മോഷണമോ, റീമേക്കോ, അവിചാരിതമോ; ഇരകളും ജോജിയും തമ്മിലെന്ത്?
Discourse
മോഷണമോ, റീമേക്കോ, അവിചാരിതമോ; ഇരകളും ജോജിയും തമ്മിലെന്ത്?
മുഹമ്മദ് റാഫി എന്‍.വി
Wednesday, 14th April 2021, 4:22 pm

ജോജി ഇരകളുമായി ഒരു ബന്ധവുമില്ലാത്ത സിനിമയാണ് എന്നാണ് തിരക്കഥാകാരന്‍മാര്‍ പറയുന്നത്. ഒരു സിനിമയുടെ ഭാവാന്തരീക്ഷം സൃഷ്ടിക്കുന്നതും പ്രമേയ പരിസരം രൂപപ്പെടുത്തുന്നതും ആഖ്യാനം നിര്‍വഹിക്കുന്നതും അതിലെ കഥാപാത്ര സൃഷ്ടിയില്‍ കൂടിയാണ്. ശരാശരി രണ്ടര മണിക്കൂര്‍ കാഴ്ചയില്‍ കൂടി ജോജി,  ഇരകള്‍ എന്നീ രണ്ട് സിനിമകള്‍ പറയാന്‍ ശ്രമിക്കുന്നത് ജീവിതം തന്നെയാണ്.

സാമൂഹിക സ്ഥാപനമായ കുടുംബത്തിന്റെ ജീവിതം! വ്യക്തികള്‍ കുടുംബത്തിലെ പൗരന്‍മാരോ അതിന്റെ സൃഷ്ടിയോ ഒക്കെയാണല്ലോ. സമൂഹം അതിന്റെ അബോധത്തില്‍ സൂക്ഷിക്കുന്ന പാട്രിയാര്‍ക്കിയും വെട്ടിപ്പിടുത്തവും സ്വാര്‍ത്ഥതയും ഹിംസയും കുടുംബത്തിന്റെ സംഭാവനയാവാതിരിക്കാന്‍ തരമില്ല. കുടുംബമാണ് വ്യക്തികളുടെ നിര്‍മിതി നടത്തി സമൂഹത്തിന് അവരെ സംഭാവന ചെയ്യുന്നത്.

വെട്ടിപ്പിടുത്തവും വേട്ടയും സ്വാര്‍ത്ഥതയും അപര മനുഷ്യനോടുള്ള ക്രൂരതയും എല്ലാമടങ്ങുന്ന മനുഷ്യന്റെ പ്രാക് വാസനകള്‍ ഇല്ലാതാക്കി സംസ്‌കരിക്കേണ്ടത് കുടുംബത്തിന്റെ ഉത്തരവാദിത്തമാണ്. അങ്ങിനെയാണ് സംസ്‌കൃതീകൃത വ്യക്തികള്‍ രൂപപ്പെടുന്നതും സമൂഹത്തിന് അത് മുതല്‍കൂട്ടായി തീരുന്നതും. എന്നാല്‍ പരിഷ്‌കൃതീകൃതമായ സ്വാര്‍ത്ഥതയും ആധിപത്യ മനോഭാവവും ‘മനുഷ്യപ്പറ്റ്’ എന്നൊക്കെ വ്യവഹരിക്കാന്‍ പറ്റുന്ന അപരനോടുള്ള കരുതല്‍ പലവിധത്തില്‍ റദ്ദുചെയ്തും ആധുനികനെ സൃഷ്ടിച്ചു.

പ്രമേയപരമായും ആഖ്യാനപരമായും ജോജിക്ക് ഇരകളോട് ചെറുതല്ലാത്ത സാമ്യമുണ്ട്. അതിന്റെ താരതമ്യത്തില്‍ കൂടി അത് എളുപ്പത്തില്‍ വ്യക്തമാക്കാവുന്നതേയുള്ളു. ഇരകള്‍ ബേബി(ഗണേഷ് കുമാര്‍) യില്‍ കൂടി മുഖ്യ പ്രമേയം നിര്‍വഹിച്ചപ്പോള്‍ ജോജി പനച്ചേല്‍ (ഫഹദ്) എന്ന കഥാപാത്രത്തില്‍ കൂടിയാണ് ജോജി സോഷ്യല്‍ സെല്‍ഫിഷ് സൈക്കോ എന്ന നരേഷന്‍ നടത്തുന്നത്.

രണ്ട് പേരും മാത്തുക്കുട്ടി (തിലകന്‍) കുട്ടപ്പന്‍ പി.കെ. പനച്ചേല്‍ (പി.എന്‍ സണ്ണി) എന്നീ രണ്ട് പാട്രിയാര്‍ക്കി നരേഷന്റെ ഇരകളോ നിര്‍മിതിയോ ആണ്. അവര്‍ സ്വാര്‍ത്ഥതയും ഹിംസയും എല്ലാം കണ്ട് വളര്‍ന്ന മോഡേണ്‍ പ്രാഗ് മാറ്റുകളായ മസ്‌ക്കുലിന്‍ സൈക്കോകളാണ്. ഇരകളില്‍ ബേബിയുടെ സഹപാഠി ആയി ഷമ്മി തിലകന്‍ വരുമ്പോള്‍ ജോജിയുടെ സഹപാഠി ആയി റബര്‍ എസ്റ്റേറ്റിലെ തൊഴിലാളി വരുന്നു. രണ്ട് സൈക്കോകളും ആദ്യം ഹിംസ പ്രയോഗിക്കുന്നത് കുടുംബത്തിനകത്തല്ല.

കോളേജില്‍ റാഗിങ്ങില്‍ കൂടിയും റബര്‍ തോട്ടത്തില്‍ പണിയെടുത്തും ചൂണ്ടയിട്ടും മറ്റും പുലരുന്ന ഫ്യുഡല്‍ ഇതര ജീവിതങ്ങളുടെ മേലാണ്. ഇരകള്‍ എന്ന സിനിമയില്‍ അത് ഗംഭീരമായി ആഖ്യാന നിര്‍വഹണം നടത്തുന്നുണ്ട്. (ജോജി കേവലമൊരു ഒ.ടി.ടി കാഴ്ചക്കു വേണ്ടി കുറച്ച് ബ്രില്യന്റ് ന്യുജന്‍ ഡയലോഗുകള്‍ കൊണ്ട് തട്ടിക്കൂട്ടിയ പല നരേഷനുകളും ഇരകളുടെ ഏഴയലത്ത് എത്തില്ല എന്നത് മറ്റൊരു കാര്യം) ഇരകളിലെ സണ്ണി (സുകുമാരന്‍), ബാലന്‍ (വേണു നാഗവള്ളി) കോശി എന്നീ കഥാപാത്രങ്ങളുടെ ആഖ്യാന സവിശേഷതകള്‍ ഏതാണ്ട് മുഴുവന്‍ അഡാപ്റ്റ് ചെയ്താണ് ജോമോന്‍ പനച്ചേല്‍ (ബാബുരാജ്) ജെയ്‌സണ്‍ പനച്ചേല്‍ (ജോജി മുണ്ടക്കയം) എന്നീ കഥാപാത്രങ്ങളിലെ മനുഷ്യാവസ്ഥകള്‍ ജോജിയില്‍ സൃഷ്ടിച്ചത്.

ശ്രീവിദ്യയുടെ ആനിക്ക് പകരം ജോജിയില്‍ ബിന്‍സി(ഉണ്ണിമായ പ്രസാദ്) യെ നരേറ്റ് ചെയ്തു. ഫാദര്‍ കെവിന്‍ (ബാസില്‍ ജോസഫ്) ജോജിയില്‍ ഉണ്ടങ്കില്‍ ഇരകളിലെ പുരോഹിതന്‍ ഭരത് ഗോപിയാണ്. ഇപ്പറഞ്ഞതിന് ജോജി ഇരകളുടെ റീമേക്ക് ആണ് എന്ന് അര്‍ത്ഥമില്ല. കാരണം ഇരകള്‍ എന്ന സിനിമ എഴുതിയതും സംവിധാനം ചെയ്തതും കെ.ജി. ജോര്‍ജ് എന്ന മാസ്റ്റര്‍ സംവിധായകനാണ്. അത് റീമേക് ചെയ്യണമെങ്കില്‍ കെ.ജി. ജോര്‍ജിന്റെ ഏതെങ്കിലും തരത്തിലുള്ള കണ്‍സേണ്‍ വേണമെല്ലോ.

ജോജി പ്രമേയപരമായും ക്യാരക്ടര്‍ നരേഷന്റെ കാര്യത്തിലും പരിചരണത്തിലും ഇരകളോട് സാമ്യമുണ്ട്. അത് ആര് നിഷേധിച്ചാലും രണ്ട് സിനിമകളും കണ്ടവര്‍ക്ക് എളുപ്പം ബോധ്യപ്പെടുന്ന കാര്യം തന്നെ! രണ്ടും ഡീല്‍ ചെയ്യുന്നത് ഒരേ മനുഷ്യ കഥാനു ഗായികമായ ജീവിതം തന്നെ.

ഇരകള്‍ 35 വര്‍ഷം മുമ്പ് ഇറങ്ങി സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയ മലയാളത്തിലെ സോഷ്യല്‍ സൈക്കോ വിഭാഗത്തില്‍ പെട്ട സിനിമയായിരുന്നു. വൈയക്തികമായ മാനസിക പ്രശ്‌നങ്ങള്‍ പലപ്പോഴും വ്യക്തികളെ അപകടപ്പെടുത്തുമ്പോള്‍ സമൂഹത്തിന് പലവിധത്തില്‍ അപകടമായിത്തീരാനിടയുള്ള മനുഷ്യന്റെ ഹിംസയും വെട്ടിപ്പിടുത്ത മനോഭാവവും ഒക്കെ അടങ്ങുന്ന അവസ്ഥകളെയും ഏകാധിപത്യ പ്രവണതയും സ്വാര്‍ത്ഥതയും പാട്രിയാര്‍ക്കിയും മറ്റും സൃഷ്ടിക്കുന്ന സാഹചര്യ നിര്‍മിതിയായ വ്യക്തി എന്ന ആന്റി സോഷ്യല്‍ സൈക്കോ ക്രിമിനലിസത്തെ നരേറ്റ് ചെയ്താണ് ഇരകള്‍ സാമൂഹിക രാഷട്രീയ സൈക്കോ ത്രില്ലര്‍ എന്ന നിലക്ക് ശ്രദ്ധേയമായത്.

അടിയന്തിരാവസ്ഥക്കു ശേഷം വന്ന സിനിമ എന്ന നിലക്ക് ഇന്ദിരാഗാന്ധിയെയും സഞ്ജയ് ഗാന്ധിയെയും ബന്ധപ്പെടുത്തി ഈ സിനിമക്ക് രാഷ്ട്രീയ വായനയും വന്നിരുന്നു. ഒരു വ്യക്തി അവന്റെ ഹെറിഡിറ്ററിയുടെയും കുട്ടിക്കാലത്തിന്റെയും കൂടി ഉല്‍പ്പന്നമാണ് എന്ന മനശ്ശാസ്ത്ര തത്വത്തെയും രണ്ട് സിനിമകളും പങ്കിടുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Joji and Irakal a Comparison- Muhammed Rafi N.V

മുഹമ്മദ് റാഫി എന്‍.വി
എഴുത്തുകാരന്‍, കഥാകൃത്ത്, ചലച്ചിത്ര നിരൂപകന്‍, അധ്യാപകന്‍. ചലച്ചിത്ര പഠനങ്ങളുടെ സമാഹാരമായ കന്യകയുടെ ദുര്‍നടപ്പുകള്‍ 2018 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് രചനാവിഭാഗം ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടിയിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ നടുവണ്ണൂര്‍ സ്വദേശിയാണ്.