'ഞാന്‍ മയ്യത്തായില്ലല്ലോ എന്നായിരുന്നു അവരുടെ വിഷമം, സൈബര്‍ കൃമികള്‍ക്ക് മറ്റുള്ളവരുടെ മരണവും ആഘോഷം'
Kerala News
'ഞാന്‍ മയ്യത്തായില്ലല്ലോ എന്നായിരുന്നു അവരുടെ വിഷമം, സൈബര്‍ കൃമികള്‍ക്ക് മറ്റുള്ളവരുടെ മരണവും ആഘോഷം'
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 17th September 2023, 5:43 pm

കോഴിക്കോട്: വാഹനാപകടത്തില്‍ പരിക്കേറ്റ തനിക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ വിദ്വേഷ പ്രചരണം നടന്നുവെന്ന് നടന്‍ ജോയ് മാത്യു. അപകടം പറ്റിയതോടെ താന്‍ മയ്യത്തായില്ലല്ലോ എന്നതായിരുന്നു ചിലരുടെ വിഷമമെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ അദ്ദേഹം പറഞ്ഞു.

വെറുപ്പിന്റെ രാഷ്ട്രീയം മനസ്സില്‍ കൊണ്ടുനടക്കുന്ന സൈബര്‍ കൃമികള്‍ക്ക്
മറ്റുള്ളവരുടെ വീഴ്ചയും മരണവും ആഘോഷമാണല്ലോയെന്നും അദ്ദേഹം ചോദിച്ചു.

അപടകടം നടന്ന ശേഷമുള്ള രക്ഷാ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ ചിലര്‍ തെറ്റായ പ്രചരണം നടത്തിയെന്നും ജോയ് മാത്യ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് അപകടസ്ഥലത്ത് നിന്നും തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയ സുഹൈല്‍ എന്നയാളുടെ കുറിപ്പും ഇതോടൊപ്പം ജോയ് മാത്യു പങ്കുവെച്ചു.

ഈ മാസം സെപ്റ്റംബര്‍ അഞ്ചിനായിരുന്നു ജോയ് മാത്യുവിന്റെ വാഹനം അപകടത്തില്‍പ്പെട്ടത്. ചാവക്കാട്- പൊന്നാനി ദേശീയപാത 66 മന്ദലാംകുന്നില്‍ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ജോയ് മാത്യു ഉള്‍പ്പടെ രണ്ട് പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിരുന്നു.

ജോയ് മാത്യുവുന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

പൊതിച്ചോറും സൈബര്‍ കഠാരയും.

ഒരാഴ്ച മുമ്പ് എനിക്ക് ഒരു വാഹനാപകടത്തില്‍ പരിക്ക് പറ്റാനും ആശുപത്രിവാസം അനുഭവിക്കാനുമുള്ള യോഗമുണ്ടായി. ബന്ധുക്കളും സുഹൃത്തുക്കളുമല്ലാതെ പരിചയമില്ലാത്തവര്‍ പോലും എനിക്ക് സംഭവിച്ച അപകടത്തില്‍ വേദനിക്കുകയും ആശ്വസിപ്പിക്കുവാനുമുണ്ടായത് എനിക്ക് ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള ഊര്‍ജമായി. എന്നാല്‍ ഒരു കയ്യില്‍ പോതിച്ചോറും മറുകയ്യില്‍ കഠാരയുമായി നടക്കുന്ന മറ്റൊരു കൂട്ടരുണ്ട്.

അവരുടെ സങ്കടം ‘ഞാന്‍ മയ്യത്തായില്ലല്ലോ’ എന്നതായിരുന്നു.
വെറുപ്പിന്റെ രാഷ്ട്രീയം മനസ്സില്‍ കൊണ്ടുനടക്കുന്ന സൈബര്‍ കൃമികള്‍ക്ക്
മറ്റുള്ളവരുടെ വീഴ്ചയും മരണവും
ആഘോഷമാണല്ലോ!

നവനാസികളുടെ മനോനിലയിലേക്ക് അധപതിച്ച ഇവറ്റകളുടെ തള്ളല്‍ പരാക്രമമാണെങ്കിലോ അവരുടെ നേതാക്കളെപ്പോലും നാണിപ്പിക്കും.
അപകടസ്ഥലത്ത് നിന്നും എന്നെ പൊക്കിയെടുത്ത് ആശുപത്രിയില്‍ എത്തിച്ചത് ഇവന്മാരാണെന്നും ഇനി പൊതിച്ചോറുമായി വരുന്നുണ്ടെന്നും സമൂഹമാധ്യമങ്ങളിലൂടെ തള്ളിമറിക്കുന്നത് കണ്ടു.

എന്നാല്‍ സത്യാവസ്ഥ എന്താണെന്ന് എന്നെ അപകട സ്ഥലത്ത് നിന്നും ആശുപത്രിയിലേക്ക് കൊണ്ടുപോയ സുഹൈല്‍ എന്ന മനുഷ്യസ്നേഹി എഴുതുന്നു.

സെപ്റ്റംബര്‍ 4ആം തിയ്യതി രാത്രി 11 മണിയോടെ മന്ദലാംകുന്ന് സെന്ററില്‍ അപകടം ഉണ്ടായ വിവരം അറിയിക്കുന്നത് കൂട്ടുകാരനായ എന്റെ ക്ലബ്ബിലെ(സ്‌കില്‍ ഗ്രൂപ്പ് ക്ലബ്ബ്) അസ്‌ലം ആയിരുന്നു. അണ്ടത്തോട് ഡ്രൈവേഴ്‌സ് യൂണിയന്‍ ആംബുലന്‍സ് ഡ്രൈവര്‍ ഡ്യൂട്ടിയില്‍ അസ്ലം ഒറ്റയ്ക്ക് ആയിരുന്നു. അസ്ലം വിളിച്ചപ്പോള്‍ അണ്ടത്തോട് നിന്നും രണ്ട് കിലോമീറ്റര്‍ അകലെയുള്ള അപകട സ്ഥലത്തേക്ക് ബൈക്കില്‍ വേഗത്തില്‍ എത്തിയതായിരുന്നു.

കാറും പിക്കപ്പ് വാനും തമ്മില്‍ ഉണ്ടായ അപകടത്തില്‍ കാറില്‍ ഉണ്ടായിരുന്ന നടന്‍ ജോയ് മാത്യു സാര്‍ മൂക്കില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് അണ്ടത്തോട് ഡ്രൈവേഴ്‌സ് ആംബുലന്‍സില്‍ സ്വയം കയറി ഇരുന്നു. പിക്കപ്പ് ഡ്രൈവര്‍ കോഴിക്കോട് താമരശ്ശേരി സ്വദേശി മുജീബിന്റെ കാല്‍ പിക്കപ്പ് വാഹനത്തില്‍ കുടുങ്ങിയത് രക്ഷാപ്രവര്‍ത്തനം സമയം എടുക്കുന്നതിനാല്‍ ഞാനും അസ്‌ലമും ജോയ് മാത്യു സാറുമായി ചാവക്കാട് ഹയാത്ത് ആശുപത്രിയിലേക്ക് പുറപ്പെട്ടു. ആംബുലന്‍സില്‍ ഡ്രൈവര്‍ അസ്ലമും പിറകില്‍ ഞാനും മാത്രമാണ് ചാവക്കാട് ഹയാത്ത് ആശുപത്രിയില്‍ എത്തിക്കുന്നത് വരെ ഉണ്ടായിരുന്നത്.

പിക്കപ്പ് ഡ്രൈവറെ നാട്ടുകാരുടെയും ഗുരുവായൂര്‍ ഫയര്‍ഫോഴ്സിന്റെയും സഹായത്തോടെ മുക്കാല്‍ മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവില്‍ വാഹനത്തില്‍ നിന്നും പുറത്തെടുത്ത് വിന്നേഴ്‌സ് ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

എന്നാല്‍ പിറ്റേദിവസം ഇടതുപക്ഷ പ്രവര്‍ത്തകര്‍ ‘ഇടതുപക്ഷ വിരോധിയായ ജോയ് മാത്യുവിന് അപകടം; ചാവക്കാട്ടെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ആശുപത്രിയില്‍ എത്തിച്ചു’ എന്നുള്ള തരത്തില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിച്ചതായി കണ്ടു. ജോയ് മാത്യു സാറിനെ ആശുപത്രിയില്‍ എത്തിക്കാന്‍ ഉണ്ടായിരുന്ന ഞാനും ആംബുലന്‍സ് ഡ്രൈവര്‍ അസ്ലമും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അല്ല. അപകടങ്ങളില്‍ ഓടിയെത്തുന്നത് ജാതിയും മതവും രാഷ്ട്രീയവും ഒന്നും നോക്കിയല്ല. മന്ദലാംകുന്ന് അപകട സമയത്ത് ഓടിക്കൂടിയ നല്ലവരായ നാട്ടുകാര്‍ വ്യത്യസ്ത രാഷ്ട്രീയ ആശയ ചിന്താഗതികളുള്ള ആളുകളാണ്. മാത്രമല്ല ഡി.വൈ.എഫ്.ഐ നേതൃത്വം നല്‍കിയ ഒരു രക്ഷാപ്രവര്‍ത്തനവും അവിടെ നടന്നിട്ടുമില്ല. ഇടതുപക്ഷ പ്രവര്‍ത്തകരുടെ വ്യാജ പ്രചരണത്തില്‍ എന്നെയും കൂട്ടുകാരന്‍ അസ്‌ലമിനെയും തെറ്റിദ്ധരിക്കരുത്, ഞങ്ങള്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അല്ല’.

അപകടത്തില്‍ പരിക്കേറ്റ എന്നെ ആശുപത്രിയില്‍ എത്തിച്ച സാമൂഹ്യ മാധ്യമങ്ങളിലെ ആ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ കണ്ടെത്തുന്നവര്‍ അറിയിക്കുക. അവര്‍ക്ക് ഇനാം പ്രഖ്യാപിക്കേണ്ടിവരും. (നവനാസികളെ തിരിച്ചറിയണമെങ്കില്‍ കമന്റ് ബോക്‌സില്‍ തിരഞ്ഞാല്‍ കിട്ടും).

Content Highlight: Joy Mathew says that there was hate campaign against him who was injured in a car accident on social media