കടല്‍ക്കിഴവന്മാരുടെ 'എംപവേഡ് കമ്മിറ്റിയില്‍' നോക്കുകുത്തിയാകാനില്ലെന്ന പ്രശാന്ത് കിഷോറിന്റെ തീരുമാനത്തിന് വലിയ കയ്യടി: സിന്ധുസൂര്യകുമാര്‍
Kerala News
കടല്‍ക്കിഴവന്മാരുടെ 'എംപവേഡ് കമ്മിറ്റിയില്‍' നോക്കുകുത്തിയാകാനില്ലെന്ന പ്രശാന്ത് കിഷോറിന്റെ തീരുമാനത്തിന് വലിയ കയ്യടി: സിന്ധുസൂര്യകുമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 26th April 2022, 7:43 pm

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസിലേക്കില്ലെന്ന വാര്‍ത്തയ്ക്ക് പിന്നാലെ പ്രതികരവുമായി മാധ്യമപ്രവര്‍ത്തക സിന്ധുസൂര്യകുമാര്‍.

ഒരു മാറ്റത്തിനും തയ്യാറല്ലാത്ത, സ്വതന്ത്ര തീരുമാനങ്ങള്‍ക്ക് സാധ്യതയില്ലാത്ത കടല്‍ക്കിഴവന്മാരുടെ ‘എംപവേഡ് കമ്മിറ്റിയില്‍ ‘നോക്കുകുത്തിയാകാനില്ല എന്ന പ്രശാന്ത് കിഷോറിന്റെ തീരുമാനത്തിന് വലിയ കയ്യടിയെന്ന് സിന്ധു പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അവരുടെ പ്രതികരണം.

20 മുതല്‍ 90 വരെ പ്രായമുള്ള പല ജാതിമതസമുദായങ്ങളില്‍ നിന്നുള്ള, പല സാമ്പത്തിക ശ്രേണികളില്‍ നിന്നുള്ള ചെറുതും വലുതുമായ നേതാക്കളുള്ള ഒരു രാഷ്ട്രീയപ്പാര്‍ട്ടിക്ക് അതിന്റെ ശക്തി കൂട്ടി ദിശാബോധം പകരാന്‍ അതിനകത്തുനിന്ന് തന്നെ നല്ല ടീമിനെ കണ്ടെത്താന്‍ കഴിയാത്തത് നേതൃത്വത്തിന്റെ പരാജയമാണെന്നും സിന്ധുസൂര്യകുമാര്‍ പറഞ്ഞു.

‘പ്രത്യക്ഷ രാഷ്ട്രീയത്തിലില്ലാത്ത എന്നാല്‍ രാജ്യത്ത് പ്രതിപക്ഷം ശക്തമാകണമെന്നും അതില്‍ കോണ്‍ഗ്രസ് വലിയ പങ്ക് വഹിക്കണമെന്നും ആഗ്രഹിക്കുന്ന ഇന്ത്യന്‍ ഭരണഘടനയിലും മതനിരപേക്ഷതയിലും അടിയുറച്ച് വിശ്വസിക്കുന്ന എത്രയോ ചെറുപ്പക്കാരുണ്ട്. അവരിലെത്രയോ പേര്‍ സൗജന്യമായി ഇതിലും നന്നായി ഉപദേശിക്കുമായിരുന്നു!

നേതൃത്വത്തോട് അത് പറഞ്ഞ് തിരുത്താന്‍ കഴിവില്ലാതെ പരിഭവിച്ചും, പറ്റിക്കൂടിയും നില്‍ക്കുന്ന രണ്ട് വിഭാഗവും ആ പരാജയത്തില്‍ പങ്കാളികളാണ്.

Vicious Circle–അങ്ങനെ കറങ്ങിക്കറങ്ങി നേതൃത്വം, പാര്‍ട്ടി നന്നാകണം എന്നാഗ്രഹിക്കുന്ന പ്രവര്‍ത്തകര്‍, ഇവിടെ മരണവേദനയാകുമ്പോള്‍ വിദേശത്തേക്ക് മുങ്ങുന്ന യുവഗാന്ധിമാര്‍ റാഡിക്കലായ മാറ്റത്തിന് തയ്യാറാകാതെ നോ ഗ്രാസ് വില്‍ വാക്. കാലം മാറിയതും രാഷ്ട്രീയം മാറിയതും ഇന്നീ ഇന്ത്യയില്‍ അറിയാത്തത് ഈ ടീമിന് മാത്രമായിരിക്കും.

ഒരു മാറ്റത്തിനും തയ്യാറല്ലാത്ത, സ്വതന്ത്ര തീരുമാനങ്ങള്‍ക്ക് സാധ്യതയില്ലാത്ത കടല്‍ക്കിഴവന്മാരുടെ ‘എംപവേഡ് കമ്മിറ്റിയില്‍ ‘ നോക്കുകുത്തിയാകാനില്ല എന്ന പ്രശാന്ത് കിഷോറിന്റെ തീരുമാനത്തിന് വലിയ കയ്യടി. മാറ്റമില്ലാത്തത് മാറ്റത്തിന് മാത്രമല്ല,’ സിന്ധുസൂര്യകുമാര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസിലേക്കില്ലെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല പറഞ്ഞിരുന്നു. പാര്‍ട്ടിയില്‍ ചേരുന്നില്ലെന്ന് കിഷോര്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ അറിയിച്ചതായും അദ്ദേഹം പറഞ്ഞു.