ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വമ്പന്മാരായ ചെല്‍സിയും പരിശീലകന്‍ എന്‍സോ മരേസ്‌കയും കഴിഞ്ഞ ദിവസം വേര്‍പിരിഞ്ഞിരുന്നു. 18 മാസം ദി ബ്ലൂസിനെ പരിശീലിപ്പിച്ചാണ് ഇറ്റാലിയന്‍ താരത്തിന്റെ പടിയിറക്കം. യുവേഫ കോണ്‍ഫറന്‍സ് ലീഗും ഫിഫ ക്ലബ് ലോകകപ്പും ചെല്‍സിയ്ക്ക് സമ്മാനിച്ചാണ് കോച്ച് ക്ലബ്ബുമായുള്ള ബന്ധം വേര്‍പ്പെടുത്തിയത്.
2024 ജൂണ്‍ മൂന്നിനായിരുന്നു മരേസ്‌ക പരിശീലക സ്ഥാനം ഏറ്റെടുത്തത്. 2029 വരെ ടീമുമായി കരാര്‍ ഉണ്ടെന്നിരിക്കെയാണ് ഇറ്റാലിയന്‍ പരിശീലകന്റെ പടിയിറക്കം. ഈ സീസണിലെ ടീമിന്റെ മോശം പ്രകടനവും ക്ലബ് ഉടമകളും ആരാധകരുമായും കോച്ചിന്റെ ബന്ധം വഷളായതുമാണ് ഇതിലേക്ക് നയിച്ചത്.
എന്‍സോ മരേസ്‌ക. Photo: Fabrizio Romano/x.com
പരിശീലകനായി സ്ഥാനമേറ്റ ആദ്യ സീസണില്‍ മരേസ്‌കയ്ക്ക് കീഴില്‍ ചെല്‍സി മികച്ച പ്രകടനം നടത്തിയിരുന്നു. എന്നാല്‍, ഈ സീസണില്‍ കാര്യങ്ങള്‍ ആകെ തകിടം മറിഞ്ഞു. അവസാന ഏഴ് മത്സരത്തില്‍ ഒരിക്കല്‍ മാത്രമാണ് ദി ബ്ലൂസ് വിജയിച്ചത്. ഇതാണ് ഇറ്റാലിയന്‍ പരിശീലകന്റെ കസേര തെറിക്കലിലേക്ക് നയിച്ചത്.
ഇതോടെ മരേസ്‌ക കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ ടീം വിടുന്ന ഏഴാമത്തെ പരിശീലകനായിരിക്കുകയാണ്. മൗറീസിയോ സരി, ഫ്രാങ്ക് ലംപാര്‍ഡ്, തോമസ് ടുഷേല്‍, ഗ്രഹാം പോട്ടര്‍, ബ്രുണോ സാള്‍ട്ടര്‍, പൊചെറ്റിനോ എന്നിവരും ഈ കാലയളവില്‍ ടീമിന്റെ പരിശീലകരായെത്തി. എന്നാല്‍ ഇവര്‍ക്കൊന്നും അധികകാലം നീണ്ടുനില്‍ക്കാനായില്ല.
ഇതൊനൊപ്പം തന്നെ ചേര്‍ത്ത് വായിക്കേണ്ട ഒന്നുണ്ട്. 2007ല്‍ ജോഷേ മൗറിഞ്ഞോ പരിശീലക സ്ഥാനം ഒഴിഞ്ഞതിന് ശേഷം പരിശീലകര്‍ക്ക് ചെല്‍സിയില്‍ അധിക ആയുസുണ്ടായിട്ടില്ല. പോര്‍ച്ചുഗല്‍ കോച്ചിന് ശേഷം മരേസ്‌ക അടക്കം 19 പേരാണ് ദി ബ്ലൂസിന്റെ മാനേജരായി എത്തിയത്.
ജോഷേ മൗറിഞ്ഞോ. Photo: Fabrizio Romano/x.com
അതില്‍ ഒരാള്‍ക്ക് പോലും 1000 ദിവസത്തിലധികം ആ കസേരയില്‍ ഇരിക്കാന്‍ സാധിച്ചിട്ടില്ല. ഒടുവില്‍ പരിശീലിപ്പിച്ച മരേസ്‌ക 547 ദിവസം മാത്രം പരിശീലക കസേരയില്‍ ഇരുന്നാണ് പടിയിറങ്ങുന്നത്. 2007ന് ശേഷം ചെല്‍സിയുടെ പരിശീലകരായവരില്‍ ഏറ്റവും കൂടുതല്‍ ദിവസം നിന്നവരില്‍ മുമ്പില്‍ രണ്ടാം ടേമിലെത്തിയ മൗറിഞ്ഞോ തന്നെയാണ് എന്നാണ് മറ്റൊരു കൗതുകം. 927 ദിവസമാണ് 2013ല്‍ വീണ്ടും പരിശീലകനായതിന് ശേഷം പോര്‍ച്ചുഗല്‍ കോച്ച് ചെല്‍സിക്കൊപ്പം ഉണ്ടായിരുന്നത്.