'എന്തുവന്നാലും നീതി കിട്ടണം' ജാനകി വി. vs സ്റ്റേറ്റ് ഓഫ് കേരള ട്രെയ്‌ലര്‍ പുറത്തിറങ്ങി
Janaki Vs State Of Kerala
'എന്തുവന്നാലും നീതി കിട്ടണം' ജാനകി വി. vs സ്റ്റേറ്റ് ഓഫ് കേരള ട്രെയ്‌ലര്‍ പുറത്തിറങ്ങി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 14th July 2025, 8:31 pm

സുരേഷ് ഗോപി, അനുപമ പരമേശ്വരൻ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി പ്രവീൺ നാരായണൻ സംവിധാനം ചെയ്യുന്ന ജെ.എസ്.കെ (ജാനകി വി. vs സ്റ്റേറ്റ് ഓഫ് കേരള) ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തെത്തി. ചിത്രം ജൂലൈ 17ന് തിയേറ്ററിലെത്തും. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലും ചിത്രം റിലീസാകും. കോർട്ട് റൂം ത്രില്ലർ ചിത്രമാണിത്.

ഡേവിഡ് ആബേൽ ഡോണോവൻ എന്ന അഭിഭാഷകനായാണ് സുരേഷ് ഗോപി വേഷമിടുന്നത്. അനുപമ പരമേശ്വരൻ ടൈറ്റിൽ റോളിൽ ജാനകി വിദ്യാധരൻ എന്ന കഥാപാത്രമായിയെത്തുന്ന ചിത്രത്തിൽ സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷും പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

സുരേഷ് ഗോപിയുടെ മുൻകാല മാസ് ചിത്രങ്ങളെ ഓർമിപ്പിക്കും വിധമുള്ള കഥാപാത്രമായിരിക്കും ഇതെന്നാണ് ട്രെയ്‌ലർ സൂചിപ്പിക്കുന്നത്. ഒരു ഇടവേളക്ക് ശേഷം സുരേഷ് ഗോപി വക്കീൽ വേഷത്തിലെത്തുന്ന ചിത്രമാണ് ജെ.എസ്.കെ.

ശ്രുതി രാമചന്ദ്രൻ, അസ്‌കർ അലി, ദിവ്യ പിള്ള, ബൈജു സന്തോഷ്, ജയൻ ചേർത്തല, ബാലാജി ശർമ എന്നിവരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കാർത്തിക് ക്രിയേഷൻസുമായി സഹകരിച്ച് കോസ്‌മോസ് എന്റർടെയ്ൻമെന്റ് ആണ് സിനിമ നിർമിച്ചത്.

നിയമപോരാട്ടങ്ങൾക്കൊടുവിലാണ് ചിത്രം തിയേറ്ററിലേക്കെത്തുന്നത്. കഴിഞ്ഞ മാസം 27 ന് ആയിരുന്നു ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നത്. എന്നാൽ സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകാത്തതിനെ തുടർന്ന് റിലീസ് മാറ്റിവെക്കുകയായിരുന്നു. പിന്നാലെ ചിത്രത്തിന്റെ നിർമാതാക്കൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ജാനകി എന്ന പേര് ജാനകി .വി എന്നോ വി. ജാനകിയെന്നോ ആക്കാമെന്നും ചിത്രത്തിലെ കോടതിയിലെ ക്രോസ് എക്സാമിനേഷൻ രംഗത്തെ ജാനകി എന്ന പേര് മ്യൂട്ട് ചെയ്യാമെന്നും നിർമാതാക്കൾ കോടതിയെ അറിയിച്ചതിനെ തുടർന്നാണ് സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകിയത്.

Content Highlight: JSK Trailer is Out, Release on July 17