തിരുവനന്തപുരം: ബി.ജെ.പിയെ പിന്തുണച്ച ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ നിലപാട് സഭയുടെ നിലപാടല്ലെന്ന് ക്രൈസ്തവ മേലധ്യക്ഷന്‍മാര്‍. ഇന്നലെ കന്യാസ്ത്രീകളുടെ മോചനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റെ എതിര്‍പ്പിനെ മറികടന്ന് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് കാര്യമായ ഇടപെടലുണ്ടായെന്ന് മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞിരുന്നു.
ബിലാസ്പൂരിലെ എന്‍.ഐ.എ കോടതി കന്യാസ്ത്രീകള്‍ക്ക് ജാമ്യം അനുവദിച്ചതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ച പാംപ്ലാനി കേന്ദ്രത്തിന് നന്ദി അറിയിക്കുകയായിരുന്നു. ജാമ്യം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും കന്യാസ്ത്രീകളുടെ മോചനമായിരുന്നു പ്രധാന ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ എതിര്‍പ്പിനെ മറികടന്ന് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് കാര്യമായ ഇടപെടലുണ്ടായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും എടുത്ത നിലപാടിനെ അങ്ങേയറ്റം ശ്ലാഘിക്കുന്നുവെന്നും മാര്‍ ജോസഫ് പാംപ്ലാനി പ്രതികരിച്ചിരുന്നു.
എന്നാല്‍ സഭക്കുള്ളില്‍ ഇപ്പോഴും കന്യാസ്ത്രീകളുടെ അറസ്റ്റില്‍ ബി.ജെ.പിയോടുള്ള അമര്‍ഷം തുടരുകയാണ്. ബി.ജെ.പി സര്‍ക്കാര്‍ അറസ്റ്റ് ചെയ്ത കന്യാസ്ത്രീകള്‍ എട്ട് ദിവസം ജയിലില്‍ കിടക്കേണ്ടി വന്നത് പ്രോസിക്യൂഷന്റെ നിലപാട് മൂലമാണെന്ന കാര്യം മറക്കാനാവില്ലെന്നും ക്രൈസ്തവ പുരോഹിതര്‍ പറഞ്ഞു.
ജാമ്യം ലഭിച്ചെങ്കിലും ഗുരുതര വകുപ്പുകള്‍ ചുമത്തിയുള്ള കേസ് അവസാനിപ്പിക്കാത്തതിലും കര്‍ശന ഉപാധികള്‍ വെച്ച് മാത്രം ജാമ്യം ലഭിച്ചതിലും സഭക്ക് കടുത്ത പ്രതിഷേധമുണ്ട്. പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ന് ഇരിങ്ങാലക്കുട രൂപതയില്‍ ഇടയലേഖനം വായിച്ചു. അറസ്റ്റില്‍ പ്രതിഷേധം തുടരുമെന്നാണ് ഇടയലേഖനത്തില്‍ പറയുന്നത്.
മൗലികമായ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട് തടവിലാക്കപ്പെട്ട കന്യാസ്ത്രീകളുടെ മോചനത്തിനായി യാതൊരു തരത്തിലുള്ള ഇടപ്പെടലുകളും കേന്ദ്ര ഗവണ്‍മെന്റും ഛത്തീസ്ഗഡ് സര്‍ക്കാരും നടത്തിയിട്ടില്ലെന്നും ലേഖനത്തില്‍ പറയുന്നു.
അത് തീര്‍ത്തും നിരാശാജനകമാണ്. മനുഷ്യകടത്തും മതപരിവര്‍ത്തനും ആരോപിച്ച് ഭാരതത്തിലെ മുഴുവന്‍ ക്രൈസ്തവരെയും നിയന്ത്രിച്ച് നിര്‍ത്താനുള്ള രാഷ്ട്രീയ നിഗൂഢ അജണ്ടയുടെ ഭാഗമാണിതെന്നും ഇടയലേഖനത്തില്‍ പറഞ്ഞു.
Content Highlight: Joseph Pamplany’s stance in supporting BJP is not the stance of the church