ബലാത്സംഗം നടന്നതിന്റെ പിറ്റേന്ന് കുളിച്ച് കുറിതൊട്ട് വന്ന് പരാതി നല്‍കണോ? ജഡ്ജിയുടെ 3 വാദങ്ങള്‍ ഖണ്ഡിച്ച് മാധ്യമപ്രവര്‍ത്തകന്‍
Kerala
ബലാത്സംഗം നടന്നതിന്റെ പിറ്റേന്ന് കുളിച്ച് കുറിതൊട്ട് വന്ന് പരാതി നല്‍കണോ? ജഡ്ജിയുടെ 3 വാദങ്ങള്‍ ഖണ്ഡിച്ച് മാധ്യമപ്രവര്‍ത്തകന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 11th December 2025, 8:45 am

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാം ലൈംഗിക പീഡന പരാതിയില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കാനായി ജഡ്ജി മുന്നോട്ട് വെച്ച വാദങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി മാധ്യമപ്രവര്‍ത്തകന്‍.

പരാതി നല്‍കാന്‍ വൈകിയതിനെ ചൊല്ലി കോടതി അതിജീവിതയെ അവിശ്വസിക്കുന്നത് അത്ഭുതകരമാണെന്ന് മാധ്യമപ്രവര്‍ത്തകനായ ശ്രീജന്‍ ബാലകൃഷ്ണന്‍ ഫേസ്ബുക്കിലൂടെ വിമര്‍ശിച്ചു.

സമൂഹത്തില്‍ ഉന്നതനായ, വലിയ സ്വാധീനമുള്ള ഒരാള്‍ക്കെതിരെ ഇപ്പോഴെങ്കിലും ധൈര്യപൂര്‍വം മുന്നോട്ട് വന്ന് പരാതി നല്‍കിയ അതിജീവിതയെ അഭിനന്ദിക്കുകയാണ് സത്യത്തില്‍ ചെയ്യേണ്ടതെന്നും പകരം അവിശ്വസിക്കുകയാണ് വനിതാ ജഡ്ജ് ചെയ്തതെന്നും ശ്രീജന്‍ ചൂണ്ടിക്കാണിക്കുന്നു.

രാഹുലിന് മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നതിനായി ചൂണ്ടിക്കാണിച്ച മൂന്ന് പ്രധാന വാദങ്ങളെയും ഇഴകീറി വിമര്‍ശിക്കുന്നതാണ് ശ്രീജന്റെ കുറിപ്പ്.

പരാതി സമര്‍പ്പിക്കാന്‍ ഉണ്ടായ നീണ്ട വൈകല്‍, പരാതിക്കാരിയുടെ മൊഴിയിലും പരാതിക്ക് ആസ്പദമായി കെ.പി.സി.സി പ്രസിഡന്റ് പൊലീസിന് കൈമാറിയ മെയിലിലും ഉള്ള ചില ഭാഗങ്ങളിലെ വൈരുദ്ധ്യം, ആകെ ഒരു തവണ നടന്ന ലൈംഗിക ബന്ധം ബലാത്സംഗം ആണെന്ന് തെളിയിക്കാന്‍ വേണ്ട സംഗതികള്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയില്ല തുടങ്ങിയ മൂന്ന് വാദങ്ങള്‍ക്കെതിരെയാണ് കുറിപ്പില്‍ വിമര്‍ശനം ഉന്നയിക്കുന്നത്.

തിരുവനന്തപുരം സെഷന്‍സ് ജഡ്ജ് നസീറയുടെ വിധി, കാലിന് അനുസരിച്ച് നല്ല വൃത്തിയായി ചെരുപ്പ് മുറിച്ചെടുത്തതായാണ് തോന്നിയതെന്ന് ഫേസ്ബുക്ക് കുറിപ്പ് പറയുന്നു. വിധിയുടെ പകര്‍പ്പ് പങ്കുവെച്ചാണ് കുറിപ്പ്.

സാധാരണക്കാരായ നമ്മള്‍ കാണുന്ന യുക്തിയല്ല കോടതി കാണുന്നത് എന്ന് ഓരോ ദിവസവും തെളിയുകയുമാണല്ലോ. എന്തായാലും ഇനി ഒരു പരാതിക്കാരിയും തല പൊക്കില്ലെന്ന് ഈ വിധി ഏതാണ്ട് ഉറപ്പിക്കുന്നുണ്ടെന്നും ശ്രീജന്‍ നിരീക്ഷിക്കുന്നു.

ശ്രീജന്‍ ബാലകൃഷ്ണന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

രണ്ടാം ബലാല്‍സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ ജാമ്യം നല്‍കാന്‍ തിരുവനന്തപുരം സെഷന്‍സ് ജഡ്ജ് നസീറ എസ് 3 വാദങ്ങളാണ് പ്രധാനമായും ഉന്നയിക്കുന്നത് – ഒന്ന് : പരാതി സമര്‍പ്പിക്കാന്‍ ഉണ്ടായ നീണ്ട വൈകല്‍,
രണ്ട് : പരാതിക്കാരിയുടെ മൊഴിയിലും പരാതിക്ക് ആസ്പദമായി കെ.പി.സി.സി പ്രസിഡന്റ് പോലീസിന് കൈമാറിയ മെയിലിലും ഉള്ള ചില ഭാഗങ്ങളിലെ വൈരുദ്ധ്യം, മൂന്ന്: ആകെ ഒരു തവണ നടന്ന ലൈംഗിക ബന്ധം ബലാത്സംഗം ആണെന്ന് തെളിയിക്കാന്‍ വേണ്ട സംഗതികള്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയില്ല എന്നത്.

ഇതില്‍ ആദ്യത്തെ പ്രശ്‌നം, പരാതി നല്‍കാന്‍ ഉണ്ടായ രണ്ട് വര്‍ഷത്തെ കാലതാമസം നിരവധി ഹൈക്കോടതി, സുപ്രീം കോടതി വിധികള്‍ സെറ്റില്‍ ചെയ്ത് കഴിഞ്ഞ കാര്യമാണ്. അതായത് ബലാത്സംഗം കഴിഞ്ഞ് പിറ്റേ ദിവസം കാലത്ത് എഴുന്നേറ്റ് കുളിച്ച് കുറിതൊട്ട് പോയി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കണം എന്ന് കോടതികള്‍ പറയുന്നില്ല. മറിച്ച്, അതിജീവിതയ്ക്ക് സാധാരണ മാനസിക നിലയിലേക്ക് മടങ്ങിവരാനുള്ള സമയം, വീട്ടിലെയും തൊഴിലിടത്തിലെയും സാഹചര്യങ്ങള്‍, സമൂഹിക സാഹചര്യങ്ങള്‍ തുടങ്ങിയ കാരണങ്ങളാല്‍ പരാതി വൈകാം എന്ന് തന്നെയാണ് മേല്‍ കോടതികള്‍ തീര്‍പ്പ് കല്പിച്ചിട്ടുള്ളത്.

ഈ കേസില്‍ ആണെങ്കില്‍ രാഹുലിനെ തനിക്ക് പേടിയായിരുന്നു, അയാളുടെ സ്വാധീനം വലുതാണ്, അതിനെ എതിരിടാനുള്ള ശേഷി തനിക്കില്ല എന്നിങ്ങനെ വിശ്വസിക്കാവുന്ന കാരണങ്ങള്‍ പരാതി വൈകാന്‍ കാരണമായി ആ പെണ്‍കുട്ടി പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ഉണ്ടായ പുതിയ സംഭവ വികാസങ്ങള്‍ രാഹുലിനെ പറ്റി പരാതി പറയാന്‍ അവരെ എംപവര്‍ ചെയ്യുകയാണ് ചെയ്തത്. തുടര്‍ന്ന് ധൈര്യപൂര്‍വം പരാതിയുമായി മുന്നോട്ട് വന്ന അതിജീവിതയെ അഭിനന്ദിക്കുകയാണ് സത്യത്തില്‍ ചെയ്യേണ്ടത്. എന്നാല്‍ ഇവിടെ കോടതിക്ക് ആ വൈകല്‍ പരാതിക്കാരിയെ അവിശ്വസിക്കാനുള്ള കാരണമായി മാറുകയാണ്. അത്ഭുതം തന്നെ!


രണ്ടാമത്തെ പ്രശ്‌നം മൊഴികളിലെ വൈരുധ്യമാണ്. ഉത്തരവില്‍ പലയിടത്തും ഇത് വലിയ പ്രശ്‌നമായി ജഡ്ജ് ഉയര്‍ത്തിക്കാട്ടുന്നുണ്ട്. കോടതിക്ക് മുന്നില്‍ അതിജീവിതയുടെ ഒരു മൊഴി മാത്രമാണ് ഉള്ളത്. പഴയ സി.ആര്‍.പി.സി 161 അനുസരിച്ച് എ.ഐ.ജി ജി. പൂങ്കുഴലി രേഖപ്പെടുത്തിയ മൊഴി. ഇതില്‍ ഒരു വൈരുദ്ധ്യവും ഇല്ല. കോടതി ചെയ്തത് കെ.പി.സി.സി പ്രസിഡന്റ് പോലീസിന് കൈമാറിയ അനോണിമസ് ഇ മെയിലിലെ ഉള്ളടക്കവും മൊഴിയിലെ ചില ഭാഗങ്ങളും തമ്മില്‍ ഉള്ള പൊരുത്തക്കേടുകള്‍ എടുത്ത് കാട്ടി മൊഴിയില്‍ വൈരുധ്യമുണ്ടെന്ന് സ്ഥാപിക്കുകയാണ്.

സത്യത്തില്‍ സണ്ണി ജോസഫ് പോലീസിന് നല്‍കിയത് ഇന്‍ഫോര്‍മര്‍ സ്റ്റേറ്റ്‌മെന്റ് ആണ്. ഗൗരവമായ കുറ്റകൃത്യത്തെ പറ്റി സൂചന നല്‍കുന്ന, എന്നാല്‍ ആരാണ് അയച്ചതെന്ന് പോലും ഉറപ്പില്ലാത്ത ഒരു മെയില്‍. അത് പിന്തുടര്‍ന്ന് പോലീസ് അതിജീവിതയെ കണ്ടെത്തി അവരുടെ മൊഴി എടുത്ത് ഫസ്റ്റ് ഇന്‍ഫോര്‍മേഷന്‍ സ്റ്റേറ്റ്‌മെന്റ് തയാറാക്കി കോടതിക്ക് നല്‍കുകയാണ്. അത് കോടതിയുടെ മുന്നില്‍ വന്നാല്‍ അതാവണം പ്രാഥമിക രേഖ. മറ്റേത് അതിലേക്ക് എത്താനുള്ള വഴിയായി മാറിക്കഴിഞ്ഞു അപ്പോഴേക്കും. ഈ രണ്ട് രേഖകളിലും കുറ്റകൃത്യത്തെ പറ്റി പറയുന്ന കാര്യങ്ങള്‍ സമാനമാണ്. ചിലയിടത്ത് സൂക്ഷ്മ വിവരങ്ങള്‍ പറയുമ്പോള്‍ പൊരുത്തക്കേടുകള്‍ ഉണ്ട്.

എന്നാല്‍ അതൊന്നും പരസ്പര വിരുദ്ധമായി മാറുന്നുമില്ല. ഇനി കോടതി സൂക്ഷ്മദര്‍ശിനി വഴി കണ്ടെത്തിയ പൊരുത്തക്കേടുകള്‍ ഒന്ന് പരിശോധിക്കാം. സണ്ണി ജോസഫിന് അയച്ച മെയിലില്‍ സ്വകാര്യത നഷ്ടപ്പെടും എന്നുള്ള ഭയവും ഭാവിയെപ്പറ്റിയുള്ള ആശങ്കയും ആണ് ഇതുവരെ പരാതി പറയാതിരിക്കാന്‍ കാരണം എന്ന് പറഞ്ഞ യുവതി അയാള്‍ കല്യാണം കഴിക്കുമെന്നുള്ള പ്രതീക്ഷയില്‍ കാത്തിരുന്നത് കൊണ്ടാണ് പരാതി വൈകിയതെന്ന് പോലീസിനോട് പറയുന്നു. ഹോ, എന്തൊരു വൈരുദ്ധ്യം!

ഇന്ദിര ഭവനിലേക്ക് പേര് വച്ച് ഇത്തരം ഒരു പരാതി ചെന്നാല്‍ അടുത്ത മണിക്കൂറില്‍ അത് നാട്ടിലെ മൈല്‍ കുറ്റികള്‍ വരെ അറിയുമെന്നത് കൊണ്ടാണ് അതിന് മുതിരാത്തത് എന്ന നഗ്‌ന സത്യമാണ് അവര്‍ പ്രസിഡന്റിനോട് പറഞ്ഞത്. പോലീസിനോട് കൃത്യമായ കാരണവും പറഞ്ഞു. ഇനി മറ്റൊരു പൊരുത്തക്കേട് നോക്കാം, ബലാത്സംഗം കഴിഞ്ഞ ഉടന്‍ കല്യാണം കഴിക്കാന്‍ തയാറല്ലെന്ന് അയാള്‍ പറഞ്ഞെന്നാണ് പ്രസിഡന്റിനുള്ള മെയിലില്‍.

എന്നാല്‍ കല്യാണകാര്യം പിന്നീട് ചര്‍ച്ച ചെയ്യാമെന്ന് പറയുകയും പിന്നെ അതില്‍ നിന്ന് പിന്മാറുകയും ചെയ്തുവെന്ന് പോലീസിനോട് പറഞ്ഞു. അതായത് വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്തു. എന്നിട്ട് വിവാഹത്തില്‍ നിന്ന് പിന്മാറി എന്ന വസ്തുത രണ്ട് മൊഴിയിലും വ്യക്തമാണ്. പക്ഷേ, കോടതിക്ക് സംശയം തീരുന്നില്ല. അടുത്ത വൈരുദ്ധ്യം ബലാല്‍സംഗം കഴിഞ്ഞ് ശരീരത്തിലുണ്ടായ പരിക്കുകള്‍ സുഖമാകാനായി മരുന്ന് വേണ്ടിവന്നു എന്ന് ആദ്യ മെയിലില്‍ പറഞ്ഞ പരാതിക്കാരി പോലീസിനോട് പറഞ്ഞത് വീട്ടുകാര്‍ അറിയുമെന്ന് പേടിച്ച് ചികിത്സ തേടിയില്ല എന്നാണ്. സംഗതി ലളിതമല്ലേ? വീട്ടില്‍ വന്ന ശേഷം അവിടെ ഉണ്ടായിരുന്ന ഓയിന്റ്‌മെന്റ് അല്ലെങ്കില്‍ ബാം പുരട്ടി മുറിവുണക്കിയത് ആവും. ആശുപത്രിയില്‍ പോയില്ല, വീട്ടുകാര്‍ അറിയും എന്നതിനാല്‍ എന്നാവും പോലീസിനോട് പറഞ്ഞത്. വിധിയില്‍ എടുത്ത് എഴുതാന്‍ മാത്രം എന്താണ് വൈരുദ്ധ്യം ഇവിടെ?


ബലാത്സംഗം തെളിയിക്കാന്‍ വേണ്ട വസ്തുതകള്‍ ഇല്ലെന്നതാണ് എടുത്ത പോയിന്റ്. അതായത് ബന്ധം ഉഭയസമ്മത പ്രകാരം എന്ന് സംശയിക്കാം എന്ന്. കാരണമായി പറയുന്നത് ക്രൂര ബലാത്സംഗ ശേഷവും ഇരുവരും ടെലഗ്രാമില്‍ ഒക്കെ മെസ്സേജ് അയച്ചിട്ടുണ്ട് എന്നതാണ്. വിവാഹ വാഗ്ദാനം പാലിക്കണം എന്ന് അതിജീവിത വീണ്ടും അയാളോട് ആവശ്യപ്പെട്ട കാര്യം മൊഴിയിലുണ്ട്. അയാള്‍ വീണ്ടും വാഗ്ദാനം നല്‍കുന്നതും ഉണ്ട്.

ക്രൂരമായ ലൈംഗിക ആക്രമണം നേരിട്ട ഒരു സാധാരണ പെണ്‍കുട്ടി. വീട്ടിലോ കൂട്ടുകാരോടോ പോലും പറയാന്‍ പറ്റാതെ വീര്‍പ്പുമുട്ടുന്നു. ഒപ്പം ധാര്‍മിക പ്രതിസന്ധിയും. അയാളെ കല്യാണം കഴിച്ചാല്‍ ഇതിന് ഒക്കെ പരിഹാരമാകുമെന്ന് 20 വയസുള്ള അവര്‍ ചിന്തിച്ചുപോകുന്നു. ആ ചിന്ത മുതലെടുത്ത് വീണ്ടും പലയിടത്തേക്കും വിളിക്കുന്നുണ്ട് അയാള്‍. അവര്‍ പോയിട്ടില്ല. കൃത്യമായി നോ പറയുന്നുണ്ട്. പഴയ കാര്യങ്ങള്‍ അവളെ ഭയപ്പെടുത്തുന്നുണ്ട്. പക്ഷേ, അതൊന്നുമല്ല കോടതി കാണുന്നത്. എന്തിനാണ് അവള്‍ ആ ക്രൂരനോട് പിന്നെയും മിണ്ടിയത്? ഒറ്റ ചോദ്യമാണ്. പിന്നെ ഇത് ബലാത്സംഗം

അല്ലെന്ന തീര്‍പ്പും. എല്ലാം പറഞ്ഞിട്ട് നിഷ്പക്ഷ അന്വേഷണത്തെ ഇതൊന്നും സ്വാധീനിക്കരുതെന്ന ഉപദേശവുമുണ്ട്.
വിധി വായിച്ചപ്പോള്‍ കാലിന് അനുസരിച്ച് നല്ല വൃത്തിയായി ചെരുപ്പ് മുറിച്ചെടുത്തത് ആയാണ് എനിക്ക് തോന്നിയത്. പിന്നെ സാധാരണക്കാരായ നമ്മള്‍ കാണുന്ന യുക്തിയല്ല കോടതി കാണുന്നത് എന്ന് ഓരോ ദിവസവും തെളിയുകയുമാണല്ലോ. എന്തായാലും ഇനി ഒരു പരാതിക്കാരിയും തല പൊക്കില്ലെന്ന് ഈ വിധി ഏതാണ്ട് ഉറപ്പിക്കുന്നുണ്ട്.
പറയുമ്പോള്‍ മൊത്തം നെഗ് അടിക്കാതെ എന്തെങ്കിലും പോസിറ്റീവ് കാര്യം കൂടെ പറയണമല്ലോ. അങ്ങനെ നോക്കിയപ്പോഴാണ്

ആശ്വാസകരമായ ഒരു സംഗതി കണ്ടത് ബെയിലില്‍ ആയിരിക്കുമ്പോള്‍ ഒരു കുറ്റവും ചെയ്യരുതെന്ന് മാങ്കൂട്ടത്തിലിന് നല്‍കിയിരിക്കുന്ന നിര്‍ദേശമാണ്. തല്‍ക്കാലം എങ്കിലും ബലാല്‍സംഗവും സന്താന ഉല്പാദന പദ്ധതിയും പുള്ളിക്ക് നിര്‍ത്തി വയ്‌ക്കേണ്ടി വരും.

Content Highlight: Journalist points out errors in Rahul’s anticipatory bail verdict