2026 ടി-20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് വെസ്റ്റ് ഇന്‍ഡീസ് തകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 30 റണ്‍സിനാണ് വിന്‍ഡീസിന്റെ വിജയം. ഇതോടെ ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായ രണ്ടാം വിജയം നേടാന്‍ കരീബിയന്‍ പടയ്ക്ക് സാധിച്ചു. വിന്‍ഡീസ് ഉയര്‍ത്തിയ 197 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 166 റണ്‍സിന് പുറത്താവുകയായിരുന്നു.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ത്രീ ലയണ്‍സിന് വേണ്ടി മധ്യ നിരയില്‍ പൊരുതിയത് സാം കറനാണ്. 30 പന്തില്‍ 43 റണ്‍സാണ് താരം നേടിയത്. ഓപ്പണര്‍ ഫില്‍ സാള്‍ട്ട് 30 റണ്‍സും ജേക്കബ് ബെഥല്‍ 33 റണ്‍സും നേടി. വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലര്‍ 14 പന്തില്‍ 21 റണ്‍സ് നേടിയാണ് മടങ്ങിയത്.
എന്നിരുന്നാലും ഒരു വമ്പന്‍ റെക്കോഡ് പൂര്‍ത്തിയാക്കാന്‍ താരത്തിന് സാധിച്ചിരുന്നു. ടി-20 ലോകകപ്പില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യത്തെ വിക്കറ്റ് കീപ്പറാകാനാണ് ബട്‌ലറിന് സാധിച്ചത്.
ടി-20 ലോകകപ്പില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കുന്ന വിക്കറ്റ് കീപ്പര്‍മാര്‍
ജോസ് ബട്‌ലര്‍ (ഇംഗ്ലണ്ട്) – 1000*
ക്വിന്റണ്‍ ഡി കോക്ക് (സൗത്ത് ആഫ്രിക്ക) – 737
കുമാര്‍ സംഗക്കാര (ശ്രീലങ്ക) – 661
മുഹമ്മദ് റിസ്വാന്‍ (പാകിസ്ഥാന്‍) – 557
എം.എസ്. ധോണി (ഇന്ത്യ) – 529
കമ്രാന്‍ അക്മല്‍ (പാകിസ്ഥാന്‍) – 524
അതേസമയം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിന്റെ തുടക്കം തകര്‍ച്ചയോടെയാണ്. സ്‌കോര്‍ ബോര്‍ഡില്‍ എട്ട് റണ്‍സ് ചേര്‍ത്തപ്പോഴേക്കും ടീമിന്റെ ഓപ്പണര്‍മാരായ ബ്രണ്ടന്‍ കിങ്ങിനെയും (1) ഷായി ഹോപ്പിനെയും (0) നഷ്ടമായി. പിന്നീട് ഷിംറോണ്‍ ഹെറ്റ്മേയറും (23) റോസ്റ്റണ്‍ ചെയ്സും (34) ടീമിനെ മുന്നോട്ട് കൊണ്ടുപോയി.
ഇരുവരും പുറത്തായതോടെ ടീമിന്റെ സ്‌കോര്‍ ഉയര്‍ത്തിയത് മധ്യനിരയില്‍ ബാറ്റ് ചെയ്ത ഷെര്‍ഫെയ്ന്‍ റുഥര്‍ഫോര്‍ഡാണ്. 42 പന്തില്‍ ഏഴ് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടെ 76 റണ്‍സെടുത്ത് പുറത്താത്തവത്തെ നിന്നു. ജേസന്‍ ഹോള്‍ഡര്‍ 33 റണ്‍സും നേടിയിരുന്നു.
Content Highlight: Jos Buttler In Great Record Achievement In T20 World Cup