തിരുവനന്തപുരം: സംസ്ഥാനത്തെ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പുന:പരിശോധിക്കുമെന്ന് സംസ്ഥാന ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക്. നിയമസഭയിലെ ചോദ്യോത്തര വേളയിലാണ് ഇത് സംബന്ധിച്ച തീരുമാനം മന്ത്രി വ്യക്തമാക്കിയത്.
പ്രഖ്യാപിച്ച പദ്ധതിയില്‍ നിന്ന് മാറുമ്പോള്‍ പ്രത്യാഘാതം ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും ഇതേക്കുറിച്ച് പഠിക്കാന്‍ ജഡ്ജി അടങ്ങുന്ന സമിതിയെ രണ്ടാഴ്ചയ്ക്കകം നിയമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജീവനക്കാര്‍ നിക്ഷേപിച്ച തുകകള്‍ തിരിച്ചു കൊടുക്കണോ അതോ ഇ.പി.എഫില്‍ ലയിപ്പിക്കണോ എന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്നും തോമസ് ഐസക് പറഞ്ഞു.
കഴിഞ്ഞ യൂ.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് 2013ല്‍ ആണ് പങ്കാളിത്ത പെന്‍ഷന്‍ ആരംഭിച്ചത്. നിലവില്‍ എഴുപതിനായിരത്തോളം സര്‍ക്കാര്‍ ജീവനക്കാര്‍ ഇതില്‍ അംഗങ്ങളാണ്. പദ്ധതിപ്രകാരം ഓരോ ജീവനക്കാരനും അടിസ്ഥാനശമ്പളവും ക്ഷാമബത്തയും ചേര്‍ന്ന തുകയുടെ പത്തുശതമാനംപെന്‍ഷന്‍ അക്കൌണ്ടിലേക്ക് പ്രതിമാസം അടയ്ക്കണം.
