അയാളിലൂടെയാണ് സിനിമയിലേക്കുള്ള വാതില്‍ തുറന്ന് കിട്ടിയത്; ആ വാക്കുകള്‍ എനിക്ക് ധൈര്യം പകര്‍ന്നു: ജോണി ആന്റണി
Malayalam Cinema
അയാളിലൂടെയാണ് സിനിമയിലേക്കുള്ള വാതില്‍ തുറന്ന് കിട്ടിയത്; ആ വാക്കുകള്‍ എനിക്ക് ധൈര്യം പകര്‍ന്നു: ജോണി ആന്റണി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 27th August 2025, 4:20 pm

സംവിധായകന്‍, നടന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനാണ് ജോണി ആന്റണി. സി.ഐ.ഡി മൂസ, കൊച്ചി രാജാവ്, തുറുപ്പുഗുലാന്‍, ഈ പട്ടണത്തില്‍ ഭൂതം ഉള്‍പ്പെടെയുള്ള ജനപ്രിയ സിനിമകള്‍ സമ്മാനിച്ചത് ജോണി ആന്റണി ആയിരുന്നു.

നിര്‍മാതാവ് ജോക്കുട്ടനിലൂടെയാണ് അദ്ദേഹം തന്റെ സിനിമാ പ്രവേശം നടത്തിയത്. ഇപ്പോള്‍ ജോക്കുട്ടനെ കുറിച്ചും തന്റെ സിനിമാ കരിയറിനെ കുറിച്ചും സംസാരിക്കുകയാണ് ജോണി ആന്റണി.

നിര്‍മാതാവ് ജോക്കുട്ടനിലൂടെയാണ് തനിക്ക് സിനിമയിലേക്കുള്ള വാതില്‍ തുറന്നിടുന്നതെന്ന് ജോണി ആന്റണി പറയുന്നു. തനിക്ക് മുമ്പേ 80കളില്‍ സിനിമാ മോഹവുമായി ജോക്കുട്ടന്‍ കോടമ്പാക്കത്തേക്ക് വണ്ടി കയറിയിരുന്നുവെന്നും അസി. ഡയറക്ടറാകണമെന്ന ലക്ഷ്യത്തോടെയാണ് ചെന്നതെങ്കിലും കാര്യങ്ങള്‍ ശരിയാംവിധം നടന്നില്ലെന്നും അദ്ദേഹം പറയുന്നു. സിനിമയെടുത്തെങ്കിലും സാമ്പത്തിക വിജയമുണ്ടായില്ലെന്നും പിന്നീട് സിനിമാമോഹം ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങുകയായിരുന്നുവെന്നും ജോണി ആന്റണി പറഞ്ഞു.

‘ജോക്കുട്ടനും ഞാനും ഓരേ നാട്ടുകാരാണ്. ചെറുപ്പംതൊട്ടേ ഞങ്ങള്‍ തമ്മില്‍ അടുത്ത പരിചയമാണ്. സിനിമയോടുള്ള എന്റെ അതിയായ താത്പര്യം കണ്ട് അന്ന് അദ്ദേഹം എന്നോട് പറഞ്ഞു. ‘നിന്നെ ഞാന്‍ ചെന്നൈയിലേക്ക് കൊണ്ടുപോകാം.

അവിടെവെച്ച് പല പ്രമുഖരെയും കാണാം, പരിചയപ്പെടാം, സൗഹൃദമുണ്ടാക്കി അതുവഴി സിനിമയിലെത്താം’എന്ന്. ആ വാക്കുകളിലുടെ എന്നില്‍ പടര്‍ന്ന ധൈര്യവും ആത്മവിശ്വാസവും കുറച്ചധികം തന്നെയായിരുന്നു. അങ്ങനെയാണ് കൗമാര പ്രായത്തില്‍ ഞാന്‍ ചെന്നൈയിലേക്ക് വണ്ടി കയറിയത്,’ ജോണി ആന്റണി പറഞ്ഞു.

അഭിനയം എന്നത് അന്ന് തന്റെ മനസില്‍പോലുമുണ്ടായിരുന്നില്ലെന്നും സിനിമ പഠിക്കണമെന്നും സംവിധാനം ചെയ്യണമെന്നുമായിരുന്നു തന്റെ ഉദ്ദേശമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചെന്നൈയില്‍ പുതിയ ലോകമായിരുന്നെങ്കിലും ദാരിദ്ര്യവും കഷ്ടപ്പാടും ആവോളമുണ്ടായിരുന്നുവെന്നും ജോക്കുട്ടനാണ് സാമ്പത്തികമായി സഹായം നല്‍കിയതെന്നും ജോണി ആന്റണി പറയുന്നു.

Content Highlight:  johnny Antony talks about producer Jokuttan