എഡിറ്റര്‍
എഡിറ്റര്‍
‘ഇത് ഏകാധിപത്യമാണ്’; സെക്‌സി ദുര്‍ഗ്ഗയേയും ന്യൂഡിനേയും ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് സിനിമാ പ്രവര്‍ത്തകരുടെ സംയുക്ത പ്രസ്താവന
എഡിറ്റര്‍
Thursday 16th November 2017 6:13pm

കൊച്ചി: ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യയിലെ ഇന്ത്യന്‍ പനോരമയില്‍ നിന്നും സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത സെക്‌സി ദുര്‍ഗ്ഗ, രവി ജാധവ് ഒരുക്കിയ ന്യൂഡ് എന്നീ ചിത്രങ്ങളെ ഒഴിവാക്കിയതില്‍ പ്രതിഷേധവുമായി സിനിമാ പ്രവര്‍ത്തകര്‍.

സെക്സി ദുര്‍ഗ, രവി ജാധവ് സംവിധാനം ചെയ്ത ന്യൂഡ് എന്നീ ചലച്ചിത്രങ്ങളെ പനോരമ സെലക്ഷനില്‍ നിന്ന് ഒഴിവാക്കാനുള്ള വാര്‍ത്താവിനിമയ മന്ത്രാലയത്തിന്റെ ഏകപക്ഷീയമായ, ഫാഷിസ്റ്റ് തീരുമാനത്തെ ഞങ്ങള്‍ എതിര്‍ക്കുന്നുവെന്ന് സംയുക്ത പ്രസ്താവനയിലൂടെ സിനിമാ പ്രവര്‍ത്തകര്‍ അറിയിച്ചു.

ആഷിഖ് അബു, രാജീവ് രവി, ലിജോ പെല്ലിശ്ശേരി, ദീലീഷ് പോത്തന്‍, ഗീതു മോഹന്‍ദാസ്, റഫീഖ് അഹമ്മദ്, റിമ കല്ലിങ്കല്‍, വി.കെ.ശ്രീരാമന്‍, സൗബിന്‍ സാഹിര്‍, വിധു വിന്‍സെന്റ്, ശ്യാം പുഷ്‌കരന്‍, ഫൗസിയ ഫാത്തിമ, ഷൈജു ഖാലിദ്, മധു നീലകണ്ഠന്‍, ബിജിപാല്‍, ഷാബാസ് അമന്‍, അജിത് കുമാര്‍ ബി, അന്‍വര്‍ അലി, ഇന്ദു വി.എസ്, കമല്‍ കെ, സൗമ്യ സദാനന്ദന്‍, ആഷ ജോസഫ് എന്നിവരാണ് സംയുക്ത പ്രസ്താവന പുറത്തിറക്കിയത്.


Also Read: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് വനിതാ ഹോസ്റ്റലില്‍ ക്യാമറ; നടപടി കുട്ടികളുടെ ‘സദാചാരം പരിശോധിക്കാന്‍’


ഇന്ത്യന്‍ ചലച്ചിത്രമേഖലയ്ക്ക് അഭിമാനമാകേണ്ട രണ്ട് ചിത്രങ്ങള്‍ ഒഴിവാക്കപ്പെടുന്നു എന്നതിനപ്പുറത്തേയ്ക്ക്, ചലച്ചിത്രമേളയിലേയ്ക്ക് ചിത്രങ്ങള്‍ തിരഞ്ഞെടുക്കാന്‍ നിയമിക്കപ്പെടുന്ന സ്വതന്ത്ര ജൂറിയുടെ, തിരഞ്ഞെടുപ്പിനേയും നിലപാടുകളേയും തീരുമാനങ്ങളേയും ചോദ്യം ചെയ്യുന്ന തികച്ചും ഏകാധിപത്യപരമായ നിലപാടാണ് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളതെന്നും പ്രസ്താവനയില്‍ പറയുന്നു.

സംയുക്ത പ്രസ്താവനയുടെ പൂര്‍ണ്ണരൂപം

സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത സെക്സി ദുര്‍ഗ, രവി ജാധവ് സംവിധാനം ചെയ്ത ന്യൂഡ് എന്നീ ചലച്ചിത്രങ്ങളെ പനോരമ സെലക്ഷനില്‍ നിന്ന് ഒഴിവാക്കാനുള്ള വാര്‍ത്താവിനിമയ മന്ത്രാലയത്തിന്റെ ഏകപക്ഷീയമായ, ഫാഷിസ്റ്റ് തീരുമാനത്തെ ഞങ്ങള്‍ എതിര്‍ക്കുന്നു. ഇതുമൂലം 48-ാം അന്തരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഈ ചിത്രങ്ങളുടെ പ്രദര്‍ശനം ഒഴിവാക്കപ്പെടുകയാണ്. സുജോയ്ഘോഷിനെ പോലെ ദേശീയ-അന്തര്‍ദ്ദേശീയ രംഗത്ത് പ്രശസ്തനായ, വിഖ്യാത ചലച്ചിത്ര സംവിധായകന്‍ അധ്യക്ഷനായ ജൂറിയാണ് സെക്സി ദുര്‍ഗയും ന്യൂഡും പനോരമ ചിത്രങ്ങളുടെ ഭാഗമായി തിരഞ്ഞെടുത്തത്, അതുവഴി, 48-ാം അന്തരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ ഇന്ത്യന്‍ പ്രാതിനിധ്യമായും. ആ തീരുമാനത്തെ കേന്ദ്രസര്‍ക്കാര്‍ അട്ടിമറിച്ചിരിക്കുകയാണ്. അതിനോടുള്ള പ്രതിഷേധമായി ജൂറി അധ്യക്ഷന്‍ ആ പദവി രാജിവയ്ക്കുക വരെ ചെയ്തു. അഥവാ 2017 ലെ അന്തരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ ഇന്ത്യന്‍ ജൂറി അപമാനിതരായി ഇറങ്ങിപ്പോയിരിക്കുന്നു.
അന്തരാഷ്ട്ര തലത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ട, ഇന്ത്യന്‍ ചലച്ചിത്രമേഖലയ്ക്ക് അഭിമാനമാകേണ്ട രണ്ട് ചിത്രങ്ങള്‍ ഒഴിവാക്കപ്പെടുന്നു എന്നതിനപ്പുറത്തേയ്ക്ക്, ചലച്ചിത്രമേളയിലേയ്ക്ക് ചിത്രങ്ങള്‍ തിരഞ്ഞെടുക്കാന്‍ നിയമിക്കപ്പെടുന്ന സ്വതന്ത്ര ജൂറിയുടെ, തിരഞ്ഞെടുപ്പിനേയും നിലപാടുകളേയും തീരുമാനങ്ങളേയും ചോദ്യം ചെയ്യുന്ന തികച്ചും ഏകാധിപത്യപരമായ നിലപാടാണ് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളത്. ഞങ്ങള്‍ ആ നിലപാടിനെ അപലപിക്കുന്നു.

Advertisement