്നു. സുജി ചേച്ചി ഷൂട്ടിലുടനീളം ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു. അതും മായയെ കംഫര്‍ട്ടബിള്‍ ആക്കിക്കാണണം. ഒരു പുതുമുഖം എന്ന നിലയില്‍ എനിക്ക് മായയെ അഭിനയിപ്പിച്ചെടുക്കാന്‍ ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല,’ ജൂഡ് പറഞ്ഞു.

ചില സീനുകളില്‍ അവള്‍ അറിയാതെ തന്നെ മനോഹരമായി ഇംപ്രൊവൈസ് ചെയ്യുന്നുണ്ടായിരുന്നു. ഒരിക്കല്‍ ഒരു സീനില്‍ അവള്‍ ചെയ്ത ഒരു കാര്യം കണ്ട് ഞാന്‍ അത്ഭുതപ്പെട്ട് ‘ഇതൊന്ന് കൂടി ചെയ്യാമോ’ എന്ന് ചോദിച്ചപ്പോള്‍ ‘ഞാന്‍ എന്താണ് ചെയ്തത്’ എന്ന് ചോദിച്ചു. അവള്‍ക്ക് തന്നെ അത് അറിയില്ലായിരുന്നു.

ലാലേട്ടനും അങ്ങനെയാണ്, അദ്ദേഹം ഓരോ ടേക്കിലും ചെറിയ രീതിയില്‍ ഇംപ്രൊവൈസ് ചെയ്യും. ആ ഒരു കഴിവ് മായയിലും ഉണ്ടെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. സിനിമ കണ്ടു കഴിയുമ്പോള്‍ ഇത് അവളുടെ ആദ്യത്തെ സിനിമയാണെന്ന് ആരും പറയില്ലെന്ന് എനിക്ക് ഉറപ്പാണ്,’ ജൂഡ് പറഞ്ഞു.

Content Highlight: Jude Anthany Joseph about Vismaya Mohanlal acting Skill

 

ആര്യ.പി
ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.