ഉത്തര്‍പ്രദേശില്‍ അഴിമതി റിപ്പോര്‍ട്ട് ചെയ്തുവെന്നാരോപിച്ച് സര്‍ക്കാരുദ്യോഗസ്ഥരുടെ പീഡനം; ആത്മഹത്യക്ക് ശ്രമിച്ച് പത്രപ്രവര്‍ത്തകനും കുടുംബവും
national news
ഉത്തര്‍പ്രദേശില്‍ അഴിമതി റിപ്പോര്‍ട്ട് ചെയ്തുവെന്നാരോപിച്ച് സര്‍ക്കാരുദ്യോഗസ്ഥരുടെ പീഡനം; ആത്മഹത്യക്ക് ശ്രമിച്ച് പത്രപ്രവര്‍ത്തകനും കുടുംബവും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 30th May 2025, 2:54 pm

ലഖ്‌നൗ: സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പീഡനത്തെ തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച് പ്രാദേശിക പത്രപ്രവര്‍ത്തകനും ഭാര്യയും. സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ്, നഗര്‍ പഞ്ചായത്ത് ചെയര്‍മാന്‍, കോണ്‍ട്രാക്ടര്‍ എന്നിവരുടെ ചൂഷണത്തിന് പിന്നാലെയാണ് ആത്മഹത്യ ശ്രമമെന്നാണ് റിപ്പോര്‍ട്ട്.

ലൈംഗികമായി പീഡിപ്പിച്ചുവെന്നാരോപിച്ച് പത്രപ്രവര്‍ത്തകനും ഭാര്യയും വിഷം കഴിക്കുന്ന ലൈവ് വീഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നു. ബിസാല്‍പൂര്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് നാഗേന്ദ്ര പാണ്ഡെ, ബര്‍ഖേദ നഗര്‍ പഞ്ചായത്ത് ചെയര്‍മാന്‍ ശ്യാം ബിഹാരി ഭോജ്വാള്‍, കോണ്‍ട്രാക്ടര്‍ മോയിന്‍ ഹുസൈന്‍ എന്നിവര്‍ക്കെതിരെയാണ് ആരോപണം. ഇതാണ് അവരെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ബര്‍ഖേദ നഗര്‍ പഞ്ചായത്തില്‍ നടന്ന അഴിമതി റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലയാണ് ഉപദ്രവം തുടങ്ങിയതെന്നാണ് ഇസ്രാര്‍ പബ്ലിഷ് ചെയ്ത വീഡിയോയില്‍ പറയുന്നത്. കുറ്റാരോപിതരായ മൂവരും ചേര്‍ന്ന് കുടുംബത്തെ കള്ളക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായാണ് ഇസ്രാര്‍ വീഡിയോയില്‍ പറയുന്നത്.

പിന്നാലെയാണ് ഇവരുടെ പീഡനം സഹിക്കാവുന്നതിനപ്പുറമാണെന്നും വിഷം കുടിച്ച് ജീവിതം അവസാനിപ്പിക്കുകയാണെന്നും നീതി വേണമെന്നും ഇസ്രാര്‍ ആവശ്യപ്പെടുകയായിരുന്നു.

അതേസമയം ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും ഇസ്രാര്‍ അപകടനില തരണം ചെയ്തുവെന്നും അദ്ദേഹത്തിന്റെ ഭാര്യ ഗുരുതരാവസ്ഥയിലാണെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

അതേസമയം സംഭവത്തില്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ഇടപെടുകയും അന്വേഷിക്കാന്‍ ബര്‍ഖേദ സ്റ്റേഷന്‍ ഹൗസ് ഓഫീസറോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ഇത്തരത്തില്‍ ഒരു പ്രശ്‌നമില്ലെന്നുമാണ് കുറ്റാരോപിതരുടെ വാദം.

Content Highlight: Journalist and family attempt suicide after being harassed by government officials for reporting corruption in Uttar Pradesh