കൊച്ചി: ഇപ്പോള്‍ ഈ നാട്ടില്‍ നടക്കുന്നത് അടിയന്തരാവസ്ഥ തന്നെയാണെന്ന് നടന്‍ ജോജു ജോര്‍ജ്. ദല്‍ഹിയിലെ വിദ്യാര്‍ത്ഥി സമരത്തോട് ഐക്യപ്പെട്ട് എറണാകുളം മഹാരാജാസ് കൊളേജില്‍ സംഘടിപ്പിച്ച സാംസ്‌കാരിക കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു ജോജു.
ഇപ്പോള്‍ നമ്മുടെ നാട്ടില്‍ നടക്കുന്നത് അടിയന്തരാവസ്ഥ തന്നെയാണ്. ഒരു രാജ്യത്തിന്റെ വിദ്യാഭ്യാസ വ്യവസ്ഥിതിയെ ഉപദ്രവിക്കുക എന്നതിനെ സ്ലോ പോയിസണിങ്ങായാണ് ഞാന്‍ കരുതുന്നതെന്ന് ജോജു പറഞ്ഞു.
‘നാളെ വരാന്‍ പോകുന്ന ഒരു ഭീകരമായ അന്തരീക്ഷം സ്റ്റാര്‍ട്ട് ചെയ്ത തുടങ്ങി. അതിനെതിരെ പ്രതികരിച്ച കുട്ടികളെ തല്ലിച്ചതയ്ക്കുക പ്രതിപക്ഷ നേതാവിനെ വലിച്ചിഴച്ച് കൊണ്ടുപോവുക. ഇതൊരു അടിയന്തരാവസ്ഥ തന്നെയാണ്,’ എന്നും ജോജു അഭിപ്രായപ്പെട്ടു.
അതിനെതിരെ മാക്‌സിമം ബോധത്തോട് കൂടി പ്രതികരിച്ച നമ്മുടെ നാട്ടിലെ, നമ്മുടെ രാജ്യത്തെ യുവജനങ്ങള്‍ക്കാണ് കൈയടി. ഒരിക്കലും ഇത്തരം പ്രക്ഷോഭങ്ങള്‍ ചരിത്രത്തില്‍ തളര്‍ന്നിട്ടില്ല. വലിയ പ്രതീക്ഷ നല്‍കുന്നതാണ് ഈ പ്രക്ഷോഭമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രഞ്ജിനി ഹരിദാസ്, ആഷിഖ് അബു, കെ.ആര്‍. മീര, എന്‍.എസ് മാധവന്‍ തുടങ്ങിയവരും ചടങ്ങില്‍ സംസാരിച്ചു. ദല്‍ഹിയില്‍ വിദ്യാര്‍ത്ഥികളെ തല്ലിയവരുടെ കൂട്ടത്തില്‍ പൊലീസുകാര്‍ക്ക് പുറമെ സിവിലിയന്‍മാരും ഉണ്ടായിരുന്നുവെന്ന് ചടങ്ങില്‍ എന്‍ എസ് മാധവന്‍ പറഞ്ഞു. മുഖം മറച്ച നിരവധി പേര്‍ മര്‍ദ്ദിക്കാന്‍ എത്തിയെന്നും ഇത് ഭാവിയെക്കുറിച്ച് ഉത്കണ്ഠ ഉണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സമരത്തിനെതിരെ ട്രക്കില്‍ കല്ലുമായി എത്തിയവരും ഉണ്ടായിരുന്നു. ഇത് ഓര്‍മ്മിപ്പിക്കുന്നത് ഹിറ്റ്‌ലറുടെ ചരിത്രമാണെന്നും എന്‍.എസ് മാധവന്‍ പറഞ്ഞു.
രാജ്യത്ത് നിശബ്ദമാക്കാനുള്ള ശ്രമം എല്ലാ തരത്തിലും നടക്കുന്നതായി കെ.ആര്‍ മീര പറഞ്ഞു. തെരുവിലെ സമരം പ്രതീക്ഷ നല്‍കുന്നുവെന്ന് സംവിധായകന്‍ ആഷിഖ് അബു അഭിപ്രായപ്പെട്ടു.
ദല്‍ഹിയിലെ വിദ്യാര്‍ത്ഥി സമരത്തിന് ഐക്യദാര്‍ഡ്യവുമായി റാപ്പര്‍ വേടന്റെയും ഗബ്രിയുടെയും നേതൃത്വത്തില്‍ കൊച്ചി പനമ്പള്ളി നഗറില്‍ ‘പാട്ടും പ്രതിഷേധവും’ എന്ന പേരില്‍ മറ്റൊരു പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരുന്നു. നിലവിലെ പ്രതിസന്ധിയുടെ സാഹചര്യത്തില്‍ വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെടുന്നുവെന്ന് പരിപാടിയില്‍ വേടന്‍ പറഞ്ഞു.
ജാതിവര്‍ഗ്ഗ സാമ്പത്തിക അസമത്വങ്ങള്‍ വര്‍ദ്ധിപ്പിക്കുന്ന പരാജയപ്പെട്ട നയങ്ങള്‍ക്ക് ഒരു ജനാധിപത്യ രാജ്യത്തില്‍ സ്ഥാനമില്ലെന്നും വേടന്‍ അഭിപ്രായപ്പെട്ടു. ‘ഇത് ഞങ്ങളുടെ രാജ്യാവകാശമാണ്. വിദ്യാര്‍ത്ഥികളുടെ രാജ്യാവകാശം,’ അദ്ദേഹം പറഞ്ഞു.
നേരത്തെ നടന്‍മാരായ ടൊവിനോ തോമസ്, ആസിഫ് അലി, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങിയവര്‍ സമൂഹ മാധ്യമ പോസ്റ്റുകളിലൂടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു.
ഇന്നലെ (ജൂലൈ 21, ചൊവ്വ) ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു വിദ്യാര്‍ത്ഥികള്‍ക്ക് നേര്‍ക്കുള്ള പൊലീസ് അതിക്രമത്തെ അപലപിച്ചത്. ദല്‍ഹിയില്‍ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് താന്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
‘ശരിയും തെറ്റും ആപേക്ഷികമായിരിക്കും. പക്ഷേ ഇതല്ല ഒരു സമാധാനപരമായ പ്രതിഷേധത്തെ കൈകാര്യം ചെയ്യുന്നതിനുള്ള മാര്‍ഗം,’ എന്നാണ് പൊലീസ് അതിക്രമത്തെക്കുറിച്ച് ടൊവിനോ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചത്.
യുവാക്കളെ അടിച്ചമര്‍ത്തുന്നവര്‍ ഭാവിയെ തന്നെയാണ് അടിച്ചമര്‍ത്തുന്നത്. അങ്ങനെ ചെയ്യുമ്പോള്‍ ജനാധിപത്യത്തിലുള്ള വിശ്വാസമാണ് ചോര്‍ന്നുപോകുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
ഇതിന് പിന്നാലെ ഇന്ന് ടൊവിനോ തോമസിന്റെ വീടിന് മുന്നില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയും ചെയ്തു. ടൊവിനോയുടെ ഇരിങ്ങാലക്കുടയിലെ വസതിക്ക് മുന്നിലായിരുന്നു പ്രതിഷേധം. വായമൂടിക്കെട്ടിയാണ് യുവമോര്‍ച്ചക്കാര്‍ പ്രതിഷേധിക്കാനെത്തിയത്.
Content Highlight: Joju George at solidarity Program in Kochi in support of the ongoing student protest in Delhi
കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.