എഡിറ്റര്‍
എഡിറ്റര്‍
‘കാള്‍ മാക്‌സ് ഇന്ത്യയ്ക്കു വേണ്ടി എന്തു ചെയ്തു, മാക്‌സിയന്‍ ഫിലോസഫി എന്തിന് ഇവിടെ പഠിക്കുന്നു, സാതന്ത്ര്യസമരത്തെ ഒറ്റിയത് കമ്യൂണിസ്റ്റുകാര്‍’; ചാനല്‍ ചര്‍ച്ചയില്‍ പൊട്ടിച്ചിരി വിരിയിച്ച് ജെ.ആര്‍ പത്മകുമാര്‍
എഡിറ്റര്‍
Wednesday 25th October 2017 10:16am

കൊച്ചി: ബി.ജെ.പി സ്ഥാപക നേതാവ് ദീന്‍ദയാല്‍ ഉപാധ്യയുടെ ജന്മശതാബ്ദി ആഘോഷിക്കാന്‍ സ്‌കൂളുകള്‍ക്ക് സര്‍ക്കുലര്‍ അയച്ച നടപടി വിവാദമായിരിക്കുകയാണ്. ഇതിനെതിരെ വിമര്‍ശനവുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ ഗൗരവ്വമേറിയ വിഷയം ഇന്നലെ മനോരമ ചാനല്‍ ചര്‍ച്ചയില്‍ തിരി കൊളുത്തിയത് പൊട്ടിച്ചിരിയ്ക്കാണ്. ബി.ജെ.പി നേതാവ് ജെ.ആര്‍ പത്മകുമാറിന്റെ പ്രകടനമാണ് ചിരിയ്ക്ക് കാരണമായത്.

നമ്മുടെ രാഷ്ട്ര നിര്‍മ്മാണത്തില്‍ ദീനദയാല്‍ ഉപാധ്യായ വഹിച്ച പങ്ക് എന്താണെന്നാണ് കേരളത്തിലെ കുട്ടികള്‍ പഠിക്കേണ്ടത് എന്ന അവതാരിക ഷാനിയുടെ ചോദ്യത്തിനുളള മറുപടി പറയുകയായിരുന്നു പത്മകുമാര്‍.

ഇതിന് മറുപടിയായി ദീനദയാല്‍ ഉപാധ്യായയുടെ ആശയങ്ങളില്‍ നിങ്ങള്‍ക്കുളള എതിര്‍പ്പ് എന്താണ് എന്ന ചോദ്യത്തോടെയാണ് ജെആര്‍ പത്മകുമാര്‍ പ്രതികരിച്ചത്. തുടര്‍ന്ന് ഇന്ത്യയുടെ രാഷ്ട്രനിര്‍മ്മാണത്തില്‍ കാറല്‍ മാര്‍ക്‌സ് ചെയ്ത കാര്യങ്ങള്‍ എന്തായിരുന്നുവെന്നും അദ്ദേഹം ചോദിച്ചു. മാര്‍ക്‌സിയന്‍ ഫിലോസഫി ഇവിടെ പഠിക്കുന്നില്ലെന്നില്ലേയെന്നും പത്മകുമാര്‍ ചോദിച്ചതോടെ ചര്‍ച്ചയ്ക്ക് പങ്കെടുക്കാനെത്തിയവരില്‍ ചിരി വിടരാന്‍ തുടങ്ങി.

അപ്പോള്‍, മറ്റു ആരെയും അധിക്ഷേപിക്കാതെ താങ്കള്‍ക്ക് നേരീട്ട് താങ്കളുടെ രാഷ്ട്രീയ നേതാവിന്റെ പങ്കാളിത്തം എന്താണെന്ന് വിശദീകരിക്കാനുളള അവസരമാണ് താങ്കള്‍ മുസ്ലിം ലീഗിനെയും കാറല്‍ മാര്‍ക്‌സിനെയും പഴി ചാരി നഷ്ടപ്പെടുത്തി കൊണ്ടിരിക്കുന്നതെന്ന് ഷാനി പത്മകുമാറിനെ ഓര്‍മ്മിപ്പിച്ചു. ഭാരതത്തിന്റേതായ ഒരു തത്വസംഹിത ക്രോഡീകരിച്ചയാളാണ് ദീനദയാല്‍ ഉപാധ്യായയെന്നായിരുന്നു അതിനുള്ള പത്മകുമാറിന്റെ മറുപടി.


Also Read: ‘മോദി തരംഗം അവസാനിക്കുന്നു’; ഉത്തരാഖണ്ഡില്‍ ജയിക്കാന്‍ സഹായിച്ച ‘ഇ.വി.എം മാജിക്ക്’ ഇനി ഉണ്ടാകില്ലെന്നും ഹരീഷ് റാവത്ത്


പിന്നേയും മുന്നോട്ട് കത്തിക്കയറിയ പത്മകുമാര്‍, ഒരു രാജ്യം സ്വതന്ത്രമാകുന്നത് എങ്ങനെയാണ്, ബ്രിട്ടിഷുകാര്‍ ഇവിടെ ഭരിച്ചു. ഇതിനെക്കാള്‍ നന്നായിട്ട് സോവിയറ്റ് യൂണിയനോ ചൈനയോ ഇവിടെ വന്ന് ഭരിച്ചാല്‍ എല്ലാവര്‍ക്കും സുഖജീവിതം നല്‍കിയാല്‍ എല്ലാം സുഗമമാകുമോയെന്നും ചോദിച്ചു. സ്വാതന്ത്ര്യസമരത്തെ ചര്‍ച്ചയിലേക്ക് പത്മകുമാര്‍ തന്നെ കൊണ്ടു വന്നതോടെ അവതാരികയും മറ്റ് പാനല്‍ അംഗങ്ങളും ആവേശഭരിതരായി.

സ്വാതന്ത്ര സമരം ചെയ്ത് ഈ രാജ്യത്തില്‍ നിന്ന് അവരെ തുരുത്തിയോടിച്ചത് ആരാണ് എന്നായി അവതാരകയുടെ ചോദ്യം. ഇന്ത്യയിലെ ജനങ്ങള്‍ എന്നായിരുന്നു അതിനുള്ള പത്മകുമാറിന്റെ മറുപടി. തൊട്ടു പിന്നാലെ അതിനെ ഒറ്റിയത് ആരായെന്നായിരുന്നു എന്നും പത്മകുമാര്‍ ചോദിച്ചു. തീര്‍ന്നില്ല, കമ്യൂണിസ്റ്റുകാര്‍ക്ക് സ്വാതന്ത്ര്യ സമരത്തില്‍ എന്ത് പങ്കാണ് ഉളളതെന്നും ബ്രിട്ടീഷുകാരുടെ കാശ് വാങ്ങി ഒറ്റിയത് കമ്യൂണിസ്റ്റുകാരണെന്നുമൊക്കെ പത്മകുമാര്‍ തട്ടി വിടാന്‍ തുടങ്ങി. 1963 ലെ റിപ്പബ്ലിക് പരേഡില്‍ പങ്കെടുത്ത ഏക രാഷ്ട്രീയ പ്രസ്ഥാനം രാഷ്ട്രീയ സ്വയം സേവക സംഘമാണ് നെഹ്‌റുവാണ് പങ്കെടുപ്പിച്ചതെന്നും പത്മകുമാര്‍ പറഞ്ഞു.

സ്വാതന്ത്യസമരത്തില്‍ പങ്കെടുത്തുവെന്ന കാരണത്താല്‍ ബ്രിട്ടിഷുകാരോട് മാപ്പ് അപേക്ഷിച്ച നേതാവ് ഏത് സംഘടനയിലാണ് എന്ന് അവതാരികയുടെ മറുചോദ്യം വന്നതോടെ അതുവരെ ചിരിയടക്കി നിന്ന പാനല്‍ അംഗങ്ങള്‍ പോലും പിടി വിട്ട് ചിരിക്കാന്‍ തുടങ്ങി.


Don’t Miss: ‘മോദിണോമിക്‌സ് രാജ്യത്തിന്റെ വളര്‍ച്ചയെ തകര്‍ത്തു’; എല്ലാം ശരിയെന്ന് പറയുന്നവര്‍ ഗുജറാത്തിലെ ജനങ്ങള്‍ പറയുന്നത് കേള്‍ക്കണമെന്നും കോണ്‍ഗ്രസ്


എന്ത് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നിങ്ങള്‍ ഇത് ചോദിക്കുന്നതെന്ന് പത്മകുമാര്‍ ചോദിച്ചു.നിങ്ങള്‍ പറയുന്നതു പോലെ ഒരു തവണയല്ല ആറ് തവണ വി.ഡി. സവര്‍ക്കര്‍ മാപ്പ് എഴുതി കൊടുത്തുവെന്നും അത് സവര്‍ക്കറുടെ ജീവിതദൗത്യം ബ്രിട്ടിഷുകാര്‍ക്കെതിരെ പോരാട്ടമായതിനാലാണെന്നുമായിരുന്നു പത്മകുമാറിന്റെ വാദം. ഓരോ തവണയും മാപ്പ് എഴുതി കൊടുത്തു തിരിച്ചു വന്നിട്ട് അദ്ദേഹം സ്വാതന്ത്യത്തിനു വേണ്ടി പോരാടുകയായിരുന്നുവെന്നും പത്മകുമാര്‍ പറഞ്ഞതോടെ ചിരിയ്ക്ക് വഴി മാറുകയായിരുന്നു.


കടപ്പാട്: മനോരമ

Advertisement