മെസിയും റോണോയുമല്ല; എക്കാലത്തെയും മികച്ച ഫുട്ബോളറാരെന്ന സംവാദത്തില്‍ തെരഞ്ഞെടുപ്പുമായി ജീസസ്
Football
മെസിയും റോണോയുമല്ല; എക്കാലത്തെയും മികച്ച ഫുട്ബോളറാരെന്ന സംവാദത്തില്‍ തെരഞ്ഞെടുപ്പുമായി ജീസസ്
ഫസീഹ പി.സി.
Sunday, 19th April 2026, 5:04 pm

ഫുട്‌ബോള്‍ ലോകത്ത് പകരം വെക്കാനില്ലാത്ത ഇതിഹാസങ്ങളാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും. ഇവരില്‍ ആരാണ് മികച്ചതെന്ന് ചോദ്യമെന്നും ആരാധകരെ ഇരു ധ്രുവങ്ങളിലാക്കാറുണ്ട്. ചിലര്‍ക്ക് ഇതിന് ഉത്തരം മെസിയാണെങ്കില്‍ മറ്റുചിലര്‍ക്ക് റൊണാള്‍ഡോ എന്നല്ലാതെ മറ്റൊരു മറുപടിയില്ല.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും.

ഇപ്പോള്‍ ഫുട്‌ബോളില്‍ മികച്ചതാരമെന്ന സംവാദത്തില്‍ തന്റെ അഭിപ്രായം പറയുകയാണ് മുന്‍ സ്പോര്‍ട്ടിങ് സി.പി പരിശീലകനായ ജോര്‍ജ് ജീസസ്. മെസിയോ റൊണാള്‍ഡോയോ അല്ല എക്കാലത്തെയും മികച്ച താരം അര്‍ജന്റൈന്‍ ഇതിഹാസം ഡീഗോ മറഡോണയാണ് എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

മറഡോണക്ക് ഫുട്ബോളിനോടുണ്ടായിരുന്ന പാഷന്‍ മെസിക്കും റൊണാള്‍ഡോയ്ക്കുമില്ലെന്ന് അദ്ദേഹം പറഞ്ഞു. റൊണാള്‍ഡോക്ക് കാല്‍പ്പന്തിനോട് അല്‍പമെങ്കിലും പാഷനുണ്ടെന്നും എന്നാല്‍ മെസിക്ക് അതില്ലെന്നുമാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. 2020ല്‍ നല്‍കിയ അഭിമുഖത്തിലാണ് ജീസസ് ഇക്കാര്യം പറഞ്ഞത്.

ജോര്‍ജ് ജീസസ്. Photo; Lance

‘നിലവില്‍ ഫു്ടബോള്‍ ലോകത്തെ ഏറ്റവും മികച്ച താരങ്ങളില്‍ ക്രിസ്റ്റ്യാനോക്ക് വളരെ കുറച്ചെങ്കിലും ആ പാഷനുണ്ട്. എന്നാല്‍ മെസിക്ക് അത് ഒട്ടുമില്ല. മെസിക്ക് ഒരു തരത്തിലുമുള്ള പാഷനുമില്ല.

മെസി വളരെ മികച്ച താരം തന്നെയാണ് എന്നതില്‍ സംശയമില്ല. പക്ഷേ, ഫുട്ബോളിനെ കുറിച്ചും ആ വികാരത്തെ കുറിച്ചും ഈ ഗെയിമിനോടുള്ള പാഷനെ കുറിച്ചുമാണ് നമ്മള്‍ സംസാരിക്കുന്നത്. ഇത് പരിഗണിക്കുമ്പോള്‍ മറഡോണയാണ് എല്ലാവരെക്കാളും മുകളില്‍ എന്നാണ് എന്റെ അഭിപ്രായം.

ലോകകപ്പുമായി ഡീഗോ മറഡോണ.

പെലെക്കൊപ്പം, മറഡോണ ലോകത്തിലെ ഏറ്റവും മികച്ച താരമായിരുന്നു. മറഡോണ ഏറ്റവും മികച്ചതായിരുന്നുവെന്ന് തന്നെ പറയാം. ഒരു ജീനിയസായിരുന്നു എന്നതിനൊപ്പം കഴിവ് എങ്ങനെ അദ്ദേഹം പുറത്തെടുക്കുന്നുവെന്നതുമാണ് അതിന് കാരണം. എന്നെ സംബന്ധിച്ച് അവിടെയാണ് പ്രധാന വ്യത്യാസം ഉണ്ടാകുന്നത്.

അക്ഷരാര്‍ത്ഥത്തില്‍ ഒരു വേള്‍ഡ് ക്ലാസ് ഫുട്ബോളറായിരുന്നു മറഡോണ. ഫുട്ബോളിനോട് അദ്ദേഹത്തിന് അടങ്ങാത്ത അഭിനിവേശമുണ്ടായിരുന്നു. ഒരു മികച്ച ഫുട്ബോളറാകാന്‍ മാത്രം പിറവിയെടുത്തയാളാണ് അദ്ദേഹം. അദ്ദേഹം ജനിച്ചത് തന്നെ ഒരു ഫുട്ബോളറാകാനുള്ള എല്ലാ ഗുണവും ഉള്‍ക്കൊണ്ടുകൊണ്ടാണ്. കേവലം കഠിനാധ്വാനത്തിന്റെ മാത്രം ഫലമായിരുന്നില്ല, അദ്ദേഹം ജനിച്ചതുതന്നെ ഇങ്ങനെയാണ്,’ ജീസസ് പറഞ്ഞു.

Content Highlight: Jorge Jesus selects Diego Maradona as best footballer ahead of Lionel Messi and Cristiano Ronaldo

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി