ഇംഗ്ലണ്ടിനെതിരായ അഞ്ച് ടി-20 പരമ്പരയിൽ സമ്പൂർണമായി ഇന്ത്യ പരാജയപ്പെട്ടിരിക്കുകയാണ്. പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യയെ 56 റൺസിന് വീഴ്ത്തി ഇംഗ്ലണ്ട് 4-0ത്തിനാണ് പരമ്പര കൈപ്പിടിയിലാക്കിയത്. പരമ്പരയിലെ ആദ്യ മത്സരം മഴമൂലം ഉപേക്ഷിക്കുകയും ചെയ്തിരുന്നു.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 257 റൺസിന്റെ കൂറ്റൻ ടോട്ടലാണ് ഇന്ത്യക്കെതിരെ അടിച്ചെടുത്തത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യയുടെ ഇന്നിങ്സ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 201 റൺസിൽ അവസാനിക്കുകയായിരുന്നു.
സെഞ്ച്വറി നേടിയ ജോസ് ബട്‌ലറുടെയും ക്യാപ്റ്റൻ ഹാരി ബ്രൂക്കിന്റെയും വെടിക്കെട്ട് ഇന്നിങ്സുകളുടെ കരുത്തിലാണ് ഇംഗ്ലണ്ട് വലിയ വിജയലക്ഷ്യം ഉയർത്തിയത്.
64 പന്തുകളിൽ നിന്നും 131 റൺസാണ് ബട്ലർ അടിച്ചെടുത്തത്. 12 ഫോറുകളും എട്ട് സിക്സുകളും ആണ് ഇംഗ്ലീഷ് വിക്കറ്റ് കീപ്പർ സ്വന്തമാക്കിയത്. ഇന്റർനാഷണൽ ടി-20യിലെ ബട്ലറിന്റെ രണ്ടാം സെഞ്ച്വറിയാണിത്.
ഈ സെഞ്ച്വറിക്ക് പിന്നാലെ ഒരു വമ്പൻ നേട്ടവും ബട്‌ലർ സ്വന്തമാക്കി. ടി-20യിൽ ഏറ്റവും കൂടുതൽ സെഞ്ച്വറികൾ നേടുന്ന വിക്കറ്റ് കീപ്പർമാരിൽ രണ്ടാമനാവാനാണ് ഇംഗ്ലണ്ട് താരത്തിന് സാധിച്ചത്. ഫിൽ സാൾട്ട്, ക്വിന്റൺ ഡി കോക്ക് എന്നിവർക്കൊപ്പമാണ് ബട്‌ലർ രണ്ട് സെഞ്ച്വറികളുമായി എത്തിയത്. ഈ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത് മലയാളി സൂപ്പർ താരം സഞ്ജു സാംസൺ ആണ്. മൂന്ന് സെഞ്ച്വറികളാണ് സഞ്ജുവിന്റെ അക്കൗണ്ടിൽ ഉള്ളത്.
അതേസമയം മത്സരത്തിൽ ക്യാപ്റ്റൻ ബ്രൂക് 45 പന്തിൽ പുറത്താവാതെ 95 റൺസ് നേടിയും തിളങ്ങി. നാല് ഫോറുകളും എട്ട് സിക്സുകളുമാണ് ഇംഗ്ലീഷ് ക്യാപ്റ്റന്റെ ബാറ്റിൽ നിന്നും പിറന്നത്.
ഇംഗ്ലണ്ട് ബൗളിങ്ങിൽ സാം കറൻ മൂന്ന് വിക്കറ്റും ആദിൽ റഷീദ് രണ്ട് വിക്കറ്റും നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. ലിയാം ഡാവ്സൺ, ജോഫ്ര ആർച്ചർ, ജോഷ് ടംങ് എന്നിവർ ഓരോ വിക്കറ്റും നേടി.
ഇന്ത്യക്ക് വേണ്ടി ഇഷാൻ കിഷൻ, തിലക് വർമ എന്നിവർ അർധ സെഞ്ച്വറി നേടി പൊരുതി നിന്നു. 35 പന്തിൽ ഏഴ് ഫോറുകളും രണ്ട് സിക്സും അടക്കം 56 റൺസാണ് ഇഷാൻ നേടിയത്. തിലക് വർമ 25 പന്തിൽ 53 റൺസും സ്വന്തമാക്കി. മൂന്ന് ഫോറുകളും നാല് സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ പ്രകടനം.
Content Highlight: Jos Butler create a new milestone in T20 cricket