മലയാളികള്‍ക്ക് സുപരിചിതനായ സംവിധായകനും നടനുമാണ് ജോണി ആന്റണി. സി.ഐ.ഡി മൂസ, തുറുപ്പുഗുലാന്‍ തുടങ്ങി നിരവധി ജനപ്രിയ ചിത്രങ്ങളെല്ലാം സംവിധാനം ചെയ്തത് അദ്ദേഹമായിരുന്നു.
നിര്‍മാതാവ് ജോക്കുട്ടനുമായി നല്ല സൗഹൃദമുള്ള ആളായിരുന്നു ജോണി ആന്റണി. അദ്ദേഹത്തിന്റെ സിനിമകളില്‍ അസ്സിസ്റ്റന്റായി ജോണി ആന്റണി പ്രവര്‍ത്തിച്ചിട്ടുണ്ട്. നീണ്ട ഇടവേളക്ക് ശേഷം ജോക്കുട്ടന്‍ നിര്‍മിച്ച സിനിമയായിരുന്നു മോഹന്‍ലാല്‍ നായകനായെത്തിയ വര്‍ണപ്പകിട്ട്. ഇപ്പോള്‍ ജോക്കുട്ടനെ കുറിച്ചും താന്‍ അദ്ദേഹത്തിന്റെ സിനിമകളില്‍ ഭാഗമായതിനെ കുറിച്ചും സംസാരിക്കുകയാണ് ജോണി ആന്റണി.
‘ചെയ്ത സിനിമ പരാജയപ്പെട്ട് നില്‍ക്കക്കള്ളിയില്ലാതെ വന്നപ്പോള്‍ ജോക്കുട്ടന്‍ സിംഗപ്പൂരിലേക്ക് പുറപ്പെടുകയായിരുന്നു. അവിടെ ചെന്ന് ബിസിനസ് ചെയ്ത് കാശു സമ്പാദിച്ച് പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹം നാട്ടിലേക്ക് മടങ്ങി യെത്തുന്നത്.
1997ല്‍ സിംഗപ്പൂരിന്റെ പശ്ചാത്തലത്തില്‍ മോഹന്‍ലാല്‍-മീന ജോഡികളെ കേന്ദ്ര കഥാപാത്രമാക്കി ഐ.വി. ശശി സംവിധാനം ചെയ്ത ചിത്രമാണ് ‘വര്‍ണ്ണപ്പകിട്ട്’. ജോക്കുട്ടനാണ് ഈ സിനിമ നിര്‍മിച്ചത്. കഥയും അദ്ദേഹത്തിന്റേത് തന്നെയായിരുന്നു. സിനിമ അന്ന് ജനശ്രദ്ധ നേടിയതിനൊപ്പം സാമ്പത്തികമായും വിജയിച്ചു. എന്നാല്‍ ആ സിനിമക്കൊപ്പം ചേരാന്‍ എനിക്ക് ഭാഗ്യമുണ്ടായില്ല,’ ജോണി ആന്റണി പറയുന്നു.
1992ല്‍ ജോക്കുട്ടന്റെ കഥയില്‍ തുളസീദാസ് സംവിധാനം ചെയ്ത കണ്‍ഗ്രാജുലേഷന്‍സ് മിസ്സ് അനിതാ മേനോന്‍‘എന്ന സിനിമക്ക് പിന്നില്‍ പ്രവര്‍ത്തിക്കാന്‍ തനിക്ക് അവസരം ലഭിച്ചിരുന്നുവെന്നും ജോണി ആന്റണി കൂട്ടിച്ചേര്‍ത്തു.
‘ജോക്കുട്ടന്‍ എന്നോട് പറയുമായിരുന്നു, നീ എന്നെ പോലെയാകാതെ സിനിമയില്‍തന്നെ പിടിച്ചുനില്‍ക്കണം. നല്ല സാമ്പത്തിക ലാഭമുള്ള സിനിമകള്‍ ചെയ്യണം എന്നെല്ലാം,’ ജോണി ആന്റണി പറഞ്ഞു.
മലയാളത്തില്‍ എണ്ണം പറഞ്ഞ നല്ല സിനിമകള്‍ ചെയ്ത് സംവിധായകന്‍ തുളസീദാസുമായി അന്ന് ജോക്കുട്ടന് പരിചയമുണ്ടായിരുന്നുവെന്നും ആ പരിചയത്തിന് പുറത്താണ് തിരക്കഥാകൃത്ത് എസ്. എന്‍. സ്വാമിയുടെ തിരക്കഥയിലും സംഭാഷണത്തിലും തുളസീദാസ് സംവിധാനംചെയ്ത ‘ചാഞ്ചാട്ടം‘ സിനിമയില്‍ അസി. ഡയറക്ടറായി അവര്‍ക്കൊപ്പം പിന്നീട് താന്‍ ചേര്‍ന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlight: Johnny Antony talks about Jokuttan and how he was a part of his films