നിങ്ങൾ മുസ്‌ലിമാണ് അതുകൊണ്ടാണ് പാകിസ്ഥാനോട് അനുകമ്പ തോന്നുന്നത്; വിലക്കിന് പിന്നാലെ വയർ സീനിയർ ജേർണലിസ്റ്റിന് നേരെ സൈബർ ആക്രമണം
national news
നിങ്ങൾ മുസ്‌ലിമാണ് അതുകൊണ്ടാണ് പാകിസ്ഥാനോട് അനുകമ്പ തോന്നുന്നത്; വിലക്കിന് പിന്നാലെ വയർ സീനിയർ ജേർണലിസ്റ്റിന് നേരെ സൈബർ ആക്രമണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 10th May 2025, 8:50 am

ന്യൂദൽഹി: സമൂഹമാധ്യമങ്ങളിലൂടെ സമാധാനത്തിന് ആഹ്വാനം ചെയ്ത ദി വയറിലെ സീനിയർ എഡിറ്ററും അവാർഡ് ജേതാവുമായ അർഫ ഖാനം ഷെർവാനിക്കെതിരെ സൈബർ ആക്രമണം. തന്റെ സ്വകാര്യ ഫോൺ നമ്പറും ഇമെയിൽ വിലാസവും സോഷ്യൽ മീഡിയയിൽ ചോർന്നെന്നും പിന്നാലെ കടുത്ത ഇസ്‌ലാമോഫോബിയയും വെറുപ്പും തനിക്ക് നേരെ ഉയരുന്നുവെന്നും അർഫ ഖാനം പറഞ്ഞു.

ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിൽ വർധിച്ചുവരുന്ന അക്രമങ്ങളെക്കുറിച്ചുള്ള അർഫയുടെ നിലപാടിനെതിരെയാണ് ആക്രമണം നടക്കുന്നത്. അവരുടെ വാട്സ്ആപ്പിൽ നിരന്തരമായി ഭീഷണികളും ഇസ്‌ലാമോഫോബിയ സന്ദേശങ്ങളും വരുന്നു.

‘എനിക്ക് നിരന്തരമായി ലൈംഗിക ചുവയുള്ള സന്ദേശങ്ങൾ വരുന്നു. എന്നെ ആക്രമിക്കുമെന്ന് പറയുന്നു. എന്റെ സ്വകാര്യ ഫോൺ നമ്പറും ഇമെയിലും ചോർന്നു. കഴിഞ്ഞ 24 മണിക്കൂറായി എനിക്ക് തുടർച്ചയായി ഭീഷണി സന്ദേശങ്ങളും കോളുകളും ലഭിക്കുന്നു. ഇത് അപകടകരമാണ്. ഇത് സഹിക്കാൻ കഴിയുന്നതല്ല,’ അർഫ ഖാനം എക്‌സിൽ പറഞ്ഞു.

ഇസ്‌ലാമോഫോബിക് അധിക്ഷേപങ്ങൾ, ഭീഷണികൾ, തന്റെ വിശ്വാസത്തെയും പ്രൊഫഷണൽ സത്യസന്ധതയെയും ചോദ്യം ചെയ്തുള്ള അവഹേളനപരമായ പരാമർശങ്ങൾ എന്നിവ ഉൾപ്പെടുന്ന അധിക്ഷേപകരമായ സന്ദേശങ്ങളുടെ സ്ക്രീൻഷോട്ടുകളും അവർ പങ്കിട്ടു.

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള തുടർച്ചയായ അക്രമങ്ങൾക്കിടയിൽ സമാധാനം ആഹ്വനം ചെയ്യുകയും സംഘർഷാവസ്ഥ ലഘൂകരിക്കുന്നതിനെയും പ്രോത്സാഹിപ്പിക്കുന്ന പോസ്റ്റുകൾ ഷെർവാനി പോസ്റ്റ് ചെയ്തതിന് ശേഷം അവർക്ക് നേരെയുള്ള ആക്രമണം വർധിക്കുകയായിരുന്നു. ‘സമാധാനം എന്നാൽ ദേശസ്‌നേഹമാണ്. യുദ്ധം നാശമാണ്. അതിർത്തികളിൽ നിന്നല്ല രക്തം ഒഴുകുന്നത്, മനുഷ്യരിൽ നിന്നാണ്. യുദ്ധം നിർത്തുക. ഇത് രൂക്ഷമാകാൻ അനുവദിക്കരുത്,’ അർഫ ഖാനം കുറിച്ചു.

എന്നാൽ പിന്നാലെ അർഫ ഖാനത്തിനെതിരെ വലിയ സൈബർ അറ്റാക്ക് നടക്കുകയാണ്. ‘നിങ്ങൾ ഒരു മുസ്‌ലിമാണ് അതുകൊണ്ടാണ് നിങ്ങൾക്ക് തീവ്രവാദ പാകിസ്ഥാനോട് ഇത്രയധികം അനുകമ്പ തോന്നുന്നത്. നിങ്ങൾക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഞങ്ങൾ പാകിസ്ഥാനെതിരെ നടപടിയെടുക്കും,’ അർഫക്ക് വന്ന ഒരു കമെന്റിൽ പറയുന്നു.

‘നിങ്ങളുടെ പാകിസ്ഥാനിലെ ഹാൻഡ്‌ലർമാർ നിങ്ങളുടെ ജോലിയിൽ സന്തുഷ്ടരാണെന്ന് കേട്ടു. എന്തുകൊണ്ടാണ് നിങ്ങൾ പാകിസ്ഥാനിൽ പോയി സന്തോഷത്തോടെ അവിടെ സ്ഥിരതാമസമാക്കാത്തത്?,’ മറ്റൊരു വ്യക്തിയുടെ കമന്റ് ഇങ്ങനെയായിരുന്നു.

ഇസ്രഈൽ നീണാൾ വാഴട്ടെയെന്നും ഇസ്‌ലാം നശിക്കാൻ പോകുന്നുവെന്നും മറ്റൊരു വ്യക്തി പറഞ്ഞു. ചന്ദൻ ശർമ എന്ന വ്യക്തി നടത്തുന്നതായി പറയപ്പെടുന്ന ‘ഹിന്ദുത്വ നൈറ്റ്’ എന്ന എക്സ് ഹാൻഡിലാണ് അർഫയുടെ സ്വകാര്യ വിവരങ്ങൾ ചോർത്തിയതിന് പിന്നിലെന്ന് പിന്നിലെന്ന് ആൾട്ട് ന്യൂസിലെ മുഹമ്മദ് സുബൈർ സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം, പ്രമുഖ വാർത്ത വിശകലന പോർട്ടലായ ‘ദി വയർ’ വെബ്സൈറ്റ് കേന്ദ്ര സർക്കാർ ബ്ലോക്ക് ചെയ്തു. 2000ലെ ഐ.ടി ആക്‌ട് പ്രകാരം ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെ ഉത്തരവുകൾ പ്രകാരമാണ് വെബ്സൈറ്റ് രാജ്യവ്യാപകമായി വിലക്കിയതെന്ന് ദി വയർ എക്സിൽ പ്രസിദ്ധീകരിച്ച പ്രസ്‌താവനയിൽ പറഞ്ഞു. സെൻസർഷിപ്പിനെ എതിർക്കുന്നതായും ഈ നീക്കത്തെ എതിർക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം വിവിധ മാധ്യമങ്ങളുടേതടക്കം 8000ത്തോളം അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്യാൻ കേന്ദ്ര സർക്കാർ നിർദേശിച്ചതായി എക്സ് വ്യക്തമാക്കിയിരുന്നു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം മൂർച്ഛിക്കുന്നതിനിടെയാണ് മക്തൂബ് മീഡിയ, ദി കശ്‌മീരിയത്ത്, ഫ്രീ പ്രസ് കശ്മീർ എന്നിവയുടെതടക്കമുള്ള എക്സ് ഹാൻഡിലുകൾ കേന്ദ്രം മരവിപ്പിച്ചത്.

 

 

 

Content Highlight: Journalist Arfa Khanum gets doxxed, Islamophobic threats over call for peace