മനുഷ്യാവകാശത്തിന്റെ പേരില്‍ മഅ്ദനിയെ ന്യായീകരിച്ചതില്‍ ലജ്ജിക്കുന്നു; മഅ്ദനി അര്‍ഹിക്കുന്നയിടത്തുതന്നെയാണ് എത്തിച്ചേര്‍ന്നിരിക്കുന്നത്: വിനു വി. ജോണ്‍
Kerala News
മനുഷ്യാവകാശത്തിന്റെ പേരില്‍ മഅ്ദനിയെ ന്യായീകരിച്ചതില്‍ ലജ്ജിക്കുന്നു; മഅ്ദനി അര്‍ഹിക്കുന്നയിടത്തുതന്നെയാണ് എത്തിച്ചേര്‍ന്നിരിക്കുന്നത്: വിനു വി. ജോണ്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 26th May 2022, 8:21 am

തിരുവനന്തപുരം: ബെംഗളൂരു സ്ഫോടനക്കേസില്‍ വിചാരണ തടവുകാരനായി കഴിയുന്ന അബ്ദുന്നാസര്‍ മഅ്ദനിയെ മനുഷ്യാവകാശ ലംഘനങ്ങളുടെ പേരില്‍ ന്യായീകരിച്ചതില്‍ ലജ്ജിക്കുന്നുവെന്ന് മാധ്യമപ്രവര്‍ത്തകന്‍ വിനു. വി. ജോണ്‍.

‘വിദ്വേഷം വളര്‍ത്തുന്നവര്‍ക്കെതിരെ നടപടിയോ, പി.സി. ജോര്‍ജ് ഇരന്നുവാങ്ങിയ അറസ്‌റ്റോ,’ എന്ന ക്യാപ്ഷനില്‍ സംഘടിപ്പിച്ച ഏഷ്യാനെറ്റ് ന്യൂസിലെ ന്യൂസ് അവര്‍ ചര്‍ച്ചയിലായിരുന്നു വിനുവിന്റെ വിവാദ പരാമര്‍ശം. മഅ്ദനി അര്‍ഹിക്കുന്നയിടത്തു തന്നെയാണ് എത്തി ചേര്‍ന്നതെന്നും വിനു പറഞ്ഞു.

‘മനുഷ്യാവകാശ ലംഘനങ്ങളുടെ പേരില്‍, വിചാരണ തടവുകാരനെന്ന നിലയില്‍ ദീര്‍ഘ കാലം ജയിലില്‍ പാര്‍ത്തയാളെന്ന നിലയില്‍ പലപ്പോഴും പല ചര്‍ച്ചകളിലും മഅ്ദനിയെ ന്യായീകരിച്ചതിന്റെ പേരില്‍ ഞാനും ലജ്ജിക്കുന്നു.

കാരണം ഒരു സമൂഹത്തെ ഇത്രമാത്രം ഭിന്നിപ്പിക്കുന്ന വിഷലിപ്തമായ പ്രസംഗങ്ങള്‍ നടത്തിയ മഅ്ദനി അര്‍ഹിക്കുന്നയിടത്തുതന്നെയാണ് എത്തിചേര്‍ന്നത്.

അതുകൊണ്ട് മര്യാദക്ക്, മര്യാദക്ക്, മര്യാദക്ക് ജീവിച്ചോയെന്ന് വെല്ലുവിളിക്കുന്നവര്‍ അബ്ദുന്നാസര്‍ മഅ്ദനിയുടെ അവസാനകാലത്തെയെങ്കിലും ഓര്‍ക്കണം,’ കഴിഞ്ഞ ദിവസത്തെ ഏഷ്യാനെറ്റ് ന്യൂസിലെ ന്യൂസ് അവര്‍ ചര്‍ച്ച അവസാനിപ്പിച്ച് കൊണ്ട് വിനു വി. ജോണ്‍ പറഞ്ഞു.

അതേസമയം, കോയമ്പത്തൂര്‍ സ്ഫോടനകേസില്‍ പ്രതി ചേര്‍ക്കപ്പെട്ട് ഒമ്പതര വര്‍ഷം ജയിലില്‍ കഴിഞ്ഞതിന് ശേഷമാണ് മഅ്ദനി നിരപരാധിയാണെന്ന് കണ്ടെത്തിയത്. 2007 ആഗസ്റ്റ് ഒന്നിനാണ് കോയമ്പത്തൂര്‍ സ്ഫോടന കേസില്‍ മഅ്ദനി മോചിതനാവുന്നത്.

ഇതിനുശേഷം കേരളത്തില്‍ അദ്ദേഹത്തിന് സര്‍ക്കാര്‍ ബി കാറ്റഗറി സുരക്ഷ അടക്കം ഏര്‍പ്പെടുത്തിയിരുന്നു.എന്നാല്‍, 2008ല്‍ ബെംഗളൂരു നഗരത്തിലെ ഒമ്പതിടങ്ങളില്‍ നടന്ന സ്ഫോടനങ്ങളില്‍ പങ്കുണ്ടെന്ന് ആരോപിച്ച് 2010 ആഗസ്റ്റ് 17ന് കൊല്ലം കരുനാഗപ്പള്ളി അന്‍വാര്‍ശ്ശേരിയില്‍നിന്ന് കര്‍ണാടക പൊലീസിലെ പ്രത്യേകാന്വേഷണ സംഘം മഅ്ദനിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

നിലവില്‍ 2014 മുതല്‍ സുപ്രീം കോടതി നിര്‍ദേശിച്ച കടുത്ത നിബന്ധനകള്‍ക്ക് വിധേയമായുള്ള ജാമ്യത്തില്‍ ബംഗളൂരുവില്‍ കഴിയുകയാണ് മഅ്ദനി. കേസിന്റെ വിചാരണ നടപടികള്‍ അനന്തമായി നീട്ടിക്കൊണ്ടുപോകുകയാണെന്ന ആക്ഷേപം ശക്തമാണ്.