ബാലണ്‍ ഡി ഓര്‍ നല്‍കേണ്ടത് ട്രോഫികള്‍ നോക്കിയല്ല; മെസിയെയും റോണോയെയും ചൂണ്ടിക്കാട്ടി മൗറീന്യോ
Sports News
ബാലണ്‍ ഡി ഓര്‍ നല്‍കേണ്ടത് ട്രോഫികള്‍ നോക്കിയല്ല; മെസിയെയും റോണോയെയും ചൂണ്ടിക്കാട്ടി മൗറീന്യോ
ആദർശ് എം.കെ.
Saturday, 29th August 2026, 10:21 pm

 

ചാമ്പ്യന്‍സ് ലീഗോ ലോകകപ്പോ നേടുന്നത് കൊണ്ട് മാത്രം ഒരു കളിക്കാരന്‍ ബാലന്‍ ഡി ഓര്‍ പുരസ്‌കാരത്തിന് അര്‍ഹനാകുന്നില്ലെന്ന് ഇതിഹാസ പരിശീലകന്‍ ജോസെ മൗറീന്യോ.

ടീമുകള്‍ നേടുന്ന ട്രോഫികള്‍ക്ക് ഉപരിയായി, ഫുട്‌ബോളില്‍ വ്യക്തിഗത മികവ് കൊണ്ട് മായാത്ത മുദ്ര പതിപ്പിച്ച കളിക്കാര്‍ക്കാണ് ഈ പ്രശസ്തമായ പുരസ്‌കാരം നല്‍കേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കി.

ലയണല്‍ മെസി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഡിഗോ മറഡോണ, സിനദിന്‍ സിദാന്‍ തുടങ്ങിയ എക്കാലത്തെയും മികച്ച താരങ്ങളെ ചൂണ്ടിക്കാണിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ജോസെ മൗറീന്യോ

എഫ്.സി മലാഗയ്‌ക്കെതിരായ മത്സരത്തിന് മുന്നോടിയായി റയല്‍ മാഡ്രിഡിന്റെ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ചാമ്പ്യന്‍സ് ലീഗോ ലോകകപ്പോ ജയിച്ചു എന്ന ഒറ്റക്കാരണം കൊണ്ട് മാത്രം ഒരു കളിക്കാരന് ബാലന്‍ ഡി ഓര്‍ നല്‍കാന്‍ കഴിയില്ല. എന്നെ സംബന്ധിച്ചിടത്തോളം, കളിക്കുന്നത് നിര്‍ത്തുമ്പോള്‍ എക്കാലവും നമ്മള്‍ ഓര്‍ക്കുന്ന താരങ്ങള്‍ക്കാണ് ബാലന്‍ ഡി ഓര്‍ ലഭിക്കേണ്ടത്.

ഞാന്‍ മറഡോണയെ മിസ് ചെയ്യുന്നൂ, റൊണാള്‍ഡീന്യോ, റൊണാള്‍ഡോ, ക്രിസ്റ്റ്യാനോ, മെസി, സിസൂ , ലോഥര്‍ മത്തേവൂസ്… ഇവരെയെല്ലാം മിസ് ചെയ്യുന്നു,’ മൗറീന്യോ പറഞ്ഞു.

ചാമ്പ്യന്‍സ് ലീഗ് അല്ലെങ്കില്‍ അന്താരാഷ്ട്ര തലത്തിലെ വിജയങ്ങള്‍ക്കാണ് പുരസ്‌കാരം നല്‍കുന്നതെങ്കില്‍, ആ ബഹുമതി അതിന് പിന്നില്‍ പ്രവര്‍ത്തിച്ച പരിശീലകര്‍ക്കോ ടീമുകള്‍ക്കോ ആണ് നല്‍കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ബാലന്‍ ഡി ഓര്‍

‘ചാമ്പ്യന്‍സ് ലീഗ് വിജയത്തെ ആദരിക്കാനാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍, കോച്ചിനുള്ള ബാലന്‍ ഡി ഓര്‍ ലൂയിസ് എന്‌റിക്വിനാണ് നല്‍കേണ്ടത്, അത് ടീമിനെ പ്രതിനിധീകരിക്കുന്ന ഒന്നാണ്.

അതല്ലെങ്കില്‍ സ്‌പെയിന്‍ ദേശീയ ടീമിന് നല്‍കണം. മിസ്റ്റര്‍ ഡി ലാ ഫ്യുവന്റെ തീര്‍ച്ചയായും കോച്ചിനുള്ള ബാലന്‍ ഡി ഓര്‍ അര്‍ഹിക്കുന്നുണ്ട്. ചരിത്രത്തില്‍ ഇടംപിടിക്കുന്ന ഒരു ടീമിന് നല്‍കാവുന്ന ഏറ്റവും വലിയ ആദരവായിരിക്കും അത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോളര്‍ എന്നത് മറ്റൊരു കാര്യമാണ്. അയാള്‍ പാരിസ് സെയ്ന്റ് ജെര്‍മെയ്‌നില്‍ നിന്നോ സ്‌പെയ്ന്‍ ദേശീയ ടീമില്‍ നിന്നോ ആകണമെന്ന് നിര്‍ബന്ധമില്ല.

ലോകത്തിലെ ഏറ്റവും മികച്ച കളിക്കാര്‍ രണ്ടോ മൂന്നോ നാലോ പേരാണ്, അവര്‍ ആരാണെന്നും എവിടെയാണെന്നും നമുക്കറിയാം. അവര്‍ ഇവിടെത്തന്നെയുണ്ട്. ഈ സമ്മറില്‍ വ്യക്തിഗതമായി ചരിത്രം സൃഷ്ടിച്ചത് ആരാണെന്നും നമുക്കറിയാം.

ഒരുപക്ഷേ ബാലന്‍ ഡി ഓര്‍ എന്നത് പൊളിറ്റിക്കലായ ഒന്നു കൂടിയാണ്. രാഷ്ട്രീയം അതില്‍ കടന്നുകൂടുമ്പോള്‍ എനിക്ക് അത് അത്ര താത്പര്യമില്ലാതെയാകും.

 

ബാലന്‍ ഡി ഓറിനെക്കുറിച്ചുള്ള എന്റെ അഭിപ്രായം നിങ്ങള്‍ക്കറിയാമല്ലോ. സ്‌പെയ്ന്‍ ദേശീയ ടീമിനെക്കുറിച്ചോ പി.എസ്.ജിയെ കുറിച്ചോ നമ്മള്‍ പുതുതായി ഒന്നും കണ്ടെത്താന്‍ പോകുന്നില്ല. കളിക്കാരുടെ കാര്യം? അത് വേറൊരു വിഷയമാണ്,’ മൗറീന്യോ വ്യക്തമാക്കി.

 

Content  Highlight: Jose Mourinho says that a player does not become deserving of the Ballon d’Or simply by winning the Champions League or the World Cup.

 

ആദർശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.